National (Page 20)

സിനിമാ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇവർ മാതൃകാ ദമ്പതികൾ തന്നെയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അടുത്തിടെയാണ് ചെന്നൈയിലെ സൂര്യയുടെ കുടുംബവീട്ടിൽ നിന്നും സൂര്യയും ജ്യോതികയും മക്കളും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയിലെ ഇവരുടെ വീടിന് 70 കോടി രൂപ വില വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഭാര്യക്ക് പല കാര്യങ്ങളിലും മുൻഗണന നൽകുന്ന ഭർത്താവാണെന്ന് സൂര്യ പലപ്പോഴും തന്റെ പ്രവർത്തികളിലൂടെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ജ്യോതിക സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു പോസ്റ്റ് ഇക്കാര്യം ഒന്നുകൂടി അടിവരയിടുകയാണ്. വിവാഹം എന്നാൽ യഥാർത്ഥ കൂട്ടുകെട്ടാണ് എന്നാരംഭിക്കുന്ന ക്യാപ്ഷനോട് കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. വീടിനു മുന്നിലെ നെയിംപ്ലേറ്റ് ആണ് ജ്യോതിക ഷെയർ ചെയ്തിരിക്കുന്നത്.

താരദമ്പതികളുടെ വീടിനു മുന്നിലുള്ള നെയിംപ്ലേറ്റിൽ ജ്യോതിക, സൂര്യ എന്നാണ് കൊത്തിയിരിക്കുന്നത്. ഭാര്യക്ക് പ്രഥമസ്ഥാനം ലഭിക്കുന്ന കുടുംബമാണ് ഇവരുടേത് എന്നതിന് ഇതിലും മികച്ച തെളിവ് ആവശ്യമില്ലെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് നിർദ്ദേശം നൽകി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ദേശീയ ബാലാവകാശ കമ്മീഷൻ കത്തയച്ചു.

ബാലാവകാശ കമ്മീഷൻ മദ്രസകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ബാലാവകാശ കമ്മീഷൻ വിലയിരുത്തുന്നത്.

മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നത്. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നു. മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ പറയുന്നു. മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊൽക്കത്ത: വെറുപ്പിന്റെ പേരിലോ അവജ്ഞയുടെ പേരിലോ ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകീർത്തിപ്പെടുത്തുമ്പോഴും രാജ്യത്തെ ആക്രമിക്കാൻ ശ്രമിക്കുമ്പോഴും മാത്രമേ പ്രത്യാക്രമണം നടത്തൂവെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സുക്‌ന സൈനിക സ്റ്റേഷനിൽ ആയുധപൂജയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭാരതത്തിന്റെ സുരക്ഷയാണ് പരമപ്രധാനം. തങ്ങളുടെ താത്പര്യങ്ങൾക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ വലിയ പ്രതിരോധമുണ്ടാകും. നമുക്ക് ലഭിച്ചതൊക്കെയും പാരമ്പര്യമായി ലഭിച്ചതാണ്. ഈ പൈതൃകം തുടർന്നും സംരക്ഷിക്കും. താത്പര്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കവിധത്തിൽ എന്തെങ്കിലുമുണ്ടായാൽ വലിയ ചുവടുവയ്പ്പാകും ഉണ്ടാവുക. ആവശ്യമെങ്കിൽ ആയുധങ്ങളും ഉപകരണങ്ങളും പൂർണ ശക്തിയോടെ ഉപയോഗിക്കാമെന്ന് ആയുധപൂജ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. ചെങ്കോട്ടയിലെ മാധവ് ദാസ് പാർക്കിൽ നടത്തിയ ആഘോഷങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

നവരാത്രി ആഘോഷങ്ങളുമായി ഭാഗമായി രാമൻ, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയവരെ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും തിലകം ചാർത്തി. തുടർന്ന് ഇരുനേതാക്കളുടെയും സാന്നിധ്യത്തിൽ തിന്മയുടെ ആൾരൂപങ്ങളായ രാവണന്റെയും മേഘനാഥന്റെയും കുംഭകർണ്ണന്റെയും കോലങ്ങൾ കത്തിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും രാഷ്ട്രപതിയും പ്രധാനമന്ത്രി നവരാത്രിദിന ആശംസകൾ നേർന്നിരുന്നു.

സത്യത്തിലും ധാർമികതയിലുമുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ഈ ഉത്സവമെന്ന് രാഷ്ട്രപതി പറഞ്ഞു. തിന്മക്കെതിരെ നന്മ വിജയിച്ച ദിവസം കൂടിയാണിത്. ഈ മഹത്ദിനത്തിൽ ഏത് പ്രയാസകരമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോഴും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞ ചെയ്യണം. എല്ലാവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ സന്തോഷകരമായ ജീവിതം ആശംസിക്കുന്നുവെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നാസിക്ക്: പരിശീലനത്തിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

പരിശീലനത്തിനിടെ ഷെല്ലുകൾ പൊട്ടിത്തെറിച്ച് ചില്ലുകൾ ശരീരത്തിൽ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഹൈദരാബാദ് സ്വദേശികളായ അഗ്നിവീറുകൾ പരിശീലനത്തിന് വേണ്ടിയാണ് നാസിക്കിലെ ദിയോലാളിയിലുള്ള ആർട്ടിലെറി സ്‌കൂളിലെത്തിയത്. സംഭവത്തിൽ ഹവിൽദാർ അജിത് കുമാറിന്റെ പരാതിപ്രകാരം അപകടത്തിന്റെ കാരണം കണ്ടെത്താൻ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റ ചുമതലയേൽക്കും. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടർച്ച സംബന്ധിച്ച് ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.

നിലവിൽ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. സർ ദോരാബ്ജി ട്രസ്റ്റിനും രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിനുള്ളത്. വളരെ നല്ലവനും വിവേകിയുമായ മനുഷ്യൻ എന്നാണ് നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ മുൻ ബോർഡ് അംഗം ആർ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.

നോയൽ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമാണ് ദേശീയ പുരസ്‌കാരം എന്ന് നടി നിത്യ മേനോൻ. ജീവിതത്തിലെ സുപ്രധാന നിമിഷമാണിതെന്ന് താരം പ്രതികരിച്ചു. വളരെയധികം അത്ഭുതകരമായി തോന്നുന്നു. കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ ഉണ്ട്. ഇതുവരെ ചെയ്ത സിനിമകൾക്ക് എല്ലാമുള്ള അംഗീകാരം ആയിട്ടാണ് ഈ പുരസ്‌കാരത്തെ കാണുന്നത്. അതുകൊണ്ട് സന്തോഷം മാത്രമാണുള്ളതെന്നും താരം വ്യക്തമാക്കി. ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം.

തനിക്ക് ലഭിച്ച ഈ പുരസ്‌കാരം തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ടീം അംഗങ്ങൾക്കും സഹതാരങ്ങൾക്കും സമർപ്പിക്കുന്നതായും നിത്യ മേനോൻ കൂട്ടിച്ചേർത്തു.

തിരുച്ചിത്രമ്പലം എന്ന സിനിമയ്ക്കാണ് നിത്യ മേനോന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ശോഭന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ധനുഷാണ് ചിത്രത്തിൽ നായകനായി എത്തിയത്. പ്രകാശ് രാജ്, ഭാരതീ രാജാ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. മിത്രൻ ആർ ജവഹർ സംവിധാനം നിർവഹിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി.

പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യമൊക്കെ ഇവരുടെ വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരുടെയും ആത്മാർത്ഥ പ്രണയം ഇവരെ ജീവിതത്തിൽ ഒന്നിപ്പിച്ചു.

തുജേ മേരി കസം എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.

9 വർഷത്തോളം രഹസ്യമായി ഇവർ പ്രണയം സൂക്ഷിച്ചു. കത്തുകളിലൂടെ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു. സോഷ്യൽമീഡിയയും വാട്ട്‌സ് ആപ്പുമൊന്നും അന്ന് സജീവമായിരുന്നില്ല. ഒരു മാസത്തിന് ശേഷമുള്ള കണ്ടുമുട്ടലുകളിൽ 30 കത്തുകൾ ഇരുവരും പരസ്പരം കൈമാറി. ആ കത്തുകൾ വായിച്ചത് തങ്ങളുടെ പ്രണയത്തിലെ മനോഹര നിമിഷമായിരുന്നുവെന്ന് പിന്നീട് റിതേഷ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

2012 ഫെബ്രുവരി 3 നാണ് റിതേഷും ജെനീലിയയും വിവാഹിതരായത്. മുംബൈ വർളിയിലെ ആഢംബര ബംഗ്ലാവിലാണ് ഇവർ താമസിക്കുന്നത്. രണ്ട് മക്കളും ഇവർക്കൊപ്പമുണ്ട്.

നടി സാമന്തയെ പ്രകീർത്തിച്ച് ആലിയ ഭട്ട്. ഒന്നിച്ച് ഒരു സ്‌ക്രീനിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിർമലവുമായ ബന്ധത്തെക്കുറിച്ച് ആലിയ സംസാരിച്ചു.

‘സാം…പ്രിയ സാമന്താ… ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ശരിക്കും നിങ്ങളാണ് ഹീറോ. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങൾ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധം കൊണ്ട് നിങ്ങൾ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാത്യകയാണെന്ന് ആലിയ ഭട്ട് പറയുന്നു.

തന്റെ പുതിയ സിനിമ ജിഗ്‌റയുടെ പ്രീ റിലീസിങ് ഇവന്റിലാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രകീർത്തിച്ച് ആലിയ ഭട്ട് സംസാരിച്ചത്. പ്രീറിലീസിങ് ഇവന്റിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് മെസേജ് അയച്ചപ്പോൾ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാമനോഭാവത്തെ ആലിയ പ്രശംസിക്കുകയും ചെയ്തു.

പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ആലിയയുടെ ഈ വാക്കുകൾ കേട്ട് കണ്ണുകൾ ഈറനണിയുന്ന സാമന്തയെ വീഡിയോയിൽ കാണാം.

ന്യൂഡൽഹി: പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുകേഷ് അംബാനി. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ നഷ്ടമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യക്കും ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിനും വളരെ ദു:ഖകരമായ ദിനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിന്ന്. പ്രിയപ്പെട്ട സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും തന്നെ വളരയെധികം പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എളിമയും മാനുഷിക മൂല്യങ്ങളും വളരെ മഹത്തരമായിരുന്നു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള ഒരു വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു, അദ്ദേഹം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചു. രത്തൻ ടാറ്റയുടെ വിയോഗത്തോടെ, ഇന്ത്യക്ക് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ ഒരു മകനെയാണ് നഷ്ടമായത്ര്. ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്കും കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവൽക്കരിക്കുകയും 1991 ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ടാറ്റയെ ഒരു അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്തു. രത്തൻ ചുമതലയേറ്റ ശേഷം 70 മടങ്ങ് വളർച്ചയാണ് ടാറ്റയ്ക്കുണ്ടായത്. റിലയൻസിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവൻ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തൻ, അങ്ങ് എന്നും തന്റെ ഹൃദയത്തിൽ നിലനിൽക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.