Kerala (Page 16)

കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കാണ് കുറ്റപത്രം സമർപ്പിച്ചത്. വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഇമെയിൽ തെളിവുകളും ഉൾപ്പെടെ മുകേഷിനെതിരെ ഡിജിറ്റൽ രേഖകളുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ, സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

താരസംഘടനയായ ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് വിവിധ ഇടങ്ങളിൽ നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വകുപ്പ് ചേർത്ത് മുകേഷിനെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. നടിയുടെ രഹസ്യമൊഴിയടക്കമുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്. എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥനയും നടത്തിയിരുന്നു. കേരളത്തിന് അർഹതപ്പെട്ട എയിംസിന് എത്രയും വേഗം അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആഗോള നിലവാരത്തിലുള്ള മികവുറ്റ വിദ്യാഭ്യാസം നാട്ടിൽ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 

സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ഭാഗമായുള്ള ഓവർസീസ് ഡെവലപ്മെൻ്റ് & എംപ്ലോയ്മെൻ്റ് പ്രൊമോഷൻ കൺസൽട്ടൻ്റ്സ് ലിമിറ്റഡ് (ഒഡെപെക്) വിദേശ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശപഠനം ഭാരമാകരുത്. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാത്തത് മൂലം നിലവാരമില്ലാത്ത സ്ഥാപനങ്ങളിലും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലും വിദ്യാർത്ഥികൾ എത്തിച്ചേരുന്നു എന്നത് ഖേദകരമാണ്. വിദ്യാർഥികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കണം. ഈ രംഗത്ത് നിരവധി വ്യാജ ഏജൻസികളും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയുള്ള സ്വകാര്യ ഏജൻസികളുമുണ്ട്. വിദേശ പഠനം ആഗ്രഹിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് ചുരുങ്ങിയ നിരക്കിൽ അത് സാധ്യമാക്കാൻ പരിശ്രമിക്കുന്ന ഒഡെപെക്കിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നം മന്ത്രി അഭിപ്രായപ്പെട്ടു. 

വിജ്ഞാന സമ്പദ് വ്യവസ്ഥ സാധ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം. അക്കാദമിക രംഗത്തെ പുരോഗമനം സാമൂഹിക മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുന്നതിനാണ് നമ്മുടെ കൂട്ടായ ശ്രമം. രാജ്യത്ത് തന്നെ പൊതുരംഗത്ത് ഏറ്റവുമധികം  നിയമനവും തസ്തിക നിർണ്ണയവും നടത്തിയതടക്കമുള്ള നേട്ടങ്ങൾ കേരളത്തിന്‌ കുറഞ്ഞ സമയം കൊണ്ട് കൈവരിക്കാനായിട്ടുണ്ട്. വിദേശത്ത് നിന്നുൾപ്പെടെ വിദ്യാർത്ഥികളെ ആകർഷിക്കാവുന്ന ആധുനിക കോഴ്സുകൾ പഠിക്കുന്നതിനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്. 

മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാറിൻ്റെ പ്രഥമ പരിഗണനാ വിഷയമാണ്. വ്യവസായ പാർക്കുകൾ ഉൾപ്പെടെയുള്ള ഉദ്യമങ്ങൾ ഇന്നത്തെ ക്യാമ്പസുകളുടെ പ്രധാന ആകർഷണങ്ങളാണ്.  കൂടുതൽ സുശക്തമായ തൊഴിൽ അവസരവും സാഹചര്യവും ഉറപ്പ് വരുത്താനാണ് സർക്കാർ യത്‌നിക്കുന്നതെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി. 

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ റംലത്ത് സംസാരിച്ചു. ഒഡെപെക് ചെയർമാൻ കെ പി  അനിൽകുമാർ സ്വാഗതവും മാനേജിങ് ഡയറക്ടർ അനൂപ് കെ എ നന്ദിയും പറഞ്ഞു. 

ആസ്ട്രേലിയ, അയർലൻഡ്, യുകെ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലെ മുപ്പതിലധികം സർവ്വകലാശാലകളിൽ നിന്നുള്ള വിദേശ പ്രതിനിധികൾ എക്സ്പോയ്ക്ക് നേതൃത്വം നൽകി. 

വിവിധ രാജ്യങ്ങളിലെ ഉപരിപഠനത്തെ കുറിച്ചും ഈ മേഖലയിലെ നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ചും അവസരങ്ങൾ സംബന്ധിച്ചും അവബോധം നൽകുകയാണ് പ്രധാനമായും പ്രദർശനം കൊണ്ട് ലക്ഷ്യമിടുന്നത്.  

വിദ്യാർത്ഥികളുമായുള്ള വ്യക്തിഗത അഭിമുഖങ്ങൾ, തത്സമയ വിശകലനം, യോഗ്യത പരിശോധന, സർവ്വകലാശാല പ്രവേശനം സംബന്ധിച്ച നടപടി ക്രമങ്ങൾ, ലഭ്യമായ സ്കോളർഷിപ്പുകൾ, ഫീസ് ഇളവുകൾ തുടങ്ങിയ മാർഗനിർദ്ദേശങ്ങളും പ്രദർശനത്തിൽ കൈമാറി.

budget

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർ‌മല സീതാരാമൻ പ്രഖ്യാപിച്ചു. ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ഹബ്ബാക്കി മാറ്റും ,അഞ്ച് IIT-കള്‍ക്ക് സഹായം. പട്ടികയില്‍ പാലക്കാട് IIT-യും. 2028-ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും. കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ പദ്ധതി. 8 കോടി കുഞ്ഞുങ്ങള്‍ക്ക് നേട്ടമാകും. തെരുവോര കച്ചവടക്കാര്‍ക്ക് പ്രത്യേക പദ്ധതി. ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം. കാന്‍സർ അടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ വില കുറയും. സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ ഒന്നരലക്ഷം കോടി വകയിരുത്തുന്ന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു.

വിലകുറയുന്നവ

  • കാൻസർ‌ ചികിത്സക്കുള്ള മരുന്നുകൾ
  • ഇലക്‌ട്രോണിക് വാഹനങ്ങൾ
  • ധാതുക്കൾ
  • ലെഡ്, സിങ്ക്
  • ലിഥിയം അയൺ ബാറ്ററി
  • ഇ വി ബാറ്ററികൾ
  • കാരിയർ ഗ്രേഡ് ഇന്‍റർനെറ്റ് സ്വിച്ച്
  • ഓപ്പൺ സെൽ
  • ലെതർ ഉത്പന്നങ്ങള്‍
  • സുറുമി (ഫ്രോസൻ‌ ഫിഷ് പേസ്റ്റ്)
  • കരകൗശല ഉത്പന്നങ്ങൾ
  • ഗ്രാനൈറ്റ്, മാർബിൾ
  • ഭക്ഷണപാനീയങ്ങളിലെ ഫ്ലേവറിങ് എസൻസ്
  • മൊബൈല്‍ ഫോണുകള്‍

ആദായ നികുതി പരിധി ഉയർത്തി.  12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം, പ്രതിവർഷം  12 ലക്ഷം വരെ ശമ്പളമുള്ളവർക്ക് ആദായ നികുതിയില്ല.ആദായ നികുതി ഘടന ലഘൂകരിക്കും. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം

സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പയ്ക്കായി ഒന്നര ലക്ഷം കോടി വകയിരുത്തും.പുതിയ പദ്ധതികൾക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക്. എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി അനുവദിക്കും .

കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങൾ തുടങ്ങാൻ നിക്ഷേപകർ തയ്യാറാകണമെന്ന് വ്യവസായ-നിയമ-കയർ മന്ത്രി പി രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാർ കോൺക്ലേവ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാർക്ക് അനുയോജ്യമായ വ്യവസായം വന്നാൽ കൂടുതൽ ശോഭനമായ തൊഴിൽ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ വളർച്ചയ്ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് മലബാറിലേതെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. സംരംഭക വർഷം പദ്ധതി പ്രകാരം ഏതാണ്ട് 2300 കോടി രൂപയുടെ നിക്ഷേപമാണ് മലബാർ മേഖലയിലുണ്ടായത്. ഇത് സമൂഹത്തിൽ നിന്ന് തന്നെ സ്വരുക്കൂട്ടിയ നിക്ഷേപമാണെന്നത് പ്രാധാന്യമർഹിക്കുന്നു. 50,000 ലധികം തൊഴിലവസരമാണ് ഇതു വഴി മലബാർ മേഖലയിൽ സാധ്യമായത്.

മലബാറിൽ ഏറെ സാധ്യത കൽപ്പിക്കുന്ന മട്ടന്നൂർ വ്യവസായ പാർക്കിൻറെ 500 ഏക്കറിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. അടുത്ത 500 ഏക്കറിൻറെ കൂടി ഉടൻ സാധ്യമാകും. പാലക്കാട് മാതൃകയിൽ മാളുകൾ, പാർപ്പിട സമുച്ചയങ്ങൾ, എന്നിവയടങ്ങുന്ന സ്മാർട്ട് വ്യവസായ പാർക്കാണ് മട്ടന്നൂരിൽ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കാസർകോട്ട് പ്ലാൻറേഷൻ കോർപറേഷന്റെ 100 ഏക്കർ ഭൂമിയിൽ വ്യവസായപാർക്ക് കൊണ്ടു വരും. കാഞ്ഞങ്ങാട് വ്യവസായപാർക്ക്, ചീമേനി ഐ ടി പാർക്ക് എന്നിവയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്ത് സ്വകാര്യ വ്യവസായപാർക്കിനായി 31 ലൈസൻസ് നൽകി. അതിൽ 11 എണ്ണം മലബാറിലെ നാല് ജില്ലകളിലാണ്. ഫെബ്രുവരിയ്ക്ക് മുമ്പ് സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായപാർക്കുകൾക്ക് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു. ശരാശരി 100 കോടി മൊത്ത വരുമാനമുള്ള ആയിരം കമ്പനികൾ വിഭാവനം ചെയ്യുന്ന മിഷൻ 1000 പദ്ധതിയിൽ മലബാർ മേഖലയ്ക്ക് കാര്യമായ സംഭാവന നൽകാനാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ അന്തരീക്ഷത്തിലുണ്ടായിരുന്ന നിഷേധാത്മക സമീപനം മാറ്റിയ വ്യവസായമന്ത്രി പി രാജീവിൻറെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അധ്യക്ഷനായ കെ വി സുമേഷ് എംഎൽഎ പറഞ്ഞു. മലബാറിലെ മത്സ്യബന്ധന സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻവസ്റ്റ് കേരള  ഉച്ചകോടിയെക്കുറിച്ചും സംസ്ഥാന വ്യവസായവകുപ്പിന്റെ പുതിയ ഉദ്യമങ്ങളെക്കുറിച്ചും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി. വിഴിഞ്ഞം വഴി ഷിപ്പിംഗ് ഇടപാടുകൾ നടത്തിയാൽ ഒരു യാത്രയിൽ 1.51 കോടി രൂപ ലാഭമാണെന്ന് ദുബായിലെ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ അറിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണമേഖലയ്ക്കാണ്  ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ് ലേർണിംഗ് ആൻഡ് ട്രെയിനിങ്,  കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം  സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരള  നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ, സെന്റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ് എന്നീ രണ്ടു കേന്ദ്രങ്ങൾ  സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്നത്.

മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ വർഗീസും വഴുതക്കാട് സർക്കാർ വിമൻസ് കോളേജ് പ്രിൻസിപ്പൽ  അനില ജെ എസ് ഉം കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷന്റെ ഉപകേന്ദ്രം സർക്കാർ വിമൻസ് കോളേജിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും കൈമാറി.

റിസർച്ച് സെന്ററുകളുടെ മികവും, റിസർച്ച് ഔട്ട്പ്പുട്ടിന്റെ സാമൂഹ്യ പ്രയോഗവുമാണ് ഏറ്റവും പ്രാധാന്യത്തോട് കൂടി കാണേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റേറ്റീവ് ആയിട്ടുള്ള പ്രകടനം വളരെ മികച്ചതാണ് എന്ന് തന്നെയാണ്, NAAC അക്രഡിറ്റേഷനുമായി ബന്ധപ്പെട്ടും എൻ.ഐ.ആർ.എഫുമായി ബന്ധപ്പെട്ടുമൊക്കെയുള്ള ഗ്രെയിടുകളും റാങ്കുകളും ഒക്കെ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പൊതു  സർവകലാശാലകളുടെ ലിസ്റ്റിൽ ഒൻപതും പത്തും പതിനൊന്നും സ്ഥാനങ്ങൾ കേരളത്തിലെ സർവകലാശാലകൾക്ക് ലഭിച്ചിരിക്കുന്നു. അതുപോലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നൽപ്പത്തിരണ്ട് സ്ഥാപനങ്ങൾ കേരളത്തിൽ നിന്നാണെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവ് ലക്ഷ്യമിട്ട് കൊണ്ട് സമഗ്രവും സമൂലവുമായ മാറ്റത്തിലേക്കു കുതിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത്.  ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധനവിന് മുഖ്യമായും ഗവേഷണോൻമുഖമായ പ്രവർത്തനങ്ങളുടെ സജീവമായ മുന്നോട്ട് പോക്ക് ഉറപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഇനി സജീവമായി കൊണ്ടുപോകേണ്ടത് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഏഴു മികവിന്റെ കേന്ദ്രങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു തുടങ്ങാൻ വേണ്ടി തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രയോഗക്ഷമമായ അറിവുകളെ ജനങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താൻ കഴിയുമാറ്, സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമാറ്, ജനോപകാരപ്രദമായ ഉൽപ്പന്നങ്ങളും സേവനങ്ങളും എല്ലാം വികസിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഉത്തരവാദിത്വം കൂടി പരിഗണിച്ചാണ് പുത്തൻ അറിവുകളുടെ സൃഷ്ടാക്കളായി മാറാൻ ഗവേഷകരെയും വിദ്യാർഥികളെയും  സജ്ജമാക്കുന്ന വിധമുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിട്ടുള്ളതെന്ന് മന്ത്രി കൂട്ടിചേർത്തു.

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങൾ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

ചൂട് കുരു, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു (Heat rash) കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.  രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.

2. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

3. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

4.  ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

5.  തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.

6.  കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.

7.  ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

8.  വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

9.  കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്

10.  ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

11.  വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.

12.  ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന്  സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മതപരവും ആചാരപരവും ആയുള്ള കാര്യങ്ങള്‍ എന്ന വ്യാജേന സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും സ്ത്രീകളെ മാനസീകവും, ശരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്യാനുള്ള വഴിയായി ചിലര്‍ കാണുന്നുണ്ട്. വീട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം വിവാഹം കഴിച്ച് വീട്ടിലേക്ക് വന്ന പെണ്‍കുട്ടിയാണെന്ന് ചിന്തിക്കുന്ന ഭര്‍ത്തൃ വീട്ടുകാരും സമൂഹത്തിലുണ്ട്.  വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ഇത്തരം ചതിയില്‍ പ്രതികരിക്കാതിരിക്കുന്നു. ഫോണിലൂടെ വിവാഹമോചനം നേടുന്ന പ്രവണത പോലും വർദ്ധിക്കുന്നു.
അതോടൊപ്പം നിലനില്‍ക്കുന്ന നിയമപരമായ പരിരക്ഷ എന്താണെന്നും വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും മനസ്സിലാക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വനിതാ കമ്മീഷന്‍   സാമൂഹ്യ ബോധവല്‍ക്കരണം നടത്തും.

ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ 32 പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രതാസമിതിക്കും ഒരു പരാതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്ക്കും കൈമാറി. 25 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. വനിതസെല്‍ എ.എസ്.ഐ എം. അനിത, സി.പി.ഒ കെ.സി ഷീമ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, അഡ്വ. എം. ഇന്ദിര, വനിതാ കമ്മീഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

റേഷൻ വ്യാപാരികളുടെ കമ്മീഷൻ പരിഷ്‌ക്കരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങും. അർഹമായ വർധനവ് വേഗത്തിൽ നടപ്പിലാക്കും. അഞ്ച് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചയിൽ വ്യാപാരികൾ തീരുമാനങ്ങൾ അംഗീകരിച്ചു. ഇന്ന് വൈകിട്ട് തന്നെ സാധ്യമായ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. നാളെ രാവിലെ മുതൽ എല്ലാ റേഷൻ കടകളും പ്രവർത്തിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പതിനെട്ടോളം നിർദ്ദേശങ്ങൾ അംഗീകരിച്ചു മുന്നോട്ടുപോകുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സാമ്പത്തികകാര്യങ്ങൾ ഉൾപ്പെടുന്ന വ്യാപാരികളുടെ ആവശ്യങ്ങൾ പ്രായോഗികതകൂടി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും. റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കുന്നതിന് പൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കുന്ന കെ സ്റ്റോറുകളായി മാറ്റുന്നത് ഉൾപ്പടെ വ്യാപാരികളെ സഹായിക്കുന്ന നിരവധി തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സിവിൽ സപ്ലൈസ് കമ്മീഷണർ മുകുന്ദ് ടാക്കൂർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, റേഷൻ കോർഡിനേഷൻ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, മുഹമ്മദലി, മോഹനൻപിള്ള, ജി. കൃഷ്ണപ്രസാദ്, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, കാടാമ്പുഴ മൂസ, ശശിധരൻ, കെ.ഇ.ആർ.എഫ് (എ.ഐ.റ്റി.യു.സി) വർക്കിംഗ് പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാർ, മീനാങ്കൽ സന്തോഷ് എന്നിവർ പങ്കെടുത്തു.