നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദിൽ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം കുറിപ്പിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത. നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു.
ലണ്ടനിലെ റെസ്റ്റോറന്റിൽ ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. നടി സാമന്തയെയായിരുന്നു നാഗചൈതന്യ ആദ്യം വിവാഹം ചെയ്തത്. 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്.

