തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; ചാവക്കാട് എസ്‌ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്
തൃശൂർ: തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്‌ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്. തൃശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോൾ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിന്റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി.
രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോൾ ഗാനം പാടുന്നത് എസ്‌ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്‌ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഈ ആവശ്യം ഉൾപ്പെടെ തള്ളികൊണ്ട് വിജിത്തിന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്തിനാലാണ് തടഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂർ എരുമപ്പെട്ടി എസ്‌ഐ ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എസ്.ഐയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് പള്ളി അധികൃതർ വ്യക്തമാക്കി.










