Kerala (Page 15)

കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കരകൗശല അവാർഡ് (2023) വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ‘കെ-ഷോപ്പി’ തുടങ്ങിയിട്ടുള്ളത്. ഹാൻഡിക്രാഫ്റ്റ്‌സ് കോർപറേഷന്റെ ഉൽപ്പന്നങ്ങളെല്ലാം കെ-ഷോപ്പിയിൽ ലഭ്യമാണ്. കൈത്തറി, കൊയർ, ഖാദി ഉൽപ്പന്നങ്ങളെല്ലാം തന്നെ കെ-ഷോപ്പിയിൽ ലഭ്യമാണ്.

കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ ഒരു സവിശേഷത എല്ലാവരെയും ഉൾകൊള്ളുന്ന വ്യവസായവൽക്കരണമാണെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത മേഖലയെ ആധുനികവൽക്കരിച്ചു ശക്തിപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നു. എം.എസ്.എം.ഇകൾക്ക് സവിശേഷമായ പ്രാധാന്യം കൊടുത്തു. നമുക്ക് ചുരുങ്ങിയ കാലം കൊണ്ട് മൂന്നരലക്ഷത്തോളം പുതിയ എം.എസ്.എം.ഇകൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു. എം.എസ്.എം.ഇകളുടെ ഉൽപ്പന്നങ്ങളുടെയും പാരമ്പരാഗത ഉൽപ്പന്നങ്ങളുടെയുമെല്ലാം വിപണനം ഇപ്പോൾ കെ സ്റ്റോർ വഴി സാധ്യമാണ്.  ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ ആധുനികവൽക്കരിച്ച് മത്സരാധിഷ്ഠിതമാക്കി ലാഭകരമാക്കാനുള്ള പ്രവർത്തനവും സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. സമ്മാനാർഹരായ എല്ലാവർക്കും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.

സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി കേരളത്തിലെ കരകൗശല മേഖലയിലെ വിദഗ്ദ്ധരിൽ മികവുള്ളവരെ കണ്ടെത്തി കേരള സംസ്ഥാന സർക്കാർ 2015 മുതൽ കരകൗശല അവാർഡ് നൽകി വരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകൾ, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നത്.

ദാരു ശിൽപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹ ശിൽപങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്കുന്നത്. ഉപയോഗപ്രദവും, സൗന്ദര്യാത്മകവും, കലാപരവും, ക്രിയാത്മകവും, പരമ്പരാഗതവും, സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ കരകൗശല ഉത്പന്നങ്ങളെ കണ്ടെത്തുന്നതിലൂടെ പ്രസ്തുത മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നതിനും കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും സാധിക്കുന്നു.

സംസ്ഥാനത്തെ മ്യൂസിയങ്ങൾ സാംസ്‌കാരിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സചേതനമായ കഥ പറയുന്ന മ്യൂസിയങ്ങളാക്കി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന മ്യൂസിയം മാനേജ്‌മെന്റ്‌ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകത്തിന്റെയും നാടിന്റെ സമ്പന്നമായ സാംസ്‌കാരത്തിന്റെയും അടയാളങ്ങളാണ് മ്യൂസിയങ്ങൾ. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും മഹിതമായ ചരിത്രവും വരും തലമുറയ്ക്ക് കൈമാറുകയെന്ന ദൗത്യമാണ് മ്യൂസിയങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. മ്യൂസിയങ്ങളുടെ പരിപാലനം പ്രധാനപ്പെട്ടതാണ്. സന്ദർശകർക്ക് മ്യൂസിയം ഉൾക്കൊള്ളുന്ന ചരിത്രകഥയും അനുഭൂതികളും പകർന്നു നൽകാനാകണം. കഴിഞ്ഞ 8 വർഷങ്ങളായി പ്രാദേശിക ചരിത്രമ്യൂസിയങ്ങൾ മുതൽ സംസ്ഥാന മ്യൂസിയം വരെ മ്യൂസിയങ്ങളുടെ വലിയ ശൃംഖല തന്നെ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരള സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം മ്യൂസിയം സംസ്ഥാനത്ത് മ്യൂസിയങ്ങൾ രൂപീകരിക്കുന്നതിലും അവയെ ജനാകർഷകവും സന്ദർശക സൗഹൃദവുമാക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആധുനിക മ്യൂസിയം സങ്കല്പങ്ങൾ പരിവർത്തനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കഥ പറയുന്ന മ്യൂസിയങ്ങൾ ഒരു ദേശത്തിന്റെ ജനതയുടെ വൈവിധ്യവും വൈശിഷ്ടങ്ങളുമായ ഭൂതകാല ചരിത്രത്തെ അനാവരണം ചെയ്യുന്ന ദൗത്യമാണ് നിർവഹിക്കുന്നത്. സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഗതിവേഗം അടയാളപ്പെടുത്തുവാനും അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ പ്രദർശിപ്പിക്കുക വഴി ചരിത്രവസ്തുതകളെ തിരിച്ചറിയുവാനും മ്യൂസിയങ്ങളിലൂടെ സാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. 

കേരളത്തിന് അഭിമാനിക്കാവുന്ന രീതിയിൽ 1880ൽ തിരുവനന്തപുരത്ത് സ്ഥാപിച്ച നേപ്പിയർ മ്യൂസിയത്തിൽ അമൂല്യമായ വസ്തുക്കൾ വിഭിന്നങ്ങളായ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും കാലക്രമത്തിനനുസൃതമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അതുപോലെ തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും ലോകപ്രശസ്തമായ രവിവർമ്മ ആർട്ട് ഗ്യാലറിയും നാച്വറൽ ഹിസ്റ്ററി മ്യൂസിയവും കണ്ണൂരിലെ കൈത്തറി മ്യൂസിയവും വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയവും ശ്രദ്ധേയമാണ്. കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി യുടെ സ്മൃതി മ്യൂസിയവും ചന്തപ്പുരയിൽ തെയ്യം മ്യൂസിയവും തയാറാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മഞ്ജുള ദേവി പി എസ്, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.

‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷംകൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാൻസർ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തിൽ തന്നെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാൽ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധപ്രവർത്തകർ, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കാൻസർ കേസുകൾ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാർബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാൻസറുകൾ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകൾക്കായി മാറ്റിവെച്ചത്.

ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഈ കാലയളവിൽ ഉറപ്പാക്കും.

നമ്മുടെ രാജ്യത്ത് കാൻസർ രോഗബാധിതരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ 14,96,972 പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്തനാർബുദം മൂലമുണ്ടാകുന്ന മരണങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലും കാൻസർ കേസുകളിൽ നേരിയ വർധനവാണ് അനുഭവപ്പെടുന്നത്. സ്ത്രീകൾക്കിടയിൽ സ്തനാർബുദത്തിനൊപ്പം ഒവേറിയൻ കാൻസറും തൈറോയിഡ് കാൻസറും വർധിച്ചുവരുന്നതായി വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നു.

സംസ്ഥാന സർക്കാരിന്റെ ‘ആർദ്രം ആരോഗ്യം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശൈലി ആപ്പ് വഴി നടത്തിയ ആദ്യഘട്ട സ്‌ക്രീനിംഗിൽ ഏകദേശം 9 ലക്ഷത്തോളം പേർക്കും, രണ്ടാംഘട്ട സ്‌ക്രീനിംഗിൽ 2 ലക്ഷത്തോളം പേർക്കും കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. എന്നാൽ, ഇവരിൽ ഒന്നാം ഘട്ടത്തിൽപ്പെട്ട 1.5 ലക്ഷംപേരും രണ്ടാംഘട്ടത്തിൽപ്പെട്ട 40,000 പേരും മാത്രമാണ് തുടർപരിശോധനയ്ക്ക് തയ്യാറായത്. ഇത് എത്ര ഗൗരവമായ സംഗതിയാണെന്ന് നാം കാണണം. രോഗസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷവും തുടർ പരിശോധനയ്ക്കും തുടർചികിത്സയ്ക്കും നേരെ മുഖം തിരിക്കുന്നത് നല്ല പ്രവണതയല്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്.

കാൻസർ ചികിത്സയ്ക്കും പ്രതിരോധത്തിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകിവരുന്നത്. ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്’ പദ്ധതി വഴി കേവലം 5 മാസങ്ങൾ കൊണ്ട് രണ്ടര കോടി രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്താകെ വിതരണം ചെയ്തത്. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 88 ശതമാനം വരെ വില കുറച്ചാണ് കാൻസർ മരുന്നുകൾ ഇവിടെ ലഭ്യമാക്കിവരുന്നത്. ആദ്യഘട്ടത്തിൽ 14 ജില്ലകളിൽ ഓരോ കൗണ്ടറുകളാണ് ഇതിനായി സ്ഥാപിച്ചത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

കാൻസർ ചികിത്സയ്ക്ക് നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ ആദ്യമായി ആർസിസിയിലും എംസിസിയിലും കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചു. റീജിയണൽ കാൻസർ സെന്ററുകൾക്കും മെഡിക്കൽ കോളേജുകൾക്കും പുറമേ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. ഗർഭാശയഗള കാൻസർ കണ്ടെത്തുന്നതിനുള്ള ‘സെർവി സ്‌കാൻ’ ആർസിസി വികസിപ്പിച്ചു. സെർവിക്കൽ കാൻസറിന് എതിരായുള്ള എച്ച്പിവി വാക്‌സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംവിധാനമൊരുക്കുകയാണ്. ഒരു ജില്ലാതല അല്ലെങ്കിൽ താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ് സ്മിയർ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കുകയാണ്. ആദ്യഘട്ടത്തിൽ 8 ആശുപത്രികളിൽ മാമോഗ്രാം സംവിധാനം നടപ്പിലാക്കി. ഇങ്ങനെ ഒട്ടനേകം സംവിധാനങ്ങൾ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ്. ഇതിന് പുറമെയാണ് രോഗപ്രതിരോധവും ബോധവത്ക്കരണവും ലക്ഷ്യമിട്ട് ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ എന്ന ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നത്.

ഈ ക്യാമ്പയിനിൽ നമ്മൾ സ്വയം ഭാഗമാകണം. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും വേണം. രോഗസാധ്യത കണ്ടെത്തിയാൽ അവരെ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടാൻ പ്രേരിപ്പിക്കണം. അവർ ഒരിക്കലും ഒറ്റപ്പെടുന്നില്ല, സർക്കാരും പൊതുസമൂഹവും അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അത്തരമൊരു ആത്മവിശ്വാസം പകരുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇതിനെതിരെ കോൺഗ്രസ് തെരുവിലിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ധന സെസ്, മോട്ടോർ വാഹന നികുതി എന്നിവയുടെ വലിയൊരു ഭാഗം കിഫ്ബിയിലേക്ക് മാറ്റിയ ശേഷമാണ് ജനങ്ങളെ വീണ്ടും സാമ്പത്തികമായി പിഴിയുന്ന തീരുമാനം സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. ടോൾ സംവിധാനം കേരളീയ പൊതുസമൂഹത്തിന് ആധികാരിക ബാധ്യതയാകും.

നിലവിലെ ധന പ്രതിസന്ധിക്ക് കാരണം കിഫ്ബി പദ്ധതികളിലെ ക്രമക്കേടുകളും ചട്ടവിരുദ്ധമായ വായ്പയുമാണെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാർ ടോൾ രഹിത റോഡുകൾ വാഗ്ദാനം ചെയ്തുവെങ്കിലും ഇപ്പോഴത്തെ നടപടി അതിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബി കരാറുകൾ ദുരൂഹമായി നടത്തി, ക്രമവിരുദ്ധമായി മസാല ബോണ്ടുകൾ വിറ്റതും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

4o

കേരളത്തിലെ റെയിൽവേ വികസനത്തിന് ₹3042 കോടി അനുവദിച്ചെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് യുപിഎ ഭരണകാലത്തേക്കാൾ എട്ട് ഇരട്ടിയോളം കൂടുതലാണെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രാജ്യത്തുടനീളം 200 വന്ദേഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റെയിൽവേ സുരക്ഷയ്ക്കായി ₹1.16 ലക്ഷം കോടി വകയിരുത്തിയതായി മന്ത്രി അറിയിച്ചു. ബജറ്റിൽ റെയിൽവേയ്ക്ക് മൊത്തം ₹2.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്.

പണിമുടക്കിനെ പ്രതിരോധിക്കാനായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. കോൺഗ്രസ് അനുഭാവികൾ ഉൾപ്പെട്ട ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ആണ് സമരം സംഘടിപ്പിക്കുന്നത്. 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പണിമുടക്കിനെ ശക്തമായി നേരിടാൻ സർക്കാർ മാനേജ്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. അതിനൊപ്പം, സമരദിവസം ഓഫീസർമാർ ജോലിയിൽ ഹാജരാകേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രഹ്‌മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാർച്ച് അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ  വകുപ്പ് മന്ത്രി എം.ബി രാജേഷ്. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കേന്ദ്രം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

റെക്കോർഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തിൽ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പ്രതിദിനം 150 ടൺ  മാലിന്യം  സംസ്‌കരിച്ച് 15 ടൺ ബയോഗ്യാസ്  ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇത്. പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ റിഫൈനറിയിൽ എത്തിച്ച് ഉപയോഗിക്കും.

കൊച്ചിയിലെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം  തിരുവനന്തപുരത്തും കോഴിക്കോടും  പുതിയ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ബി.പി.സി.എൽ തന്നെയാണ് നിർമ്മാണത്തിന് നേതൃത്വം നൽകുക. കൂടാതെ  കണ്ണൂർ, കൊല്ലം, ചങ്ങനാശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്.

ബ്രഹ്‌മപുരം അപകടത്തെ മാലിന്യമുക്ത നവകേരള സൃഷ്ടിക്കുള്ള  അവസരമായാണ്  സർക്കാർ കണ്ടത്.  2023 ലെ അപകട ശേഷം ബ്രഹ്‌മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റും എന്ന്  ഉറപ്പു നൽകിയിരുന്നു. അന്നതിനെ പരിഹസിച്ചവർ ഉണ്ട്. എന്നാൽ കൊച്ചിക്ക് സർക്കാർ നൽകിയ വാക്ക് പാലിക്കുകയാണ്.

ബ്രഹ്‌മപുരത്തെ മാലിന്യമലകൾ ഓരോന്നായി ഇല്ലാതാവുകയാണ്. ബ്രഹ്‌മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന മാലിന്യമാണ് ബയോ മൈനിംഗിലൂടെ നീക്കം ചെയ്യുന്നത്. ബയോമൈനിംഗ് 75 ശതമാനം പൂർത്തിയായി. ആകെ കണക്കാക്കിയ 8,43,000 ടൺ മാലിന്യത്തിൽ 6,08,325 ടൺ മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി. ഇങ്ങനെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കാനും കഴിഞ്ഞു. ആകെയുള്ള 39 ഏക്കർ സ്ഥലത്തിന്റെ 46 ശതമാനമാണിത്. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് സി.ബി.ജി പ്ലാന്റ് ഒരുങ്ങുന്നതും.

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ 706.55 കോടിയുടെ പദ്ധതിക്ക് കൊച്ചി കോർപറേഷൻ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ബയോമൈനിംഗിലൂടെ വീണ്ടെടുത്ത പ്രദേശത്താകും മാസ്റ്റർ പ്ലാൻ നടപ്പാക്കുക.

കൊച്ചിയിലെ ബ്രഹ്‌മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടിഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾക്ക് പുതിയ മുഖം നൽകാൻ സർക്കാരിന് കഴിഞ്ഞു. കേരളത്തിലെ 59 മാലിന്യക്കൂനകളിൽ 24ഉം പൂർണമായി വൃത്തിയാക്കി സ്ഥലം വീണ്ടെടുക്കാൻ കഴിഞ്ഞു. ബ്രഹ്‌മപുരം ഉൾപ്പെടെ 10 സ്ഥലങ്ങളിൽ ഈ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 25 സ്ഥലങ്ങളിൽ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെയാണ് ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ സർക്കാർ ഏറ്റെടുത്തത്. നാടാകെ ഇതിനൊപ്പം അണിനിരക്കുകയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് ക്യാമ്പയിൻ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മാർച്ച് 30 ഓടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഫലപ്രാപ്തിയിലെത്തിക്കാൻ വിപുലമായ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

സംസ്ഥാനത്തെ ആകെ മുന്നേറ്റത്തിനൊപ്പം കൊച്ചിയിലും മാലിന്യ സംസ്‌കരണത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. മാലിന്യം വലിച്ചെറിയുക, ബ്രഹ്‌മപുരത്ത് തള്ളുക എന്ന മനോഭാവത്തിൽ നിന്ന് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലേക്ക് കൊച്ചി മാറിവരുന്നു. ഡോർ ടു ഡോർ കളക്ഷൻ 93.62 ശതമാനത്തിലേക്ക് ഉയർന്നു. 2023 മാർച്ചിൽ വെറും രണ്ട് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ ഉണ്ടായിരുന്നത് 2025 ൽ 60 ആയി ഉയർന്നു. 2120 പരിശോധനകൾ നടത്തുകയും  13,962941 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന സമുദായം ഈഴവരാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും ഈഴവർക്ക് പ്രാധാന്യം നൽകുന്നില്ലെന്നും അവരെ തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“സ്വന്തം സമുദായത്തിനുവേണ്ടി നിലകൊള്ളാൻ തയ്യാറാകാത്ത നേതാക്കളെയാണ് ഈഴവർക്കുള്ളത്. തങ്ങളുടെ അനുയായികളെ ശക്തമായ സ്ഥാനങ്ങളിൽ എത്തിക്കാനും മറ്റു വിഭാഗങ്ങളെ പിന്തള്ളി താഴെയിടാനും രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നു. ഇതിന്റെ പ്രതിഫലനമാണ് ഈഴവർ അധികാര കേന്ദ്രങ്ങളിൽ നിന്ന് അകറ്റപ്പെടുന്നത്. കോൺഗ്രസിൽ ഇപ്പോൾ ഒരു ഈഴവ എംഎൽഎ മാത്രമേയുള്ളൂ – കെ. ബാബു. കെപിസിസി പ്രസിഡന്റ് പദവിക്കും ഈഴവർ പരിഗണിക്കപ്പെടുന്നില്ല,” എന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണ്.

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുസ്ലിം ലീഗ് മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. എന്നാൽ യുഡിഎഫ് ഇത് നിർദേശിച്ചാൽ അത് നിരസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തെക്കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും, യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേർന്നാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും സലാം കൊച്ചിയിൽ പറഞ്ഞു.

മുസ്ലിം ലീഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യവുമായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. എന്നിരുന്നാലും, യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും അതിനായി ഒരുമിച്ചാൽ, നിരാകരിക്കാനാകില്ലെന്ന നിലപാടാണ് ലീഗ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കിഫ്ബി പദ്ധതിയിൽ നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാൻ സർക്കാർ തയ്യാറാകുന്നു. 50 കോടിയിലധികം മുതൽമുടക്കുള്ള റോഡുകൾക്കാണ് ടോൾ ഏർപ്പെടുത്തുക. ഈ തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചു. കിഫ്ബി റോഡുകളിൽ യാത്ര ചെയ്ത ദൂരത്തിന് അനുസരിച്ചാകും ടോൾ നിരക്ക് നിശ്ചയിക്കുക. തദ്ദേശവാസികൾക്ക് ടോൾ ബാധകമാകില്ല.