Kerala (Page 17)

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഏതാനും ദിവസങ്ങളിലായി സനൽകുമാർ ശശിധരൻ നടിയെ ടാ​ഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നും യുഎസിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.സനല്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. 

2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ആ
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം നൽകിയത്.

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ രണ്ടു ഘട്ടങ്ങളിലായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്ന് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി വീണാ ജോർജ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി. വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ മുതൽ (ജനുവരി 27) നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തിൽ നിന്നും പിൻമാറണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സർക്കാരിന് അംഗീകരിക്കുവാൻ കഴിയില്ല. ജനങ്ങൾക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിക്കപ്പെട്ടത് അവർ ഗുണഭോക്താക്കൾക്ക് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരും. ഇവിടെ സർക്കാരിന്റെ വീഴ്ച്ചകൊണ്ടല്ല ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ മുടങ്ങുന്നത്.

എൻ.എഫ്.എസ്.എ നിയമ പ്രകാരം അർഹതപെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തിൽ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകാൻ പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നു. സർക്കാർ വാതിൽപടി വിതരണം പൂർത്തിയാക്കുകയും തുടർന്നും ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, റേഷൻ വ്യാപാരികൾ ധാന്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഗുണഭോക്താവിന് അവർ ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരുമെന്നും മന്ത്രി ഓർമ്മപ്പെടുത്തി.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യത്തിൽ ഏതു വിധത്തിലും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളെ മുതൽ പൊതുവിതരണ വകുപ്പിൽ മുഴുവൻ ഉദ്യോഗസ്ഥരും ഹാജരാകുവാനും ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് ആസ്ഥാനത്ത് കൺട്രോൾ റൂം തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൺട്രോൾ റൂം നമ്പർ : 9188527301.

ഈ മാസം 63.82 ശതമാനം കാർഡ് ഉടമകൾ ഇതിനോടകം റേഷൻ കൈപറ്റിയിട്ടുണ്ട്. മുൻഗണന വിഭാഗത്തിൽപെടുന്ന എ എ വൈ വിഭാഗത്തിലെ 86 ശതമാനം പേരും പി എച്ച് എച്ച് വിഭാഗത്തിൽപെടുന്ന 78 ശതമാനം പേരും ഈ മാസം റേഷൻ കൈപറ്റിയിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്ത് 330 റേഷൻ കടകൾ സഹകരണ സ്ഥാപനങ്ങളുടെ കീഴിൽ നടന്നു വരുന്നു. സംസ്ഥാനത്ത് 156 കടകൾ താൽകാലിക ലൈസൻസികളാണ് നടത്തി വരുന്നത്. ഒരു കട സപ്ലൈകോ ആണ് നടത്തുന്നത്. മേൽ പരാമർശിച്ച റേഷൻ കടകൾ, അതായത് 487 റേഷൻ കടകൾ നാളെ തുറന്നു പ്രവർത്തിക്കും.

കേന്ദ്ര സർക്കാർ എഫ്.സി.ഐ വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാർ മാത്രമാണ് റേഷൻ കട ലൈസൻസികൾ. പ്രസ്തുത ഭക്ഷ്യ ധാന്യങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്യാതെ കട അടച്ചിട്ട് സമരം ചെയ്യുന്ന സമീപനം ശെരിയാണോ എന്ന് റേഷൻ വ്യാപാരികൾ പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ  പ്രതിരോധിക്കേണ്ടത്  ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ത്യയെന്ന  ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.

നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും  കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മപ്പെടുത്തുന്നത്.

സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന  സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണമെന്നും ഏവർക്കും  റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി [56]അന്തരിച്ചു.
ഈ മാസം 16ന് ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന്ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. .സംവിധായകൻ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട കല്യാണരാമൻ, ‌പുലിവാൽ കല്യാണം,‌ ചോക്കലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ്, 2 കൺട്രീസ്, തുടങ്ങി അനേകം സിനിമകളും സംവിധാനം ചെയ്തു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും ചർച്ച നടത്തി. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ചർച്ചയുടെ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ നിന്നും പിന്മാറണമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു. യോഗത്തിൽ സംഘടനാ നേതാക്കളായി ജി. സ്റ്റീഫൻ എം എൽ എ, ജോണി നല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താല്‍ക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് (45) മരിച്ചത്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്.

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺസൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. അതോടൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർവേ ഡയറക്ടറേറ്റിൽ കേന്ദ്രീകൃത മോണിറ്ററിങ് കൺട്രോൾ സെന്ററുമുണ്ട്’. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങൾ കേരളത്തിന്റെ സർവേ മോണിറ്ററിങ് സംവിധാനങ്ങൾ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്. കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സർവ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐ ടി സൊലൂഷ്യനുകളും നല്കാൻ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റൽ സർവേ മേഖലയിലുമുള്ള കേരളത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന്  മന്ത്രി പറഞ്ഞു.

സർവേ ഡയറക്ടർ സീറാം സാംബശിവ റാവു അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതുച്ചേരി ജില്ലാ കളക്ടറും റവന്യു സ്പെഷ്യൽ സെക്രട്ടറിയുമായ എ കുലോത്തുങ്കൻ, പുതുച്ചേരി സർവേ ഡയറക്ടർ സി സെന്തിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

പുതുച്ചേരി സർവേ വകുപ്പിൽ നിന്നുള്ള 30 ഉദ്യോഗസ്ഥർക്ക് വേണ്ടി ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് സംഘടപ്പിച്ചിരിക്കുന്നത്. സമഗ്ര ഇന്റഗ്രേറ്റഡ് പോർട്ടലായ എന്റെ ഭൂമി പദ്ധതിയുടെ പ്രവർത്തനങ്ങൾ, സാങ്കേതിക വികസനങ്ങൾ, നടപ്പിലാക്കിയിട്ടുള്ള നവീന മാതൃകകൾ തുടങ്ങിയവ പരിശീലന പരിപാടിയിൽ വിശദീകരിക്കും.

വിപുലമായ ജലസ്രോതസ്സിനാൽ സമ്പന്നമായ സംസ്ഥാനമാണ് കേരളം, എന്നാൽ കാലക്രമത്തിൽ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്, ആയതിനാൽ കൃത്യതയോടെ ഉപയോഗിക്കുന്നതിനും, മലിനപ്പെടുത്താതെ കരുതലോടെ കൈകാര്യം ചെയ്യുന്നതിനും പൊതുജനങ്ങളിൽ അവബോധമുണ്ടാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ തലത്തിൽ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുമ്പോൾ ജലസേചന വകുപ്പിൽ നിന്നും ലഭിക്കുന്ന ഡാറ്റ കൂടി ഉപയോഗപ്രദമാകേണ്ടതുണ്ട്. അത്തരത്തിൽ സമഗ്രവും ആധികാരികവുമായ ഡാറ്റ നൽകുന്നതിനും ജലവിതരണവും ലഭ്യതയും ഉറപ്പു വരുത്തുന്നതിനും സെൻസസ് ഉപകാരപ്രദമാകണം. കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഏഴാമത് എം.ഐ സെൻസസ്, രണ്ടാമത് വാട്ടർ ബോഡി സെൻസസ് എന്നിവയുടെ സംസ്ഥാനതല പരിശീലന പരിപാടി തൈക്കാട് അതിഥി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ശിവദാസൻ എം അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ റിനി റാണി, എൻ. എസ്. ഒ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ദേവ്, ഇറിഗേഷൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ബീന തങ്കം, ഇറിഗേഷൻ സുപ്രണ്ടിംഗ് എഞ്ചിനീയർ സുനിൽ രാജ്, ആർ.എം. ഐ. എസ് സെൽ ജോയിന്റ് ഡയറക്ടർ ശാലിനി പി.കെ തുടങ്ങിയവർ സംസാരിച്ചു.

ന്യൂയോർക്ക്: ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.

അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് നിലവിലുള്ള രീതി അനുസരിച്ച് ജന്മാവകാശമായി പൗരത്വം ലഭിക്കും. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്. ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരുന്നത്.