Kerala (Page 18)

തിരുവനന്തപുരം : നിയമസഭയിൽ ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു . 2028 ൽ വിഴിഞ്ഞം യാഥാർത്ഥ്യമാകുമെന്നും . ഐടി മേഖലയിൽ വൻ നേട്ടമുണ്ടാകുമെന്നും ,നിലവിൽ സംസ്ഥാനത്ത് ഐ ടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . 

റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം തടസപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കം നടത്തുമ്പോൾ അതിനെ ഗൗരവമായി കാണാതിരിക്കാൻ കഴിയില്ലെന്നും റേഷൻ വ്യാപാരി ക്ഷേമനിധിയെ ശക്തിപ്പെടുത്തിയും റേഷൻ വ്യാപാര മേഖലയെ വൈവിദ്ധ്യവത്കരണത്തിലൂടെ കരുത്തു പകരാനുമുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ മാത്രമേ ഈ അനിശ്ചിതകാല സമരത്തിന് കഴിയൂ എന്നാണ് ഈ സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സമരത്തിനാധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ഡിമാന്റുകളിൽ  കേന്ദ്രസർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്.  ഭക്ഷ്യധാന്യങ്ങൾക്ക് പകരം പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നതാണ് അതിലൊന്ന്. റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ഈ  ഡിമാന്റ് സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. നിലവിലെ കമ്മീഷൻ പാക്കേജ് പരിഷ്‌കരിക്കുക, കമ്മീഷൻ അതാത് മാസം തന്നെ നൽകുക എന്നിവയാണ് മറ്റ് ഡിമാന്റുകൾ. ഈ ഡിമാന്റുകളെയും പൂർണ്ണമായി തള്ളിക്കളയുന്ന നിലപാടല്ല സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി അറിയിച്ചു. സർക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്ക്ക് പരിഗണിക്കാൻ കഴിയുന്ന ഡിമാന്റുകളാണിവ എന്ന് ജനുവരി 20ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഒരു മാസം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഏകദേശം 11,54,000 ക്വിന്റലാണ്. റേഷൻ വ്യാപാരികൾക്ക് ഒരു മാസം കമ്മീഷൻ നൽകുന്നതിന് 33.5 കോടി രൂപ സർക്കാർ ചെലവാക്കുന്നു. ഒരു ക്വന്റ്‌റൽ ഭക്ഷ്യധാന്യ വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നിലവിൽ ലഭിച്ചു വരുന്ന ശരാശരി കമ്മീഷൻ 300 രൂപയാണ്. ഇത് രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും ഉയർന്ന കമ്മീഷൻ നിരക്കാണ്.

വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ഒരു ക്വിന്റ്‌റലിന് കേവലം 107 രൂപ മാത്രമാണ്. ഇതിന്റെ 50 ശതമാനമായ 53.5 രൂപ മാത്രമാണ്  കേന്ദ്രം അനുവദിക്കുന്നത്. ബാക്കി തുകയായ ക്വിന്റലിന് ഏകദേശം 247 രൂപ നൽകുന്നത് സംസ്ഥാന സർക്കാരാണ്. റേഷൻ സാധനങ്ങളുടെ ഗതാഗത കൈകാര്യ ചെലവുമായി ബന്ധപ്പെട്ടും ചെലവാകുന്ന ആകെ തുകയുടെ 20% മാത്രമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നതെന്ന് മന്ത്രി പറഞ്ഞു.

 കോവിഡ് സമാശ്വാസ കിറ്റ് വിതരണം നടത്തിയ വകയിൽ റേഷൻ വ്യാപാരികൾക്ക് 39.46 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. 17.22 കോടി, 8.46 കോടി, 13.96 കോടി എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ്  തുക നൽകിയിട്ടുള്ളത്.

റേഷൻ വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്കു മുന്നിൽ പിൻതിരിഞ്ഞു നിൽക്കുന്ന സമീപനമല്ല സംസ്ഥാന സർക്കാർ  സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വളരെക്കാലമായി ഉന്നയിച്ച രണ്ടാവശ്യങ്ങളാണ് 2021-ലെ കെ.ടി.പി.ഡി.എസ് (കൺട്രോൾ) ഓർഡറും 1998ലെ കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്റ്റും കാലോചിതമായി പരിഷ്‌കരിക്കുക എന്നത്. ഈ രണ്ട് വിഷയങ്ങളിലും നിരന്തരമായ ചർച്ചയിലൂടെ പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ  (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ  നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൻ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. 126 സൈറൻ-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ്‌വെയർ, ഡാറ്റ സെന്റർ എന്നിവയടങ്ങുന്നതാണ് കവചം.

അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കും. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ 91 സൈറണുകൾ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും.

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ ദുരന്തനിവാരണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടർച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്കും രക്ഷാസേനകൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും.

എല്ലാ സ്ഥലങ്ങളിലും സൈറൺ വഴി മുന്നറിയിപ്പ് ലഭിക്കുബോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും.  സൈറണുകൾ വഴി തത്സമയം മുന്നറിയിപ്പുകൾ അനൗൺസ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സൈറൺ വഴി വരുന്ന മുന്നറിയിപ്പുകളെ കുറിച്ചും അത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ഇതെല്ലാം ആദ്യ ഘട്ട പ്രവർത്തനങ്ങളാണ്.

  കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങൾ, അവിടങ്ങളിലെ ജലാശയങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ ഫയർ സ്റ്റേഷനുകൾ മറ്റ് പൊതുകെട്ടിടങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങൾ കവചത്തിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണുള്ളത്. ഈ കൺട്രോൾ റൂമുകളെ പരസ്പരം വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നിൽ കണ്ടാൽ ദ്രുതഗതിയിൽ  ഇടപെടുകയും ചെയ്യലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മൊബൈൽ സന്ദേശങ്ങൾ മുഖേന കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിന് പുറമേ സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ തുടർച്ചയായാണ് കവചത്തെയും കാണേണ്ടത്. ഇതിന്റെ ഗുണഫലങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുതകും വിധം ഇതിനെപ്പറ്റി വ്യക്തമായ ബോധവൽക്കരണം നൽകാൻ ഇനിയും നടപടികൾ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കവചത്തിന്റെ ഭാഗമായി ഒരു സിറ്റിസൺ പോർട്ടലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കാൾ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അതുവഴി ഏതെങ്കിലും അപകട സാധ്യത മുന്നിൽ കാണുകയോ അപകടങ്ങളിൽ പെടുകയോ ചെയ്യുന്ന പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനും സഹായമാവശ്യപ്പെടാനുമാകും.

സഹായമഭ്യർത്ഥിക്കുന്ന ആളിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഞൊടിയിടയിൽ ആ പ്രദേശത്തെ രക്ഷാപ്രവർത്തകർക്ക് കൈമാറും, സ്വീകരിച്ച നടപടികൾ കണ്ട്രോൾ റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും കൺട്രോൾ റൂമുകൾ എമർജൻസി ഓപ്പറേഷൻ സെന്ററുകളുമായി കണ്ണിചേർത്തിട്ടുമുണ്ട്.

പഞ്ചായത്തുതല ദുരന്തനിവാരണ സമിതികളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും കഴിഞ്ഞ എട്ടരവർഷക്കാലത്തിനിടയിൽ നിരവധി ദുരന്തങ്ങളുടെ നടുവിലൂടെ കേരളത്തിന് പോകേണ്ടി വന്നപ്പോഴും ദുരന്തഘട്ടങ്ങളിലും ദുരന്തത്തിന് ശേഷമുള്ള ദുരന്തനിവാരണ പ്രക്രിയയിലും ലോകത്തിനു മാതൃകയായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കേരളത്തിൽ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. അവസാനത്തെ ദുരന്തഭൂമിയായിട്ടുള്ള ചൂരൽമലയിലും അവസാനത്തെ ദുരന്തബാധിതനെ കൂടി പുനരധിവസിപ്പിക്കാതെ നമ്മൾ ചുരമിറങ്ങില്ല എന്ന് അഭിമാനത്തോടെ കേരളം പ്രഖ്യാപിച്ച ഒരു പ്രത്യേകമായ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

നിരവധിയായ ദുരന്തങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. ആ ദുരന്തങ്ങളുടെയൊന്നും മുൻപിൽ പതറിപ്പോകാതെയും പകച്ചുനിൽക്കാതെയും കേരളത്തിന് അതൊക്കെ നേരിടാനായി എന്നത് മറ്റ് ഏത് പ്രദേശത്തേക്കാളും അഭിമാനത്തോട് കൂടി നമുക്ക് പറയാൻ കഴിയുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഇച്ഛാശക്തിയോട് കൂടി ആ ഘട്ടങ്ങളിലെല്ലാം നിലയുറപ്പിച്ച ഈ സർക്കാരിന്റെ ഉത്തരവാദിത്വമുള്ള മറ്റൊരു തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കവചം യാഥാർഥ്യമായിരിക്കുന്നതെന്നും ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾക്കനുസരിച്ചു പ്രവർത്തിക്കുക എന്നത് നമ്മളെല്ലാം സ്വീകരിക്കേണ്ടുന്ന ഏറ്റവും പ്രധാനപെട്ട നയമാകണമെന്നും മന്ത്രി പറഞ്ഞു.

2025 ജനുവരി 20 മുതൽ  സ്വർണ്ണത്തിന്റെയും വിലയേറിയ  രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71),  10 ലക്ഷമോ അതിന്  മുകളിലോ   മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ  പോർട്ടലിൽ ലഭ്യമാണ്.

        കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 – സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024  പ്രകാരം  ജനുവരി 1,  2025 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും,  മറ്റ് വിലയേറിയ രത്‌നങ്ങളുടെയും  രജിസ്‌ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു. നിലവിൽ ഈ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുള്ള മേൽ പ്രകാരമുള്ള  ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും (എക്‌സിബിഷൻ, ജോബ് വർക്ക്, ഹാൾമാർകിങ് തുടങ്ങിയവ), രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ  നിന്ന് വാങ്ങുന്ന  സന്ദർഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത  ചരക്ക് നീക്കം  നടത്തുന്നതെങ്കിൽ  2025 ജനുവരി 20 മുതൽ ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിന്റെ പാർട്ട് -എ ജനറേറ്റ് ചെയ്തിരിക്കേണ്ടതാണ്. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല.

മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ  ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ നേട്ടം. മുഖ്യമന്ത്രിയുടെ മേൽനോട്ടം തീർത്ഥാടന കാലത്തിന് കൂടുതൽ ഏകോപനം നൽകി.

800-ൽ പരം വാഹങ്ങളാണ് ഗതാഗത വകുപ്പ് മകര ദിവസ വിളക്ക് ദിവസം ക്രമീകരിച്ചത്. ശുചിത്വമിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും മാലിന്യ നിർമാർജനത്തിൻ സ്തുത്യർഹമായ സേവനം നൽകി. മുൻ വർഷങ്ങളിൽ പതിനെട്ടാം പടി കടന്ന് ഒരു മിനിട്ടിൽ 65 തീർഥാടകരാണ് എത്തിയതെങ്കിൽ  85 മുതൽ 90 പേർ വരെ കേറി എന്നത് പോലീസിന്റെ മികവാണ്. കാനന പാതയിലൂടെ ഭക്തർക്ക് സുഗമമായ യാത്ര ഒരുക്കാൻ വനം വകുപ്പ് ശ്രദ്ധിച്ചു. ഓരോ മണിക്കൂറിലും വിശുദ്ധി സേന ശുചിത്വം ഉറപ്പാക്കി. തീർഥാടന കാലത്ത് ആറ് ലക്ഷത്തിലധികം ഭക്തർ അധികമായെത്തിയിട്ടും പ്രതിദിനം ഒരു ലക്ഷത്തോളം  ഭക്തർ ദർശനം നടത്തിയിട്ടും പ്രതിസന്ധികളില്ലാതെ മണ്ഡല മകരവിളക്ക് കാലം പൂർത്തീകരിക്കാൻ സാധിച്ചതിൽ സംസ്ഥാന സർക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ശബരിമലയിൽ റോപ് വേ നിർമാണം പൂർത്തിയാക്കും. ശബരിമല മാസ്റ്റർ പ്ലാൻ മൂന്ന് ഘട്ടങ്ങളിലായി സർക്കാർ നടപ്പിലാക്കും. ഇതോടെ ശബരിമലയുടെ വികസനത്തിന് വേഗം കൂടുമെന്നും തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നാഷണൽ സാമ്പിൾ സർവേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജൂലൈ 2022 മുതൽ ജൂൺ 2023 വരെ നടത്തിയ ദേശീയ ആയുഷ് സാമ്പിൾ സർവേയിൽ കേരളത്തിന് മുൻതൂക്കം. ആയുർവേദം, ഹോമിയോപതി, യോഗ, പ്രകൃതി ചികിത്സ, സിദ്ധ, യുനാനി എന്നിവ ഉൾപ്പെടുന്ന ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്. ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളേയും നഗര പ്രദേശങ്ങളേയും ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു സർവേ. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും ഗർഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോഗം, ഗൃഹ ഔഷധങ്ങൾ, ഔഷധ സസ്യങ്ങൾ, ആയുഷ് പാരമ്പര്യ അറിവുകൾ എന്നിവയെപ്പറ്റിയും സർവേയിൽ വിശകലനം ചെയ്തു.

സംസ്ഥാന ആയുഷ് വകുപ്പ് ആയുഷ് മേഖലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ ആയുഷ് സാമ്പിൾ സർവേ ഫലം കാണിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുഷ് മേഖലയിലെ ബജറ്റ് വിഹിതത്തിൽ മുൻകാലങ്ങളെക്കാളും മൂന്നിരട്ടിയോളം വർധനവാണ് ഈ സർക്കാരിന്റെ കാലത്ത് വരുത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആയുർവേദ ഹോമിയോ സ്ഥാപനങ്ങൾ നിലവിൽ വന്നുകഴിഞ്ഞു. 700-ഓളം ആയുഷ് ഹെൽത്ത് & വെൽനെസ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയുഷ് സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തി. കോവിഡ് സമയത്ത് ജനങ്ങൾ രോഗ പ്രതിരോധത്തിന് ആയുഷ് ചികിത്സാ ശാഖകളെ ധാരാളമായി ആശ്രയിച്ചു. മികച്ച സൗകര്യങ്ങളാലും ഗുണമേന്മയുള്ള ചികിത്സയാലും ആയുഷ് മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് കൂടാതെ വിവിധ മാധ്യമങ്ങൾ വഴി ശക്തമായ അവബോധമാണ് ആയുഷ് മേഖലയിൽ നടത്തിവരുന്നത്. ഇതെല്ലാമാണ് ദേശീയ ശരാശരിയേക്കാളും ഉയർന്നതോതിൽ ആയുഷ് ചികിത്സാരീതികൾ, ഔഷധസസ്യങ്ങൾ, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ കേരളം മുന്നിലെത്താൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

ആയുഷ് ശാഖകളെ പറ്റിയുള്ള അവബോധത്തിലും ഉപയോഗത്തിലും ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളം. സർവേ പ്രകാരം ആയുഷ് ആരോഗ്യ ശാഖകളെ പറ്റിയുള്ള അവബോധം കേരളത്തിലെ നഗര മേഖലകളിൽ 99.3 ശതമാനവും ഗ്രാമീണ മേഖലകളിൽ 98.43 ശതമാനവും ആണ്. കേരളത്തിലെ ആയുഷ് മേഖലയെപ്പറ്റി സമഗ്രവും ആഴത്തിലുള്ളതുമായ വിവരങ്ങളാണ് ദേശീയ സാമ്പിൾ സർവ്വേ വഴി ലഭിച്ചിട്ടുള്ളത്. 98 ശതമാനം ആൾക്കാരിലും ആയുഷ് ശാഖകളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. നഗര, ഗ്രാമീണ മേഖലകളിൽ 52 ശതമാനം ആളുകൾ ചികിത്സ ആവശ്യങ്ങൾക്കായി ആയുഷ് ശാഖകളെ ആശ്രയിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള 38.64 ശതമാനം പേരും നഗര പ്രദേശങ്ങളിലുള്ള 31.98 ശതമാനം പേരും ആയുർവേദ ശാഖ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഔഷധ സസ്യങ്ങൾ ആരോഗ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി 99 ശതമാനം വീട്ടുകാർക്കും കൃത്യമായിട്ടുള്ള അവബോധമുണ്ട്.

ആയുഷ് ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ഓരോ വ്യക്തിയ്ക്കും ചെലവാക്കുന്ന തുക ഗ്രാമീണ മേഖലയിൽ ദേശീയ ശരാശരിയുടെ ഇരട്ടിയും നഗര മേഖലകളിൽ രണ്ടിരട്ടിയുമാണ്. പത്തിൽ എട്ട് വീടുകളിലും ആയുഷ് ചികിത്സ അല്ലെങ്കിൽ മരുന്ന് ഫലവത്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പത്തിൽ നാല് വീടുകളും ആയുഷ് ചികിത്സയുടെ മുൻകാല ഗുണഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ തുടരുന്നവരാണ്. ആയുഷ് മേഖലയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ സർവേ.

kerala governer

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ദേശീയ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും നടക്കും.

ജില്ലാതല ആഘോഷ പരിപാടികളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ബന്ധപ്പെട്ട മന്ത്രിമാർ ദേശീയ പതാക ഉയർത്തും. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്‌കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ എല്ലാ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശം നൽകി.  പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാക നിർമാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളിൽ ഗ്രീൻ പോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ നിർദേശം നൽകി.

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.  2022 ഒക്ടോബർ 14 ന് കാമുകൻ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു. ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം ഒക്ടോബർ 25 ന് സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള രൂപകൽപ്പന ചെയ്ത അസാപ് എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. എട്ടുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി തിരിച്ചറിയുവാനായി തയ്യാറാക്കിയ പോർട്ടലാണ് അസാപ് എ.സി.ഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാലുവേഷൻ). വിമൻസ് കോളേജ്‌ നടത്തുന്ന കോഗ്‌നിറ്റോപ്പിയ: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. അസാപ് കേരളയുടെ ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡിറക്ടറായ ഡോ. ഉഷ ടൈറ്റസിന്റെ സാനിധ്യത്തിൽ എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂളിന്റെയും, ദി സ്‌കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് ന്റെയും പ്രിൻസിപ്പൽമാർക്ക് എ.സി.ഇ  ടെസ്റ്റ് റിപ്പോർട്ട് കൈമാറിക്കൊണ്ടാണ് മന്ത്രി എ.സി.ഇ പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

തിരുവനന്തപുരം എംഎൽഎ അഡ്വ. ആന്റണി രാജു, വിമൻസ് കോളേജ് പ്രിൻസിപ്പലായ അനില.ജെ.എസ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ.കെ, അഡീഷണൽ കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.സുനിൽ.ജോൺ.ജെ, വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്. വി.എസ് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരു മരണവും നിരവധിപേർക്ക് പരുക്കും പറ്റി , കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് 49 പേരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി 10.20 ഓടെയായിരുന്നു അപകടം. നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു , ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം അപകടത്തിന് പിന്നാലെ ഓടിപ്പോയ ഡ്രൈവര്‍ ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അരുണ്‍ദാസ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇയാൾക്ക് നിസ്സാരപരിക്കുണ്ട്. മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.