General (Page 82)

ന്യൂഡൽഹി: ബിജെപി പ്രഥമ സജീവ അംഗമെന്ന നിലയിൽ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രധാനമന്ത്രി സജീവ അംഗത്വം പുതുക്കിയത്. വികസിത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഇത് ആക്കം കൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം പുതുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമസഭാ മണ്ഡലത്തിലോ ബൂത്തിലോ 50 അംഗങ്ങളെ ചേർക്കുന്നവർക്കാണ് സജീവ അംഗത്വം ലഭിക്കുക. മണ്ഡലം കമ്മിറ്റികളിലേക്കും അതിന് മുകളിലുളള പാർട്ടി സമിതികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് മത്സരിക്കാൻ അർഹതയുണ്ടാകും.

സജീവ അംഗത്വം നേടിയവർക്ക് പാർട്ടിക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനുളള അവസരങ്ങളും ലഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനി ലക്ഷ്വറി സൂപ്പർഫാസ്റ്റ് യാത്ര. യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആർടിസിയുടെ 10 പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എ സി ബസ്സുകൾ സർവീസ് ആരംഭിച്ചു. എസി പുഷ്ബാക്ക് സീറ്റ്, മ്യൂസിക് സിസ്റ്റം, ഫ്രീ വൈഫൈ തുടങ്ങിയവയെല്ലാം ഈ ബസിലുണ്ട്.

എയർ കണ്ടീഷൻ സൗകര്യത്തിനു പുറമെ യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ലഭിക്കുന്നു. ഒരു ജിബി വൈഫൈയ്ക്ക് പുറമെ ചെറിയ തുക നൽകി കൂടുതൽ വൈഫൈ ലഭ്യമാക്കാനാകും. റീക്ലൈനിങ് സൗകര്യമുള്ള 2×2 സീറ്റുകളാണ് ബസിലുള്ളത്. 40 യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം.

എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് സൗകര്യം, റീഡിങ് ലാമ്പുകൾ, ബോട്ടിൽ ഹോൾഡറുകൾ ,മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസി ടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ തുടങ്ങിയ സൗകര്യവുമുണ്ട്.

ഡ്രൈവറുടെ മുഖഭാവത്തിൽ നിന്ന് ഉറക്കത്തിന്റെ ലക്ഷണം കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന അലർട്ട് സംവിധാനം ബസിലുണ്ട്. കൂടാതെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയോ ചെയ്താൽ AI ഉപയോഗിച്ചുള്ള ക്യാമറ സംവിധാനത്തിലൂടെ ബസിലും കൺട്രോൾ റൂമിലും വിവരം കൈമാറാം.

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൾ നാസർ മദനി ഇപ്പോൾ ചികിത്സയിലുള്ളത്.

കടുത്ത ശ്വാസതടസമുണ്ടാകുകയും, ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടെയാണ് മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. നിലവിൽ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മദനി.

ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയാണ് മദനി. സുപ്രീം കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് മദനി കേരളത്തിലെത്തിയത്.

കൊച്ചി: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയ്ക്ക് സ്റ്റേ. ഹൈക്കോടതിയാണ് വിധി സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മഞ്ചേശ്വരം കോഴക്കേസിൽ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കുറ്റവിമുക്തരാക്കിയത്. സുരേന്ദ്രന്റെ വിടുതൽ ഹർജി പരിഗണിച്ച് പ്രതികൾക്ക് മേൽ ചുമത്തിയ വിവിധ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു കോടതിയുടെ നടപടി.

തിരുവനന്തപുരം: ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്കു പിന്നിൽ സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമഗ്രമാറ്റം കൈവരിക്കാൻ വിദ്യാഭ്യാസ മേഖലക്കു കഴിഞ്ഞതായും മേയർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്രിയേറ്റീവ് കോർണറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ഗവ. എച്ച് എസിൽ നിർവ്വഹിക്കുകയായിരുന്നു മേയർ.

പരമ്പരാഗതമായി നിലനിന്നിരുന്ന ലാബുകൾക്കപ്പുറം അറിവും തൊഴിലും തമ്മിൽ കൂട്ടിയിണക്കി യുപി തലം മുതൽ കുട്ടികൾക്ക് ക്രിയാത്മകവും പ്രവർത്തനാധിഷ്ഠിതവുമായ വിദ്യാഭ്യാസ കാഴ്ചപ്പാട് നൽകുകയാണ്. യന്ത്രവൽക്കരണ സമൂഹത്തിൽ നിന്നും അറിവും തൊഴിലും സംയോജിപ്പിച്ച് നവ വികസന ദിശാബോധമാണ് ക്രിയേറ്റീവ് കോർണറുകളിലൂടെ പങ്കുവയ്ക്കുന്നത്. സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 600 ക്ലാസ്സ് മുറികളാണ് ക്രിയേറ്റീവ് കേർണറുകളായി മാറുന്നതെന്നും മേയർ പറഞ്ഞു.

വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നെപുണി വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിയേറ്റീവ് കോർണറുകൾ ആരംഭിക്കുന്നത്. വയറിംഗ്, പ്ലമിംഗ്, വുഡ് ഡിസൈനിംഗ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭാ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ അഡീഷണൽ എസ് പി ഡി ഷൈൻമോൻ എംകെ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ ബി ഷാജി, ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ശ്രീകുമാരൻ ബി, കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ഡയറക്ടർ ഡോ ഷൈജു പി, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ പ്രമോദ് പി, വാർഡ് കൗൺസിലർ ശിവകുമാർ വി, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ വിദ്യാവിനോദ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് കെ വി, പ്രഥമാധ്യാപകൻ ബിജു എഎസ്, സ്‌കൂൾ ചെയർമാൻ കൈലാസ് നാഥ് എസ് തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ നടപടി. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയ കേസുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. നടന്റെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എറണാകുളം ആർടിഒയാണ് നടപടിയെടുത്തിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുക്കണമെന്നും അധികൃതർ ശ്രീനാഥ് ഭാസിയോട് നിർദ്ദേശിച്ചു. ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയതിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ സെൻട്രൽ പൊലീസാണ് കേസെടുത്തത്.

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ശ്രീനാഥ് ഭാസി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

തിരുവനന്തപുരം: ശബരിമല റോപ് വേ പദ്ധതി നടപ്പിലാക്കുമ്പോൾ പരിഹാര വനവത്ക്കരണത്തിനുള്ള ഭൂമി ഈ മാസം 23 ന് മുൻപ് നിർദേശിക്കാൻ വനം വകുപ്പ് ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്തും യോഗത്തിൽ പങ്കെടുത്തു. ദേവസ്വം, വനം, റവന്യൂ ഉദ്യോഗസ്ഥർ ഒന്നിച്ചിരുന്ന് ചർച്ച നടത്തി നിയമ പ്രശ്നങ്ങളും തർക്കങ്ങളും ഇല്ലാതെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്.

2.7 കിലോമീറ്റർ ദൂരത്തിലാകും നിർദിഷ്ട റോപ് വേ നിർമിക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിർമാണമാണ് ഉദ്ദേശിക്കുന്നത്. ഈ മണ്ഡലകാലത്തു തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. 2020 ലെ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട്, അനുബന്ധ ചട്ടങ്ങൾ, 2021 ലെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് എന്നിവ പ്രകാരമാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. എംബിബിഎസ് യോഗ്യത രജിസ്റ്റർ ചെയ്യാതെയും എംഡി / എംഎസ് / ഡിഎൻബി, ഡിഎം / എംസിഎച്ച് / ഡിആർ എൻബി തുടങ്ങിയ അധിക യോഗ്യതകൾ രജിസ്റ്റർ ചെയ്യാതെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകൾ പ്രദർശിപ്പിച്ചും ഡോക്ടർമാർ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതായി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.

രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകൾ പ്രദർശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ശിക്ഷാർഹമാണ്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഡോക്ടർമാരുടെ ചിത്രങ്ങളും യോഗ്യതകളും സഹിതം ആശുപത്രി മാനേജ്മെന്റുകൾ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നൽകുന്നതും കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രവർത്തികളിലും ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കൗൺസിലിന് അധികാരമുണ്ട്.

മെഡിക്കൽ പ്രാക്ടീഷണർമാർ അവർ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ, കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ നൽകിയിട്ടുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ്) എന്നിവ പ്രദർശിപ്പിക്കണം. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്‌ട്രേഷൻ നമ്പർ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റർപാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ.

കേരളത്തിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മോഡേൺ മെഡിക്കൽ പ്രാക്ടീഷണർമാരുടെ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ നൽകിയിട്ടുള്ള അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് അവരുടെ യോഗ്യത ഉറപ്പുവരുത്തണം. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികൾ / നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും വേണം. മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകളിലെല്ലാം ഡിസ്പ്ലേ ബോർഡുകളിൽ മെഡിക്കൽ പ്രാക്ടീഷണർമാരുടെ പേര്, യോഗ്യത, മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധിക യോഗ്യത, രജിസ്‌ട്രേഷൻ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

തിരുവനന്തപുരം: മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ 10 ബസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ ബസിൽ ഉണ്ട്. 40 സീറ്റുകളാണ് ബസിൽ ഉള്ളത്. പൊതുജനങ്ങൾക്ക് മികച്ച യാത്ര സൗകര്യങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കെ എസ് ആർ ടി സിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകൾ വാങ്ങിച്ചു. ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാസ്റ്റ് എ സി സർവീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികൾക്ക് ഒരുമിച്ച് ശമ്പളം നൽകാൻ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടാറ്റ മോട്ടോഴ്സ് റീജിയണൽ സെയിൽസ് മാനേജർ ആനന്ദ് കുമാർ ബസുകൾ ഗതാഗത വകുപ്പ് മന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ചവെച്ച പത്ത് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസർമാർക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു. വാർഡ് കൗൺസിലർ കെ ജി കുമാരൻ ആശംസകൾ അർപ്പിച്ചു. കെ എസ് ആർ ടി സി സി എം ഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങിന് നന്ദി അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് രജിസ്ട്രേഷൻ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പൂർണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമിനാർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് രജിസ്ടേഷൻ. സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾക്ക് കഴിയും. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ സുഗമവും സുതാര്യവുമാകും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ പോക്ക്വരവ് കൂടി നടത്തി ഭൂമിയുടെ സർവ്വേ സ്‌കെച്ച് സഹിതം അന്ന് തന്നെ രേഖകളാക്കി നൽകാൻ പറ്റുന്ന സംവിധാനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

ഇന്ന് മുതൽ രജിസ്‌ട്രേഷൻ വകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാക്കും. ഒപ്പം തന്നെ നിലവിൽ സ്റ്റോക്കുള്ളവ പാഴായി പോകാതിരിക്കാൻ സമാന്തരമായി കടലാസു മുദ്രപത്രങ്ങൾ 2025 മാർച്ച് വരെ ഉപയോഗിക്കാൻ അനുമതിയുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.

ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നെതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പിൽ ഒരു ലക്ഷത്തിന് മുകളിലുള്ള മുദ്രപത്രങ്ങൾ നേരത്തെ തന്നെ ഇ-സ്റ്റാമ്പിലൂടെ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. ഇപ്പോൾ ചെറിയ തുകക്കുള്ളതും കൂടി ഈ രീതിയിലേക്ക് മാറും.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്ന ജില്ലകളിലും ഉടൻതന്നെ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. ബാധ്യതാ സർട്ടിഫിക്കറ്റുകൾ, ചിട്ടി രജിസ്‌ട്രേഷൻ, വിവാഹ രജിസ്‌ട്രേഷൻ അപേക്ഷ എന്നിങ്ങനെ മിക്കവാറും സേവനങ്ങൾ നിലവിൽ ഓൺലൈനിൽ ലഭ്യമാണ്. പണമടക്കാൻ ഇ-പോസ് സംവിധാനവും വിരലടയാളം പതിക്കാൻ ബയോമെട്രിക് സംവിധാനവും ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ ഐ ജി ശ്രീധന്യ സുരേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ ട്രഷറി ഡയറക്ടർ സാജൻ വി നന്ദി അറിയിച്ചു.