Kerala (Page 30)

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക്. ശബരിമലയിലെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജയ്ക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം.

ഡിസംബർ 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചിട്ടുണ്ട്. ഇന്നലെയാണ് സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് എംടിയുടെ ആരോഗ്യസ്ഥിതി മോശമായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത് വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എംടിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു.

തിരുവനന്തപുരം: ലോറി മറിഞ്ഞു നാല് സ്‌കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡർ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ തിരുവനതപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോൽഡർ പണി പൂർത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതിൽ പണിയുകയും ഒപ്പം റോഡിൽ നിന്ന് മാറി നടന്നുപോകാൻ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ജംഗ്ഷനിൽ ഉള്ള ബസ് ബേ അവിടുന്ന് മാറ്റും. ജംഗ്ഷനിൽ വെള്ളം കെട്ടാതിരിക്കാനുള്ള സംവിധാനം ഉടൻതന്നെ ഹൈവേ അതോരിറ്റി ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അടിയന്തിരമായി ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ചെയ്യണ്ട ജോലികളുടെ ഡിസൈൻ പിഡബ്ല്യുഡി നാഷണൽ ഹൈവേ വിഭാഗം ചീഫ് എഞ്ചിനീയർ ഹൈവേ അതോറിറ്റി ഡയറക്ടർക്ക് കൈമാറും. ഒരു കോടി രൂപയ്യ്ക്ക് മുകളിൽ ആണ് എസ്റ്റിമേറ്റ്.

മറ്റൊരു ബ്ലാക്ക്സ്പോട്ട് ആയ മുണ്ടൂർ ജംഗ്ഷനിലും ഫ്ലാഷ് ലൈറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊച്ചി: നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിയ്ക്ക് സ്റ്റേ. എറണാകുളം സബ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. കേസിൽ അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ അംഗമായി തുടരാം.

കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിർമാതാക്കളുടെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ ഇപ്പോഴും സംഘടനയിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. സംഘടനയിലെ ചില അംഗങ്ങൾക്ക് മാത്രമാണ് തന്നോട് എതിർപ്പെന്നും നിർമാതാവ് ജി സുരേഷ് കുമാർ കിങ് ജോങ് ഉന്നിനെ പോലെയാണ് സംഘടനയിൽ പെരുമാറുന്നതെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്നാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കുന്നത്. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.

കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 18ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. പുതിയ ഒ.പി. കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളിൽ ഓൺലൈനായും പങ്കെടുക്കും. ജി. സ്റ്റീഫൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും.

22 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ വിവിധ നിർമ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും 2 ഇടങ്ങളിൽ പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് നിർവഹിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള 3 ആശുപത്രികൾ, 9 ഡിസ്‌പെൻസറികൾ, ഹോമിയോപ്പതി വകുപ്പിന്റെ ഒരു ആശുപത്രി, 8 ഡിസ്‌പെൻസറികൾ, ആയുർവേദ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ 1.4 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിർമ്മാണവും കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ 2.6 കോടി രൂപയുടെ പുതിയ ഇ.എൻ.ടി ബ്ലോക്കിന്റെ നിർമ്മാണവുമാണ് നടക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ സർക്കാർ ആയുർവേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്‌പോർട്‌സ് ആയുർവേദ ബ്ലോക്കും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പാങ്ങോട് സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയിലെ പുതിയ കെട്ടിടവുമാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്.

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയിൽ കേസെടുത്ത് പോലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യ നൽകിയ പരാതി. അതേസമയം, കുടുംബാംഗങ്ങളെ കൊല്ലുമെന്നുമുള്ള ഭീഷണിയുമുണ്ടായെന്ന് പി പി ദിവ്യ പരാതി നൽകിയിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിയാണ് പി പി ദിവ്യ.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി പി ദിവ്യ എഡിഎം നവീൻ ബാബുവിനെ യാത്രയയപ്പ് യോഗത്തിൽ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നൽകുകയും ഡിജിപിയെ നേരിൽ കാണുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. പൾസർ സുനിയുടേത് ബാലിശമായ വാദമെന്ന നിരീക്ഷണത്തോടെയാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സാക്ഷികളെ വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാൻ ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്നും കോടതി പറഞ്ഞു. ജയിലിലായതിനാൽ കേസിലെ സാക്ഷികളായ രണ്ട് ഫൊറൻസിക് വിദഗ്ധരെ വിസ്തരിക്കുന്നതിന് മുൻപെ അഭിഭാഷകന് താനുമായി ചർച്ച നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് വിസ്താരത്തെ ബാധിക്കാൻ സാധ്യത ഉള്ളതിനാൽ വീണ്ടും വിസ്താരം വേണമെന്നായിരുന്നു സുനിൽകുമാറിന്റെ വാദം.

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ പദ്ധതികൾ യാഥാർഥ്യമാക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനും ബഹുജന സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു.

മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. തദ്ദേശസ്വയംഭരണതലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ പിന്തുണയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ക്യാമ്പയിനിന് പ്രതിപക്ഷം പൂർണപിന്തുണ നൽകുമെന്നും പരിപാടിയുമായി സഹകരിക്കാൻ നിർദേശം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

അതിദാരിദ്ര്യ നിർമ്മാർജ്ജനം

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനായി 2021 ലാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആരംഭിച്ചത്. 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലെ ഇല്ലായ്മയുടെ, അഥവാ കുറവിന്റെ തോത് അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ നിർണയിച്ചത്. ഇവയെ ക്ലേശ ഘടകങ്ങളായി കാണുന്നു. അതുകൊണ്ടുതന്നെ ആവശ്യമായവർക്ക് ഭക്ഷണവും ആരോഗ്യ സേവനങ്ങളും താമസവും തൊഴിലും ഉറപ്പുവരുത്തുന്നതിലാണ് ഊന്നൽ നൽകുന്നത്. 2025 നവംബർ 1 ന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ആദ്യഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ 1 നാണ് പൂർത്തിയായത്. ആദ്യ ഘട്ടത്തിൽ തന്നെ 47.89 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ 2024 നവംബർ 1 ന് മുമ്പ് 90 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഇതുവരെ 40,180 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചത്. അതായത് 63.82 ശതമാനം മാത്രമേ പുരോഗതി ഉണ്ടായിട്ടുള്ളൂ. 2024 നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം ഇനി 15,847 കുടുംബങ്ങൾക്കാണ് മൈക്രോപ്ലാൻ പ്രകാരമുള്ള സഹായം ലഭ്യമാക്കേണ്ടത്.

അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവരുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. 2025 നവംബർ 1 ന് മുമ്പായി അതിദരിദ്രരില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയണം. അത്തരം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന ആശയങ്ങളും സഹകരണവുമാണ് നിങ്ങളെല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി മൈക്രോ പ്ലാനുകൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളാണ് മൈക്രോപ്ലാനുകളിലൂടെ വിഭാവനം ചെയ്തത്. കുടുംബ മൈക്രോപ്ലാനുകളുടെ വിവിധ ഘടകങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഏകോപിപ്പിച്ച് പദ്ധതികളിൽ ഉൾക്കൊള്ളിക്കലാണ് ലക്ഷ്യം. വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സംയോജിത ഇടപെടൽ സാധ്യമാക്കുന്ന സമഗ്ര സമീപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും അതിദരിദ്രരെ പിന്തുണയ്ക്കാൻ കെയർ ഫണ്ട് എന്ന ആശയം മാർഗരേഖയിൽ നിർദ്ദേശിച്ചിരുന്നു. സി എസ് ആർ ഫണ്ട്, പ്രവാസി സംഘടനകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സ്‌പോൺസർഷിപ്പും പ്രയോജനപ്പെടുത്തിയുള്ള വിഭവസമാഹരണമാണ് ലക്ഷ്യമിട്ടത്. ഈ ആശയം ഫലപ്രദമായി നടപ്പിലാക്കണം.

പുനരധിവാസത്തിനും മാനസികാരോഗ്യത്തിനും മറ്റും ആവശ്യമായ പൊതുപിന്തുണാ സംവിധാനങ്ങൾ അതത് വകുപ്പുകളും ഏജൻസികളുമായി ചേർന്നു നടപ്പിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ കാര്യമായി ഇടപെടണം. ബ്ലോക്ക്, ജില്ലാതല ഏകോപന അവലോകന സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.

അതിദാരിദ്ര്യ നിർണയത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക വാർഡ് – തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനകീയ സമിതികൾ രൂപീകരിച്ചിരുന്നു. ഈ സമിതികളെ സജീവമാക്കി മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തേണ്ടതുണ്ട്. ഈ യോഗങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം ഐ എസ് ഡേറ്റ എല്ലാ മാസവും പുതുക്കേണ്ടതുമുണ്ട്. പദ്ധതി കാര്യക്ഷമമായി മുന്നേറുന്നു എന്നുറപ്പുവരുത്തുന്നതിന് ഇത് ഏറെ സഹായകരമാകും.

ഓരോ അതിദരിദ്ര കുടുംബത്തെയും അവർക്ക് ബാധകമായ മുഴുവൻ ക്ലേശഘടകങ്ങളിൽ നിന്നും മൈക്രോപ്ലാനിന്റെ അടിസ്ഥാനത്തിൽ പുറത്തു കൊണ്ടുവരണം. ഉപജീവന പദ്ധതി ബാധകമായ കുടുംബങ്ങൾക്ക് സുസ്ഥിര വരുമാന മാർഗം ഉറപ്പാക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിൽ കണ്ടെത്തിയിട്ടുള്ള അതിദരിദ്രർ ദാരിദ്ര്യത്തിൽ നിന്നും മുക്തരായാൽ ആ തദ്ദേശ സ്വയംഭരണ സ്ഥാപനം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

പാലിയേറ്റീവ് കെയർ

ദീർഘകാല രോഗങ്ങൾ മൂലം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ് പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയും ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

രോഗികൾക്ക് ഗൃഹകേന്ദ്രീകൃത പരിചരണം ഉറപ്പാക്കാൻ ജനസംഖ്യാനുപാതികമായി ആരോഗ്യ വകുപ്പിന്റെ ഹോം കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സുമാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമിക്കുന്നത്. 1,142 പ്രൈമറി പാലിയേറ്റീവ് യൂണിറ്റുകൾ സർക്കാർ മേഖലയിലുണ്ട്. ഇവ വഴി 1,14,439 രോഗികൾക്ക് പരിചരണം നൽകിവരുന്നുണ്ട്.

മാനദണ്ഡങ്ങൾക്കനുസൃതമായി യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ നൽകാനുള്ള സംവിധാനമൊരുക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലാണ് രജിസ്‌ട്രേഷൻ നടത്തുക. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും തങ്ങളുടെ അധികാരപരിധിയിലെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിശദാംശങ്ങൾ സമാഹരിച്ച് രജിസ്‌ട്രേഷൻ നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള സംഘടനകളെ രജിസ്റ്റർ ചെയ്യിക്കണം.

ഗൃഹപരിചരണം ആവശ്യമായ എല്ലാവർക്കും ഗുണമേന്മയുള്ള ഗൃഹപരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ രോഗിക്കും പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി പരിശീലിപ്പിക്കണം എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ വളന്റിയർമാരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഉള്ളത്. കണ്ടെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് ശാസ്ത്രീയമായ പരിശീലനം അവർ ഉറപ്പാക്കും. പരിശീലന മൊഡ്യൂളും പരിശീലകരെയും ആരോഗ്യ വകുപ്പ് ലഭ്യമാക്കും.

രോഗീപരിചരണമാണ് പാലിയേറ്റീവ് കെയറിൽ കാര്യമായി ഉൾപ്പെട്ടിട്ടുള്ളത്. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഗുരുതര രോഗബാധിതരല്ലാത്തതും പരിചരണം ആവശ്യമുള്ളതുമായ വയോജനങ്ങളും ഭിന്നശേഷിക്കാരും ധാരാളമുണ്ട്. ഇവരെക്കൂടി ഉൾക്കൊള്ളിച്ച് ബി പി എൽ, എ പി എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പരിചരണം ഉറപ്പാക്കുംവിധം ഡൊമിസിലിയറി കെയർ പദ്ധതിയായി വിപുലീകരിച്ച് മികച്ച പരിചരണം ഉറപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിവിധ തലങ്ങളിലുള്ള പരിചരണം ആവശ്യമുള്ളവരുണ്ട്. ചിലർക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭിച്ചാൽ മതിയാകും. മറ്റു ചിലർക്ക് ദൈനംദിന ശ്രദ്ധ വേണ്ടതുണ്ടാവാം. ഇക്കാര്യങ്ങൾ പരിഗണിച്ച് വ്യക്തിഗത പരിചരണാസൂത്രണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ആസൂത്രണം ചെയ്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും പൂർണ സഹകരണം ഉണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

പാലിയേറ്റീവ് ആക്ഷൻ പ്ലാൻ പ്രകാരം ഹോം കെയർ യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാനും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ഗ്രിഡ് രൂപീകരിച്ച് ടെലിമെഡിസിൻ സംവിധാനത്തെ അതിന്റെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നു.

നിരാലംബരായ വയോജനങ്ങളെ പാർപ്പിച്ചിരിക്കുന്ന ഹോമുകൾ, സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽക്കൂടി പാലിയേറ്റീവ് കെയർ സേവനം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണം ആവശ്യമായ മുഴുവൻ ആളുകളെയും കുടുംബങ്ങളെയും കണ്ണി ചേർത്തുകൊണ്ട് എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ മികച്ച പരിചരണം ഉറപ്പാക്കാനായി ജനകീയ മുന്നേറ്റം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായ ക്യാമ്പയിൻ പ്രവർത്തനം 2025 ജനുവരി 1 ന് ആരംഭിക്കും.