International (Page 4)

covid

ദില്ലി: ഹ്യൂമൻ മെറ്റന്യൂമോ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം അവശ്യ സാഹചര്യമുണ്ടായാൽ നേരിടാൻ ആശുപത്രികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 

എന്നാൽ ചൈനയിലെ ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്നതായും റിപ്പോർട്ടുണ്ട്.അതേസമയം ചൈന വ്യക്തമാക്കുന്നത് ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ല എന്നാണ്. കൊവിഡ് കാലത്തിന് സമാനമായ രീതിയിൽ മാസ്ക് ധരിക്കണമെന്നും കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ധർ ജനങ്ങൾക്ക് നൽകി. 

ന്യൂഡല്‍ഹി: യുഎസില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആള്‍ക്കൂട്ടത്തിലേക്ക്‌ ട്രക്ക് ഇടിച്ചുകയറ്റിയതില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആക്രമണത്തെ അപലപിച്ചത്.

ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണെന്നും ആക്രമണത്തെ അപലപിക്കുകയാണെന്നും പറഞ്ഞു. ഈ ദുരന്തത്തില്‍ നിന്ന് അവര്‍ കരകയറട്ടെയെന്നും അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെയെന്നും മോദി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

സോൾ: വിമാന അപകടത്തിൽ 28 യാത്രക്കാർ മരിച്ചു. ദക്ഷിണ കൊറിയയിലാണ് അപകടം ഉണ്ടായത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം സംഭവിച്ചത്. 175 യാത്രക്കാർ അടക്കം 181 പേരുമായി തായ്‌ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്.

ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ചാണ് തകർന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷി ഇടിച്ചതിനെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം.

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായും വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന വ്യക്തമാക്കി.

ടോക്കിയോ: ജപ്പാൻ എയർലൈൻസിൽ സൈബർ ആക്രമണം. പിന്നാലെ ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്‌നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിച്ചുവെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.

പ്രശ്‌നങ്ങളെ തുടർന്ന് വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജപ്പാനിലെ പൊതുമേഖലാ മാധ്യമമായ എൻഎച്ച്‌കെയാണ് വിമാന സർവീസുകളിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓൾ നിപ്പോൺ എയർവേയ്‌സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാൻ എയർലൈൻസ്. രാജ്യത്തെ വിവിധ എയർ പോർട്ടുകളിലെ ഒരു ഡസനിലധികം സർവീസുകളെ ബാധിച്ചു. ലഗേജ് ചെക്ക് ഇൻ സർവീസുകളിലും പ്രശ്‌ന്ങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതായും അത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സാങ്കേതിക തകരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ജപ്പാൻ എയർലൈൻസിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി. പിന്നീട് ചെറിയ രീതിയിൽ ഇത് മെച്ചപ്പെടുത്തുകയും ചെയ്തു.

ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയാണ് അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം നാൽപതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകർത്തതിനുമാണ് യുദ്ധക്കുറ്റം ചുമത്തി നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യൊആവ് ഗാലൻറിനും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഐസിസി പ്രീ-ട്രയൽ ചേംബർ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായാണ് ഇവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. ഹമാസ് നേതാവ് മുഹമ്മദ് ദയീഫിന് എതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചു. നെതന്യാഹുവോ ഗാലന്റോ ഐസിസി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും.

അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇസ്രായേലും അമേരിക്കയും ഐസിസിയിൽ അംഗത്വമെടുക്കാത്തതിനാൽ ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ടായേക്കും.

ജറുസലം: ഇസ്രയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയിൽ ബോംബാക്രമണം. ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ സ്‌ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകൾ പൊട്ടിത്തെറിച്ചു. നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടാവാത്തതിനാൽ വൻ അപകടം ഒഴിവായി. ബോംബുകൾ വീടിന്റെ മുറ്റത്താണ് പതിച്ചത്. സംഭവത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

നേരത്തെയും നെതന്യാഹുവിന്റെ വസതിയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 19 നാണ് ഇതിന് മുൻപ് നെതന്യാഹുവിന്റെ വസതിക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായത്. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ടെൽ അവീവിനും തെക്കുളള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം.

നെതന്യാഹുവും കുടുംബവും അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിന് വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. നെതന്യാഹു സഞ്ചരിച്ചിരുന്ന വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സെപ്റ്റംബറിൽ ബെൻ ഗൂരിയൻ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണവും നടന്നിരുന്നു.

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ഇറ്റലിയിലെത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. സിയേന്ന ടൗൺ മേയറെയും മറ്റ് പ്രതിനിധികളെയും സന്ദർശിച്ചിരുന്നു. തുടർന്ന് ഫ്േളാറൻസിൽ നടന്ന ടൂറിസം മന്ത്രിമാരുടെ മീറ്റിംഗിലും അദ്ദേഹം പങ്കെടുത്തു. നവംബർ 13 മുതൽ 15 വരെയാണ് ചർച്ചകൾ.

ഈജിപ്തിന്റെ ടൂറിസം മന്ത്രിമായി സുരേഷ് ഗോപി ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടിലുള്ള വിനോദ സഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ സഹായകരമായി ചില ഐഡിയകൾ പരസ്പരം പങ്കുവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക നേതാക്കൾക്കൊപ്പം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായതിന്റെയും അവരുടെ കാഴ്ചപാടുകൾ യാഥാർത്ഥ്യമാകുന്നതും കാണാൻ സാധിച്ചതിന്റെയും സന്തോഷം സുരേഷ് ഗോപി പങ്കുവെച്ചു.

വാഷിംഗ്ടൺ: അമേരിക്കയിൽ മാർക്കോ റൂബിയോ പുതിയ വിദേശ കാര്യ സെക്രട്ടറിയാകും. ഡൊണാൾഡ് ട്രംപ് നടത്തിയ കാബിനറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്‌ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലറ്റിനോ വംശജൻ കൂടിയാണ് മാർക്കോ റൂബിയോ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ഈയിടെ കൂറുമാറിയ മുൻ ഡെമോക്രാറ്റ് ജനപ്രതിനിധിയാണ് ഗാബാർഡ്. തന്റെ വിശ്വസ്തരെ ഒപ്പം നിർത്തിയാണ് ട്രംപിന്റെ ക്യാബിനറ്റ് പ്രഖ്യാപനം.

മാറ്റ് ഗേറ്റ്‌സാണ് അറ്റോർണി ജനറൽ പദവിയിലേക്ക് എത്തുന്നത്. ട്രംപിന്റെ വിശ്വസ്തനും ഫ്‌ളോറിഡയൽ നിന്നുള്ള ജനപ്രതിനിധിയുമാണ് മാറ്റ് ഗേറ്റ്‌സ്. എന്നാൽ, നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്‌സിന്റെ നിയമനത്തിന് അംഗീകാരം നൽകുന്നതിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്: വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേർ മരണപ്പെട്ടു. പാകിസ്ഥാനിലാണ് സംഭവം. സിന്ധുനദിയിലേക്കാണ് വാഹനം മറിഞ്ഞത്. ഗിൽജിത് -ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് അപകടം ഉണ്ടായത്.

ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്‌തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വധു മരണത്തിന് കീഴടങ്ങിയത്. നദിയിൽ നിന്നും 13 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവർക്കായുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

കാനഡ: കാനഡയിലെ ഖാലിസ്ഥാനി പ്രതിഷേധങ്ങളുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ. ഇന്ദർജീത്ത് ഗോസലാണ് അറസ്റ്റിലായത്. കനേഡിയൻ പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബ്രാംപ്ടനിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ ഗുർപത്വന്ത് പന്നൂന്റെ ലെഫ്റ്റനന്റ് ആയാണ് ഗോസൽ അറിയപ്പെടുന്നത്. നജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗോസൽ റഫറണ്ടത്തിന്റെ പ്രധാന സംഘാടകനായി ചുമതലയേറ്റിരുന്നു.

അടുത്തിടെയാണ് ഇവർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്. ഇവിടെ ഉണ്ടായിരുന്നവർക്ക് നേരെ ഇവർ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.