നടി സാമന്തയെ പ്രകീർത്തിച്ച് ആലിയ ഭട്ട്. ഒന്നിച്ച് ഒരു സ്ക്രീനിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിർമലവുമായ ബന്ധത്തെക്കുറിച്ച് ആലിയ സംസാരിച്ചു.
‘സാം…പ്രിയ സാമന്താ… ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ശരിക്കും നിങ്ങളാണ് ഹീറോ. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങൾ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധം കൊണ്ട് നിങ്ങൾ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാത്യകയാണെന്ന് ആലിയ ഭട്ട് പറയുന്നു.
തന്റെ പുതിയ സിനിമ ജിഗ്റയുടെ പ്രീ റിലീസിങ് ഇവന്റിലാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ പ്രകീർത്തിച്ച് ആലിയ ഭട്ട് സംസാരിച്ചത്. പ്രീറിലീസിങ് ഇവന്റിൽ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് മെസേജ് അയച്ചപ്പോൾ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാമനോഭാവത്തെ ആലിയ പ്രശംസിക്കുകയും ചെയ്തു.
പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ആലിയയുടെ ഈ വാക്കുകൾ കേട്ട് കണ്ണുകൾ ഈറനണിയുന്ന സാമന്തയെ വീഡിയോയിൽ കാണാം.

