സാധാരണക്കാരാണ് വൈദ്യുതി വകുപ്പിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത്; വി ഡി സതീശൻ

കൊച്ചി: വൈദ്യുതി ബോർഡിലെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരാണ് വൈദ്യുതി വകുപ്പിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നതെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ൽ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ വൈദ്യുതി ബോർഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോർഡിൽ നടക്കുന്നത്. സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്. ഇപ്പോൾ മൂന്നാമത്തെ തവണ ചാർജ് കൂട്ടാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യിൽ പണമില്ലാത്ത സർക്കാരാണ് അനർഹരമായവർക്ക് പെൻഷൻ നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വർഷമായി ഈ സർക്കാർ എവിടെയായിരുന്നു. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകൾ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സർക്കാർ എന്തുകൊണ്ട് വൈകുന്നു എന്നതു സംശയകരമാണ്. എയ്ഡഡ് സ്‌കൂളുകളിൽ മൂന്ന് വർഷം മുൻപ് സ്ഥിര നിയമനം കിട്ടിയ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സർക്കാരിനല്ലാതെ ആർക്ക് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കാനാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.