General (Page 83)

തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ദർശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തീർത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങൾ ചേർന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു. തീർത്ഥാടനത്തിനെത്തുന്ന എല്ലാവർക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, പോലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയർ & റസ്‌ക്യൂ, ലീഗൽ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനും 12 എമർജൻസി മെഡിക്കൽ സെന്ററുകൾ ആരംഭിക്കുന്നതിനും കരിമല റൂട്ടിൽ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കൽ സെന്ററുകൾ ആരംഭിക്കുന്നതിനും കാർഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണിക്കും കാനന പാതകളിൽ ഭക്തർക്ക് സൗകര്യങ്ങളും സംരക്ഷണവും ഒരുക്കുന്നതിനും അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കുന്നതിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്ന വിഷയം 05.10.2024 ന് ചേർന്ന അവലോകന യോഗം ചർച്ചചെയ്യുകയുണ്ടായി. തീർത്ഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ ദർശനം ഉറപ്പാക്കണമെന്നും യോഗം വിലയിരുത്തി.

തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിനായി തീർത്ഥാടകർ ഏത് പാതയാണ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കുന്നത് എന്ന വിവരം വെർച്ച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിനും, തിരക്ക് കുറഞ്ഞ ദിവസം ഭക്തർക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ സോഫ്റ്റ്വെയറിൽ കൊണ്ടുവന്ന് ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പോലീസിനും മറ്റു വകുപ്പുകൾക്കും മുൻകൂട്ടി നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കണമെന്നും യോഗം തീരുമാനിച്ചിരുന്നു.

വെർച്ച്വൽ ക്യൂ രജിസ്ട്രേഷനിലൂടെ തീർത്ഥാടകരുടെ വിശദാംശങ്ങൾ ഡിജിറ്റൽ രേഖയായി ലഭ്യമാകും. ഇത് ശബരിമലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങളും കൂട്ടം തെറ്റലുകളും ഉണ്ടായാൽ ആളുകളെ കണ്ടെത്തുന്നതിനും സഹായകരമാണ്. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട തീർത്ഥാടന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. തിരുപ്പതി ഉൾപ്പെടെയുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിൽ കുറ്റമറ്റരീതിയിൽ വെർച്ച്വൽ ക്യൂ സമ്പ്രദായം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതൽ ശബരിമലയിലും വെർച്ച്വൽക്യൂ സംവിധാനം ഏർപ്പെടുത്തിയത്. വെർച്ച്വൽ ക്യൂ കുറ്റമറ്റ രീതിയിൽ ശക്തിപ്പെടുത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ. അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ലഭ്യമായിട്ടില്ല. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭ്യമല്ല. അത് വ്യക്തിപരമായ തന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും അദ്ദേഹം അറിയിച്ചു. നവീൻ ബാബുവിന്റെ യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിച്ചു. തുടർന്ന് താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ അദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് നവീൻ ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന വിമർശനം ശക്തമാകുന്നുണ്ട്.

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുള്ള കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് വച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ആദ്യഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. സൂപ്പർ ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ് ബസിൽ ഉണ്ടാകുക.

യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാട് – തൃശൂർ റൂട്ടുകളിൽ എ സി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് നടത്തുമെന്നാണ് കെ എസ് ആർ ടി സി നേരത്തെ വ്യക്തമാക്കിയിരുന്നത്.

ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എം സി റോഡിനാണ് മുൻഗണന നൽകുന്നത്. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കുക എന്നതാണ് പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്.

തിരുവനന്തപുരം: വയനാടിന് കേന്ദ്രം അയിന്തരമായി സഹായം നൽകണമെന്ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. കേന്ദ്രസഹായം വൈകുന്നതിൽ ഭരണപ്രതിപക്ഷം ഒരുപോലെ വിമർശിച്ചു. ചില സംസ്ഥാനങ്ങളിൽ മെമ്മോറാണ്ടം നൽകുന്നതിനു മുമ്പേ അങ്ങോട്ട് കേന്ദ്രം സഹായം നൽകുന്നതായും അംഗങ്ങൾ വിമർശിച്ചു. സർക്കാർ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചിട്ടും കേന്ദ്രസർക്കാർ പ്രത്യേക ധനസഹായം നൽകിയിട്ടില്ലെന്നും, കേന്ദ്രം സഹായം നൽകുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും പ്രമേയത്തിലുള്ളത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അടിയന്തരമായി നൽകണം. ഇതി പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണ്. മറ്റൊന്ന് ഈ മേഖലയിലെ ആളുകൾ എടുത്തിട്ടുള്ള വായ്പകൾ എഴുതിത്തള്ളണം, വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതിദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചു. ദുരന്തബാധിതർക്ക് ആവശ്യമായ സാമധനസാമഗ്രികൾ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവർത്തനം നടന്നതുമായ സ്ഥലങ്ങളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കി. കണ്ടെത്തിയവയിൽ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ മരണ രജിസട്രേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും, ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയിൽ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി മുഴുവൻ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവർക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും ഫർണിച്ചർ സാമഗ്രികളും നൽകി. ദുരന്തമേഖലയിലെ 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികൾ ഉറപ്പാക്കുകയും ചെയ്തു.

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ കഴിഞ്ഞു. എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷവും, സിഎംഡിആർഎഫിൽ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തിൽ എസ്ഡിആർഎഫിൽ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആർഎഫിൽ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകൾക്കായി 10,000 രൂപ വീതം നൽകി. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ 26 പേർക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നൽകി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നൽകി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേർക്ക് ദിവസം 300 രൂപ വീതം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

729 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ വീതം നൽകി വരുന്നു. 649 കുടുംബങ്ങൾക്ക് ഫർണിച്ചർ ഉൾപ്പെടെ ബാക്ക് ടു ഹോം സഹായം നൽകി. വീട്ടുകാരെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ കാര്യം പറഞ്ഞതുപോലെ, ഒറ്റപ്പെട്ടുപോയ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കാര്യവും സർക്കാർ പ്രത്യേകമായി പരിഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 531 കോടി 12 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ ലഭിച്ച സിഎസ്ആർ മൂന്നര കോടി രൂപയാണ് ലഭിച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒട്ടനവധി സഹായവാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. ടൗൺഷിപ്പിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കിയശേഷം ഓഫറുകൾ നൽകിയവരുമായി വിശദമായ ചർച്ച നടത്തി മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നിവരുമായി ഈ സഭാസമ്മേളനം അവസാനിക്കുന്നതിനു മുമ്പു തന്നെ നടത്തണമെന്നാണ് ആലോചിച്ചിട്ടുള്ളത്. മിക്കവാറും നാളെ നടത്താനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനദുരന്ത പ്രതികരണ നിധിയിലേക്ക് അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നൽകുകയും, പ്രധാനമന്ത്രിയെ 27-8-2024 ൽ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിലായി 1200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാതമികമായി കണക്കാക്കിയിട്ടുള്ളത്. ഇതുകണക്കിലെടുത്തുള്ള അധിക കേന്ദ്രസഹായത്തിനായി കേന്ദ്രമാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ള മെമ്മോറാണ്ടം ഓഗസ്റ്റ് 17 ന് സമർപ്പിച്ചിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചെങ്കിലും, ദുരന്തത്തിന്റെ ഭാഗമായി ലഭിക്കേണ്ട പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ പ്രത്യേക ധനസഹായം എത്രയും വേഗം ലഭ്യമാക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചകാര്യം സഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരന്തനിവാരണ സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എൺപത് കഴിഞ്ഞവരുടെ പെൻഷൻ പരിഷ്‌കരണ കുടിശികയും ഡി. എ കുടിശികയും അടിയന്തരമായി നൽകണമെന്ന ആവശ്യത്തിൽ സർക്കാർ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. ഇതു സംബന്ധിച്ച് ആവശ്യമെങ്കിൽ പരാതിക്കാർ സർക്കാരിന് നിവേദനം നൽകണമെന്നും ഇക്കാര്യം ഗൗരവമായി പരിഗണിച്ച് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

80 കഴിഞ്ഞവർ ദുർബല വിഭാഗത്തിലുള്ളവരാണെന്നും ഇവർക്ക് സംരക്ഷണം നൽകേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. തീരുമാനമെടുത്ത ശേഷം രണ്ടാഴ്ചക്കകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പെൻഷൻ പരിഷ്‌ക്കരണ കുടിശിക പൂർണമായി ലഭിക്കാതെ, 2019 ജൂലൈ മുതൽ കഴിഞ്ഞ ഏപ്രിൽ വരെ 77000 സർവീസ് പെൻഷൻമാർ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ നൽകിയ പരാതിയിൽ പറഞ്ഞു. പെൻഷൻ ഭരണഘടനാപരമായ അവകാശമാണെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

veena

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി ക്യാമ്പുകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആദ്യമായിട്ടാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനായി ഇങ്ങനെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. വിളർച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങൾ, വയോജനാരോഗ്യം തുടങ്ങിയ വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ ആരോഗ്യത്തിന് വ്യക്തികളുടേയും കുടുംബങ്ങളുടേയും ആരോഗ്യം അനിവാര്യമാണ് എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷം ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 608 മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നത്. ഈ വർഷം ആയുഷ് വകുപ്പ് സംസ്ഥാനത്തുടനീളം 2408 വയോജന ക്യാമ്പുകൾ നടത്തുകയുണ്ടായി. നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഈ കാലഘട്ടത്തിൽ 150 ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. രണ്ടാംഘട്ടത്തിൽ 100 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അക്രഡിറ്റേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ആയിരത്തോളം യോഗ ക്ലബ്ബുകൾ ആരംഭിച്ചു. വീടുകളിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ഈ യോഗ ക്ലബ്ബുകളിലേക്ക് എത്തി യോഗ പരിശീലിക്കുന്ന കാഴ്ചയാണ് കണ്ടത്. ആ പ്രോത്സാഹനത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരത്തോളം യോഗ ക്ലബുകൾ ഈ വർഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരംഭിക്കാൻ പോവുകയാണ്. ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായിട്ടുള്ള തുടർച്ചയായ ആരോഗ്യ ഇടപെടൽ ഈ മേഖലയിൽ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നവജാത ശിശുക്കളുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി അനീമിയ കൂടി ഉൾപ്പെടുത്തി. സിക്കിൾസെൽ അനീമിയ രോഗികൾക്കായി ആദ്യമായി പോയിന്റ് ഓഫ് കെയർ ചികിത്സ ലഭ്യമാക്കി. അനീമിയ പരിഹരിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന വിവ കേരളം പോലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇത്തരം ക്യാമ്പുകളിലൂടെ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവൻ, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടർ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ, ഡോ. അജിത അതിയടത്ത്, ഡോ. പ്രിയദർശിനി, മീനാറാണി, ഡോ. ഷൈജു കെ.എസ്. എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സൈബർ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തുന്നതിന് സോഷ്യൽ മീഡിയ പേജുകൾ വഴി പോലീസ് വ്യാപകമായ ബോധവൽക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ സാദത്തിന്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സമഗ്രമായ സൈബർ സുരക്ഷിത ‘ഫിൻ ഇക്കോ സിസ്റ്റം’ (Fin Eco System) ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് കേന്ദ്ര സർക്കാരിൻറെയും റിസർവ്വ് ബാങ്കിൻറെയും സംയുക്ത ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സൈബർ കുറ്റകൃത്യങ്ങളും അനുദിനം വർദ്ധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിന് സൈബർ പോലീസ് ഡിവിഷൻ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ടോൾ ഫ്രീ നമ്പരും, WWW.cybercrime.gov.in എന്ന വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് നടത്തിയ മുപ്പതിനായിരത്തിലേറെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം ബ്ലോക്ക് ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ പ്രവർത്തനരഹിതമാക്കിയും പ്രതികളെ അറസ്റ്റ് ചെയ്തും കർശന നിയമ നടപടികൾ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി: നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളിൽ പരാതിക്കാരിയെ കുറിച്ച് പരാമർശം നടത്തരുതെന്ന് കോടതി ബാലയോട് നിർദ്ദേശിച്ചു.

തന്റെ ചോര തന്നെ തനിക്കെതിരെ തിരിഞ്ഞതിൽ വിഷമമുണ്ടെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാല പ്രതികരിച്ചു. അവർക്കെതിരെ ഇനി ഒന്നും പറയില്ലെന്നും ബാല പറഞ്ഞു. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരം അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെയാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി.

മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ തുടങ്ങിയവരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ബാലയും മുൻ ഭാര്യയും തമ്മിലുളള തർക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇരുവരും പങ്കിട്ട വീഡിയോകളാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം.

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. തൃശ്ശൂർ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം.

സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസറോഡാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷ് പരാതി നൽകിയത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.