International (Page 9)

തിരുവനന്തപുരം: കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഒഡെപെക് അബുദാബിയിലെ പ്രസിദ്ധമായ ദാസ് ഐലാൻറിലേക്ക് അസിസ്സ്റ്റൻറ് CCTV ടെക്‌നീഷ്യൻമാരെ റിക്രൂട്ട്‌ചെയ്യുന്നു. ഇലക്ട്രോണിക്‌സ്/ഇലക്ട്രികൽ/ഐ.ടി/ഇൻസ്ട്രുമെൻറേഷൻ എന്നിവയിലേതെങ്കിലും ഡിപ്ലോമയും കേബിളിംഗ്, ഇൻസ്റ്റലേഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ടു വർഷം തൊഴിൽ പരിചയം ആണ് യോഗ്യത. സ്ട്രക്ച്ചർഡ് കേബിളിംഗ്, ഫൈബർ ഒപ്റ്റിക്സ്, & നെറ്റ്വർക്ക് എന്നിവയിൽ അറിവുള്ളവർക്ക് മുൻഗണന. ശമ്പളം AED-2500 (ഇന്ത്യൻ രൂപ 56000/-). രണ്ടു വർഷം കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിസ, താമസസൌകര്യം എന്നിവ സൌജന്യമായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെട്രിക്കുലേഷൻ, ഡിപ്ലോമ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആറുമാസത്തിൽകൂടുതൽ കാലാവധിയുള്ള പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുുകൾ സഹിതം 2024 ജുൺ മാസം 26 തീയതിക്കുമുൻപായി recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.

Note: ഈ റിക്രൂട്ട്‌മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

ബാർബഡോസ്: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ വിജയിച്ച് ഇന്ത്യ. 47 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 20 ഓവറിൽ 134 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.

കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. അഫ്ഗാന്റെ ടോപ് സ്‌കോറർ അസ്മത്തുല്ല ഒമർസായിയാണ്. 20 പന്തിൽ 26 റൺസ് അസ്മത്തുല്ല ഒമർസായി നേടി. അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറർമാർ നജീബുല്ല സദ്രാൻ (17 പന്തിൽ 19), ഗുൽബദിൻ നായിബ് (21 പന്തിൽ 17), മുഹമ്മദ് നബി (14 പന്തിൽ 14) തുടങ്ങിയവരാണ്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാനു യാതൊരു സാധ്യതയും അനുവദിച്ചിരുന്നില്ല. പവർ പ്ലേ അവസാനിക്കും മുൻപു തന്നെ മൂന്നു പ്രധാന ബാറ്റർമാരെ അഫ്ഗാനിസ്ഥാനു നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ 24 പന്തുകളിൽ (4 ഓവർ) 20 എണ്ണവും ഡോട്ട് ബോളുകളായിരുന്നു.

റിയാദ്: ലോകമെമ്പാടും ഇന്ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയാണ്. സൗദി അറേബ്യയും യോഗാ ദിനം ആചരിക്കുന്നുണ്ട്. മക്കയിലും മദീനയിലും സൗദി അറേബ്യ യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. 54 പെൺകുട്ടികളും 10 ആൺകുട്ടികളും മക്കയിൽ നടന്ന ഈ യോഗാ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇപ്പോൾ റിയാദ് മുതൽ മക്ക വരെയുള്ള എല്ലാ പുണ്യസ്ഥലങ്ങളിലും യോഗ സംഘടിപ്പിക്കുന്നു.

സൗദി അറേബ്യയിൽ യോഗ വിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്കിടയിൽ യോഗ തുടർച്ചയായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യയിൽ യോഗ പഠിപ്പിക്കാനോ പഠിക്കാനോ താൽപ്പര്യമുള്ളവർക്ക് ലൈസൻസ് എടുത്ത ശേഷം ക്ലാസെടുക്കാം. സൗദി അറേബ്യ തങ്ങളുടെ സർവകലാശാലകളിൽ യോഗ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിൽ അറബ് രാജ്യങ്ങൾ ഇതിൽ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ജൂൺ 21 നാണ് എല്ലാ വർഷവും യോഗ ദിനം ആഘോഷിക്കുന്നത്. 2014 നാണ് ഐക്യരാഷ്ട്രസഭയിലെ 177 അംഗ രാജ്യങ്ങൾ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശക വിസയിൽ കുവൈത്തിൽ എത്തിക്കും. കമ്പനി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു പോകേണ്ടവർക്ക് അതിനും സൗകര്യം ഒരുക്കുമെന്നും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോയവർക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നു. മരിച്ചവരുടെ അനന്തരാവകാശിക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്തവർക്ക് വീട് എന്നിവയും മറ്റു സഹായങ്ങളും നൽകും. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും ഉൾപ്പെടെ 49 പേരാണ് മരണപ്പെട്ടത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടമായി 8 ലക്ഷം രൂപ അനുവദിച്ചു. സംസ്‌കാര ചെലവുകൾക്കായി 25,000 രൂപയും നൽകി. അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരമായി അവകാശികൾക്ക് നൽകും. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും രക്ഷപെട്ടവർക്ക് ചികിത്സാ സഹായവും നൽകും. ഈ കെട്ടിടത്തിൽ താമസിച്ചിരുന്നവർക്ക് വസ്ത്രം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി 50 ദിനാർ (13,100 രൂപ) നൽകും. താമസക്കാർക്ക് കൗൺസലിങ്ങും നൽകിവരുന്നുണ്ട്.

അബുദാബി: വിമാനത്തിൽ തീപിടുത്തം. അബുദാബി-കോഴിക്കോട് വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് എയർ അറേബ്യയുടെ വിമാനം പുറപ്പെടുമ്പോഴായിരുന്നു സംഭവം.

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചിരുന്നു. ഇങ്ങനെ ചെയ്യാൻ ശ്രമിച്ച 4 പേരെ അധികൃതർ തടഞ്ഞു.

പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയും എമർജൻസി ഡോർ തുറന്ന രണ്ടുപേരെയും അധികൃതർ തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട് എത്തിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്ത് സിറ്റി: കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ. മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെയാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഒരാൾ കുവൈത്ത് സ്വദേശിയും മറ്റുനാലു പേർ ഈജിപ്റ്റ് സ്വദേശികളുമാണെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. കോടതി നിർദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിടികൂടിയിലായവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽവെക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. സംഭവം നടന്ന അന്ന് കെട്ടിട ഉടമയടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കുവൈത്തിലെ മംഗെഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്.

പ്യോംഗ്യാംഗ്: ഉത്തരകൊറിയയിൽ സന്ദർശനത്തിനെത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. 24 വർഷങ്ങൾക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽ എത്തിയിരിക്കുന്നത്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. കിം ജോഗ് ഉൻ ആലിംഗനത്തോടെയായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് സ്വീകരണം നൽകിയത്. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ റഷ്യ വിലക്കുകൾ നേരിടുന്നുണ്ട്.

ഇതോടെ പുതിയ സൗഹൃദം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് പുടിൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ യാത്രയെന്നാണ് അധികൃതർ വ്യക്തമാക്കുന്നു.

പുടിന്റെ ഉത്തരകൊറിയ സന്ദർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുരാജ്യങ്ങളും ചില അതിപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭാവിയിലെ സഹകരണം ഉറപ്പിക്കാനുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്‌സ് പ്ലാറ്റ്‌ഫോം. ‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചറാണ് പുതുതായി എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പോസ്റ്റ് ആളുകളെ അറിയിച്ചും അറിയിക്കാതെയും ലൈക്ക് ചെയ്യാനുള്ള അവസരമാണ് ഈ ഫീച്ചറിലൂടെ ലഭിക്കുന്നത്. ഒരാളുടെ പോസ്റ്റിന് ആരൊക്കെ ലൈക്ക് ചെയ്തുവെന്ന് പുറത്തുള്ളവർക്ക് അറിയാൻ കഴിയില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചർ പ്രവർത്തനയോഗ്യമാക്കിയിരിക്കുന്ന സമയത്ത് നമ്മുടെ ലൈക്കുകൾ പോസ്റ്റ് ചെയ്ത ആൾക്ക് മാത്രമേ അറിയാൻ കഴിയൂ. പോസ്റ്റ് കാണുന്ന മറ്റുള്ളവർക്ക് ഈ പോസ്റ്റ് ആരൊക്കെ ലൈക്ക് ചെയ്തിട്ടുണ്ട് എന്ന് അറിയാൻ കഴിയില്ല. ലൈക്കുകളുടെ പേരിൽ പലരും നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചതെന്നാണ് എക്‌സ് പ്ലാറ്റ്‌ഫോം സിഇഒ ഇലോൺ മസ്‌ക് അറിയിച്ചിരിക്കുന്നത്.

പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജറുസലം: ഇസ്രയേലിന്റെ ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാൻസും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ബെനി ഗാൻസിന്റെ പ്രത്യേക ആവശ്യപ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ലെന്നാണ് നെതന്യാഹു അറിയിച്ചത്.

പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും. പുതിയ മാറ്റം സൈന്യത്തിന്റെ കമാൻഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് വ്യക്തമാക്കി.

ബർഗൻസ്റ്റോക്ക്: സ്വിറ്റ്സർലണ്ടിൻ ചേർന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയ്ക്ക് സമാപനം. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തെങ്കിലും റഷ്യ ഇതിൽ നിന്നും വിട്ടു നിന്നിരുന്നു. യുക്രെയ്ന്റെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ അടിസ്ഥാനമാക്കിയുള്ളതാകണം റഷ്യയുമായുള്ള സമാധാനക്കരാർ എന്നതായിരുന്നു ഉച്ചകോടി ആവശ്യപ്പെട്ടത്.

തൊണ്ണൂറിലേറെ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇന്ത്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തൊനീഷ്യ, മെക്സിക്കോ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പു വയ്ക്കുന്നതിൽ നിന്ന് വിട്ടുനിന്നു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണിത്. സാപൊറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം യുക്രെയ്നു തിരിച്ചുനൽകണമെന്നും തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിദേശകാര്യ സെക്രട്ടറി പവൻ കപൂറാണ് ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തത്. ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമാധാനം പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനത്തിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.