General (Page 16)

സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും എന്നാണ് മനസിലാകുന്നതെന്നും കേരളത്തിന്റെ സമ്പദ്ഘടനയേയും സമൂഹത്തെയും സംബന്ധിച്ച  പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ നയരൂപീകരണത്തിനും പുതിയ കാൽവയ്പ്പുകൾക്കും ഏറെ സഹായകരമാകും.

 പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടുമാണ് കേരളം മുന്നോട്ട് പോകുന്നത്.

കോവിഡിന് ശേഷം കേരളത്തിന്റെ സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. നികുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനങ്ങൾക്കില്ല. ജനസംഖ്യാ നിയന്ത്രണണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച നമ്മുടെ സംസ്ഥാനത്തിന് കുറഞ്ഞുവരുന്ന കേന്ദ്ര നികുതി വിഹിതത്തിന്റെ കാര്യം 16ാം ധനകാര്യ കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും മുൻപിൽ ഉന്നയിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  16ാം ധനകാര്യ കമ്മീഷന്റെ മുന്നിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളെയും കൂടി ചേർത്തുകൊണ്ട് ശക്തമായ അഭിപ്രായ രൂപീകരണം നടത്തുന്നതിന് നേതൃത്വം നൽകിയത് കേരളമാണ്.

കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയെ കുറിച്ച് സാമ്പത്തിക വിദഗ്ധരായ നിങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയും നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്ത് വിലകൊടുത്തും പശ്ചാത്തല മേഖലയിൽ നേരത്തെ സംഭവിച്ചുപോയ പോരായ്മ നികത്തും എന്ന ദൃഢനിശ്ചയത്തോട് കൂടിയാണ് കഴിഞ്ഞ എട്ടരവർഷമായി കേരളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം എല്ലാ മേഖലകളിലും ഇപ്പോൾ കാണാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമുൾപ്പെടെ പശ്ചാത്തല സൗകര്യ വികസന മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ പുതിയൊരു വളർച്ചാ തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും നടക്കേണ്ടതുണ്ട്. സാമ്പത്തിക വിദഗ്ധർക്കാണ് അത് ഏറ്റെടുക്കാൻ കഴിയുക.

പശ്ചാത്തല മേഖലയിലെ പുരോഗതി സൃഷ്ടിക്കുന്ന സാമ്പത്തിക ചലനങ്ങൾ എന്തൊക്കെയായിരിക്കും,  അത് ഏതൊക്കെ രംഗത്താണ് പുതിയ സാധ്യതകൾ തുറന്നു തരിക, ഈ സാധ്യതകളെ ഉപയോഗപ്പെടുത്താൻ എന്തെല്ലാം തുടർ നടപടികളാണ് സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ഭാഗത്തു നിന്നുമുണ്ടാകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ പ്രയോഗത്തിൽ വരുത്താൻ കഴിയുന്ന വിലപ്പെട്ട നിർദേശങ്ങൾ സാമ്പത്തിക വിദഗ്ധരിൽ നിന്നും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

പശ്ചാത്തലമേഖലയിലെ വികസനം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എന്തെല്ലാം തരത്തിലുള്ള തൊഴിലുകൾക്കാണ് കൂടുതൽ സാധ്യത, അതിനായി നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്തുതരം മാറ്റങ്ങളാണ് ഉണ്ടാകേണ്ടത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സർക്കാർ തലത്തിൽ ചില ഗൃഹപാഠങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ അത് മാത്രം പോരാ, വിവിധ ഗവേഷക സമൂഹങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കാലം തുറന്നു തരുന്ന പുതിയ അവസരങ്ങൾ  ഫലപ്രദമായി വിനിയോഗിക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. പക്ഷെ ഇനിയും വളരെയധികം കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാനുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഇക്കാര്യത്തിൽ നൂതനമായ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന് സാധിക്കും.

പതിനഞ്ചാം പദ്ധതിയുടെ പശ്ചാത്തലത്തിൽ വിപുലമായ പങ്കാളിതത്തോട് കൂടി ഒരു ജനകീയ വികസന പഠന സംവാദ യജ്ഞം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശരാശരി പത്തു ലക്ഷം രൂപ വീതം കേരളത്തിലെ അൻപത് ഉന്നത വിദ്യാഭ്യാസ ഗവേഷണ പ്രൊജക്റ്റുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോൾ നാം ലക്ഷ്യമിടുന്നത് ഒരു വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിനായി ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാനും ഗുണമേന്മയുള്ളതാക്കാനും നാം ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ ദിശയിൽ നമ്മൾ നടത്തിയ കാൽവയ്പ്പുകൾ ഫലംകണ്ടുതുടങ്ങിയിട്ടുമുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെയും ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ചുരുങ്ങിയ കാലയളവിൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന കാര്യം ചർച്ച ചെയ്യുകയും സർക്കാരിനാവശ്യമായ നിർദേശങ്ങൾ തരികയും ചെയ്യണമെന്ന് കോൺഫറൻസിൽ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ധരോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: കോട്ടയത്തെ നഴ്സിങ് കോളേജിലെ റാഗിംഗ് അതിരുകടന്ന ക്രൂരതയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. “റാഗിംഗിന്റെ ആദ്യ സെക്കൻഡുകൾ കണ്ടപ്പോൾ തന്നെ അതിന്റെ ക്രൂരത മനസ്സിലാക്കാമായിരുന്നു. മുഴുവൻ വീഡിയോ കാണാൻ പോലും കഴിയില്ല. സസ്പെൻഷനിൽ മാത്രം ഒതുങ്ങാൻ കഴിയാത്ത വിഷയമാണിത്. പ്രതികളെ കോളേജിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികൾ ആലോചിച്ചുവരികയാണ്,” മന്ത്രി വ്യക്തമാക്കി.

സ്കൂൾ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു . “സിസിടിവി ക്യാമറകൾ കോളേജ് കോറിഡോറിലുണ്ടെങ്കിലും, ഭരണകൂടത്തിന് സംഭവങ്ങളെക്കുറിച്ച് എന്തുകൊണ്ട് അറിയാൻ കഴിഞ്ഞില്ല? സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാരുടെ മുറിയിൽ നിരന്തരം പ്രവേശിച്ചതെന്തിന്? മൂന്നുമാസമായി പീഡനം തുടരുന്നുണ്ടായിരുന്നെന്നും ഇതിൽ വിദ്യാർത്ഥി അടിയന്തരമായി നീതി തേടണമെന്നും,” മന്ത്രി അഭിപ്രായപ്പെട്ടു.

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തെ തുടർന്ന് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി ഇടപെടലുമായി മുന്നോട്ടുവരികയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിർദ്ദേശം നൽകി . വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണം.ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിർദേശം നൽകി

ആനയെ നിയന്ത്രിക്കുന്നതിനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുമായി അധികൃതർക്ക് നിർദേശങ്ങൾ നൽകുമെന്ന് കോടതി വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം: വയനാട്ടിൽ പുനരധിവാസ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു. ടൗൺഷിപ്പ് ഉൾപ്പെടെ 16 പദ്ധതികൾക്കാണ് ഈ വായ്പ അനുവദിച്ചിരിക്കുന്നത്. 50 വർഷത്തിനകം തിരിച്ചടയ്ക്കാനാകുന്ന പലിശരഹിത വായ്പയാണിതെന്ന് കേന്ദ്ര ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ടൗൺഷിപ്പുകൾ വികസിപ്പിക്കാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ പൊതുമേഖലാ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ എന്നിവയുടെ നവീകരണത്തിനാണ് ഈ തുക വിനിയോഗിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാർച്ച് 31നകം ഈ തുക ഉപയോഗിക്കണമെന്ന കേന്ദ്ര നിർദേശം വന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ അനുവദിച്ച തുക പ്രായോഗികമായി ചെലവഴിക്കാൻ ബുദ്ധിമുട്ടാണെന്നതായിരുന്നു ധനവകുപ്പിന്റെ പ്രതികരണം.

തിരുവനന്തപുരം: കൊച്ചിക്ക് ശേഷം തിരുവനന്തപുരത്തും മെട്രോ പദ്ധതി യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാർ ഈ മാസാവസാനം തന്നെ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് സൂചന. അലൈൻമെൻ്റ് സംബന്ധിച്ച് ധനവകുപ്പ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അലൈൻമെൻ്റ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച ശേഷം അന്തിമ അംഗീകാരം ലഭിക്കുമെന്ന് കരുതുന്നു. അംഗീകാരം നേടിയാൽ അതും മന്ത്രിസഭയുടെ പരിഗണനയ്ക്കായി എത്തും. ഈ മാസാവസാനത്തോടെ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025-26 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ വിശദമായ അവതരണം ഉടൻ നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. അലൈൻമെൻ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും തുടക്കം കഴക്കൂട്ടത്തുനിന്നാകുമെന്ന് സൂചനയുണ്ട്.

അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർ പ്രക്രിയയായി നടപ്പിലാക്കുകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം വഴുതക്കാട് ഗവണ്മെന്റ് വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹരുടെ കൈവശമുള്ള മുൻഗണനാ കാർഡുകൾ അർഹരായവർക്ക് നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ നിന്നും പുറത്തായതും ഉൾപ്പടെയുള്ള അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളാണ് പുതിയ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 1,54,80,040 (ഒരു കോടി അൻപത്തിനാല് ലക്ഷത്തി എൺപതിനായിരത്തി നാൽപത്) മുൻഗണനാ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. അതായത് ഏകദേശം 43 ശതമാനം പേർ മാത്രമാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള റേഷൻ പരിധിയിൽ വരുന്നത്. ബാക്കി 57 ശതമാനം വരുന്ന മുൻഗണനേതര ജനവിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ എഫ്.സി.ഐ യിൽ തുക അടച്ച് അരി ലഭ്യമാക്കി റേഷൻ നൽകി വരുന്നു. 2011 സെൻസസിനെ അടിസ്ഥാനമാക്കിയാണ് മുൻഗണനാ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. 2011 ന് ശേഷം ജനസംഖ്യയിലുണ്ടായ വർധനവ് പരിഗണിച്ച് കൂടുതൽ പേരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം നിലനിന്നിരുന്നതും ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ കുറവുള്ളതും പരിഗണിച്ച് കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും പൊതുവിതരണ കേന്ദ്രം വഴി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണം. ഈ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം നാളിതുവരെയായി 55,157 അന്ത്യോദയ അന്നയോജന കാർഡുകളും 4,04,915 പ്രയോറിറ്റി ഹൗസ്‌ഹോൾഡ് കാർഡുകളും ഉൾപ്പെടെ ആകെ 4,60,072 മുൻഗണനാകാർഡുകളും അർഹരായവർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത കൈകാര്യ ചെലവ്, റേഷൻ വ്യാപാരി കമ്മീഷൻ എന്നീ ഇനങ്ങളിലായി വലിയ തുക സംസ്ഥാന സർക്കാർ വഹിക്കുന്നു. സംസ്ഥാന ജനസംഖ്യയുടെ 57 % വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിലകൊടുത്തു വാങ്ങിയാണ് വിതരണം ചെയ്യുന്നത്. 340 കോടിയോളം രൂപ ഈ ഇനത്തിൽ ഒരു വർഷം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. റേഷൻ വ്യാപാരികമ്മീഷൻ ഇനത്തിൽ 282 കോടി രൂപയും ഒരു വർഷം ചെലവഴിക്കുന്നുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ, വാതിൽപ്പടി ഗതാഗത കൈകാര്യ ചെലവ് തുടങ്ങിയ വകയിൽ ഒരു വർഷം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് ഏകദേശം 600 കോടി രൂപയാണ്. ഇതിൽ ഏകദേശം 75 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നതെന്നും ബാക്കി 525 കോടി രൂപയും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ സൈന്യം ബുധനാഴ്ച പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്താന്റെ നീക്കം പരാജയപ്പെട്ടു.

അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ശേഷം നിയന്ത്രണരേഖയിലെ ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, പാകിസ്താന്റെ ഈ നീക്കം വെടിനിർത്തൽ കരാറിന്റെ ഉറപ്പിന്മേൽ ഭീഷണി ഉയർത്തുന്നതായി സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും കൈക്കൂലിയും അതിരൂക്ഷമാകുന്നതിനിടെ ശക്തമായ നടപടിയുമായി വിജിലൻസ്. അഴിമതിക്കാരെ കൈയോടെ പിടികൂടുന്നതിനായി 200-ഓളം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ അറിയിച്ചു. ഈ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗമാണ് തയ്യാറാക്കിയിരിക്കുന്നത്.

റവന്യൂ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലായി ഉൾപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ച് പിടികൂടാനാണ് വിജിലൻസ് എസ്‌പിമാർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാൻസർ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരിൽ കാൻസർ രോഗസാധ്യതയുള്ളവർക്ക് മറ്റിടങ്ങളിൽ അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നു. സംസ്ഥാനത്തെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണൽ കാൻസർ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്. സംസ്ഥാനത്തെമ്പാടും ഒരേ തരത്തിൽ ഉയർന്ന നിലവാരമുള്ള കാൻസർ പരിചരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ ഗ്രിഡിലൂടെ രോഗികൾക്ക് എവിടെയാണെങ്കിലും സമാനമായ ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നു. കാൻസർ പരിചരണത്തിനായി ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാർഗനിർദ്ദേശങ്ങളും സാധ്യമാക്കാനും ഇതിലൂടെ കഴിയുന്നു. കാൻസർ വിദഗ്ദ്ധർക്കിടയിൽ സഹകരണം എളുപ്പമാക്കുകയും അതുവഴി അവർക്ക് അറിവും വൈദഗ്ധ്യവും പങ്കിടാനും കഴിയുന്നു. കൂടാതെ കാൻസർ ചികിത്സയിലും പ്രതിരോധത്തിലുമുള്ള ഗവേഷണത്തേയും ഇന്നൊവേഷനേയും പ്രോത്സാഹിപ്പിക്കുന്നു.

എവിടെയെല്ലാം കാൻസർ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്, അവിടെ കാൻസർ സംശയിച്ചാൽ എവിടെ റഫർ ചെയ്യണം, അവിടെ എന്തെല്ലാം സേവനങ്ങൾ വേണം തുടങ്ങി കാൻസറിന്റെ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭ്യമാകുന്നു എന്ന് കൃത്യമായി മാപ്പ് ചെയ്യുന്ന സംവിധാനമാണ് കാൻസർ ഗ്രിഡ്. ഒരു സ്ഥാപനത്തിൽ കാൻസർ കണ്ടെത്തിയാൽ തുടർസേവനങ്ങൾ എവിടെ ലഭ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. രോഗി എത്തുന്ന ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്ത് ആവശ്യമായ വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്താണ് അയയ്ക്കുന്നത്. ആ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. സാമ്പിളുകൾ നൽകിയ ശേഷം രോഗിയ്ക്ക് വീട്ടിൽ പോകാം. പരിശോധനാ ഫലം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം വഴി അറിയിക്കുന്നു. ആവശ്യമെങ്കിൽ തുടർ സേവനങ്ങൾക്കായി റഫറൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. ചികിത്സയ്ക്ക് ശേഷം ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കുന്നു. ആശുപത്രികളിലെ ഗ്യാപ്പ് അനാലിസിസ് നടത്തി തുടർ നടപടികൾ സ്വീകരിച്ചാണ് കാൻസർ ഗ്രിഡ് സ്ഥാപിച്ചത്.

സംസ്ഥാനത്ത് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും പ്രത്യേക പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജനകീയ കാൻസർ ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ്. സ്‌ക്രീനിംഗിൽ രോഗ സാധ്യത കണ്ടെത്തുന്നവർക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ഈ പ്രവർത്തനങ്ങൾക്കും കാൻസർ ഗ്രിഡ് ഏറെ സഹായിക്കും.

തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കാൻ ഭൂമി തരംമാറ്റത്തിനുള്ള അനുമതി ആവശ്യമില്ലെന്ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതു പോലെ, അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടം നിർമിക്കുന്നതിനും 2018ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണനിയമത്തിലെ 27(എ) വകുപ്പ് പ്രകാരം തരംമാറ്റ അനുമതി വേണ്ട.

ഈ ഇളവുകൾ പ്രയോജനപ്പെടുത്തുന്നവർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി അപേക്ഷിക്കുമ്പോൾ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ അപേക്ഷകളുടെ തീർപ്പാക്കൽ നടപടികൾ വേഗത്തിലാക്കണമെന്നും, സ്ഥലപരിശോധന ആവശ്യമായ സാഹചര്യങ്ങളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.