General (Page 15)

‘മാലിന്യമുക്ത നവ കേരളം’ കാമ്പയിനിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ ഉറപ്പ് വരുത്തി “മാലിന്യ മുക്ത ഹരിത എക്സൈസ് ഓഫീസ്” എന്ന മുദ്രാവാക്യം ഉയർത്തി എല്ലാ എക്സൈസ് ഓഫീസുകളെയും മാലിന്യ മുക്ത ഹരിത ഓഫീസുകൾ ആക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ ആന്റണി രാജു എം.എൽ.എ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് എക്സൈസ് ആസ്ഥാന മന്ദിരത്തിൽ വച്ച് നിർവഹിക്കും.

തിരുവനന്തപുരം: വയനാടിനുള്ള കേന്ദ്ര വായ്പയുടെ ഉപാധികൾ മറികടക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. ടൗൺഷിപ്പിനായി നിർദ്ദിഷ്ട ഭൂമിയുടെ വിലനിർണ്ണയം പൂർത്തിയായതോടെ ഈ മാസത്തിനുള്ളിൽ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുകയാണ്. വായ്പാ വിനിയോഗ നടപടികൾ വിലയിരുത്തുന്നതിന് വൈകുന്നേരം മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പുനരധിവാസ പദ്ധതികൾക്ക് ഇനി താമസം അനുവദിക്കാനാവില്ലെന്ന തീരുമാനത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

എൽസ്റ്റോൺ, നെടുമ്പാല എസ്റ്റേറ്റുകളിലായി ടൗൺഷിപ്പിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റവന്യു വകുപ്പ് അവസാന ഘട്ടത്തിലാണ്. ഭൂമിയുടെ വിലനിർണ്ണയം പൂർത്തിയായതോടെ ഉടൻ തന്നെ ഏറ്റെടുക്കലിന് അനുമതി നൽകും. ഗുണഭോക്താക്കളുടെയും ആദ്യഘട്ട പട്ടിക തയ്യാറാക്കിയതിന് ശേഷം മാർച്ചിൽ ടൗൺഷിപ്പിന് തറക്കല്ലിടാനാണ് സർക്കാർ പദ്ധതി.

ടൗൺഷിപ്പിനോട് ചേർന്ന് പൊതു ഗതാഗത സംവിധാനങ്ങൾക്കും പൊതുകെട്ടിടങ്ങൾക്കും ഉൾപ്പെടെ 16 പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ വായ്പ അനുവദിച്ചിരിക്കുന്നത്. 529.50 കോടി രൂപ ചെലവഴിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ശേഷിയുള്ളൂ എന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളെ അടിയന്തരമായി പദ്ധതി പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പദ്ധതിയുടെ രൂപരേഖ ആലോചിച്ച് പ്രധാന തീരുമാനങ്ങൾ എടുക്കാൻ ഉന്നതതല യോഗം ചേരും. യോഗത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അംഗ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. ടൗൺഷിപ്പിനും അനുബന്ധ പദ്ധതികൾക്കും പ്രവർത്തനം ആരംഭിച്ച ശേഷം വായ്പാ തുക വിനിയോഗത്തിൽ സാവകാശം തേടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

ദില്ലി: കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രശംസിച്ചതിന് ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, തരൂരിനെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. കേരള സർക്കാർ അവതരിപ്പിച്ച കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്ന് ഹൈക്കമാൻഡ് തരൂരിനെ ബോധ്യപ്പെടുത്തി.

ഹൈക്കമാൻഡിന് മുമ്പുതന്നെ തരൂരിന്‍റെ പ്രസ്താവനകളിൽ തെറ്റുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. മോദിയുടെ നയതന്ത്ര നേട്ടങ്ങൾ പ്രശംസിക്കുകയും കേരളത്തിലെ വ്യവസായ രംഗത്തെ കണക്കുകൾക്കുപുറമെ സ്റ്റാർട്ട്‌അപ്പുകൾക്കുമേൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത തരൂരിന്‍റെ നിലപാട്, പാർട്ടിക്ക് ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കിയതായി ഹൈക്കമാൻഡ് വിലയിരുത്തുന്നു.

തരൂരിന്‍റെ ലേഖനത്തിൽ വ്യവസായ മന്ത്രിയുടെ അവകാശവാദങ്ങൾ ആവർത്തിച്ചിരുന്നതിനെ പാർട്ടി അംഗീകരിച്ചില്ല. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകൾ പ്രതിസന്ധിയിലാണെന്ന വാസ്തവം തരൂരിന്റെ ശ്രദ്ധയിൽ പെടുത്തിയതായി ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരുമായി നേരിട്ട് സംസാരിച്ചത്.

തത്സമയം വിശദീകരണം തേടുകയോ അച്ചടക്ക നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന തീരുമാനം പാർട്ടിക്ക് യോജിച്ചതായാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലും പൊതുജനതലത്തിലും തരൂരിന് അനുകൂല പ്രതികരണമാണ് ഉയരുന്നത്. അച്ചടക്ക നടപടിയെടുക്കുകയാണെങ്കിൽ അത് പാർട്ടിക്കു തിരിച്ചടിയാകാമെന്ന് നേതാക്കൾ കരുതുന്നു.

അതേസമയം, പാർട്ടി നേതൃത്വത്തിന്‍റെ സമീപനത്തിൽ തരൂരിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രവർത്തക സമിതിയിൽ അംഗത്വം നിലനിൽക്കുമ്പോഴും സംഘടനാതല കാര്യങ്ങളിൽ അദ്ദേഹത്തെ അകറ്റി നിർത്തുന്നുവെന്ന തോന്നലാണ് അദ്ദേഹത്തിനുള്ളത്. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതോടെ പാർലമെന്റിലെ സ്വാധീനവും കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന തലത്തിലും അദ്ദേഹത്തോട് അനുകൂല സമീപനം കുറവായതോടെ, ഈ നിലപാട് രാഷ്ട്രീയമായി കൂടുതൽ പ്രതിഫലിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ദില്ലി: അമേരിക്കയിൽ നിന്നും അനധികൃതമായി കുടിയേറിയ ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി. 112 പേരാണ് വിമാനം വഹിച്ചിരുന്നത്, ഇതിൽ 44 പേർ ഹരിയാനയിലെവുമാണ് 31 പേർ പഞ്ചാബ് സ്വദേശികളുമാണ്. മറ്റുള്ളവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

വിമാനത്തിൽ എത്തിയവരെ കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ എത്തിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, രണ്ടാമത്തെ ഘട്ടത്തിൽ എത്തിയവർക്ക് കൈവിലങ്ങും ചങ്ങലയും അണിയിച്ചിരുന്നതായി ചില കുടിയേറ്റക്കാർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഈ വിഷയത്തിൽ ഇന്ത്യയുടെ അതൃപ്തി അറിയിച്ചില്ലെന്നാരോപിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിക്കുന്നത്.

ദില്ലിയിൽ പുലർച്ചെ അനുഭവപ്പെട്ട ഭൂചലനം നഗരവാസികളെ ആശങ്കയിലാഴ്ത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. ദുര്‍ഗാ : ഭായി ദേശ്മുഖ് കോളേജിന് സമീപം അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ ഉത്ഭവം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തുടർച്ചയായ പ്രകമ്പനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 5.36ന് ദില്ലിയിൽ അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായാണ് പ്രദേശവാസികൾ അറിയിച്ചത്. പ്രഭവ കേന്ദ്രത്തിൽ തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിച്ചതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ഭീതിയോടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഭീമമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

hot

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ താപനില വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി റിപ്പോർട്ട്. ഇന്ന് ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ 2°C മുതൽ 3°C വരെ ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയെ തുടർന്ന് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായി തുടരാൻ നിർബന്ധമായും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി .

മലപ്പുറം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖന വിവാദത്തിൽ മറുപടിയുമായി മുസ്ലിം ലീഗ്. താൻ വ്യവസായി മന്ത്രിയായിരുന്ന കാലത്ത് കേരളത്തിൽ ഉണ്ടായ വികസന മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കേരളത്തിന്റെ” വ്യവസായ ഭൂപടം എ.കെ. ആൻറണി സർക്കാരിന്റെ കാലത്താണ് മാറിയത്” – എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്നത്തെ യുഡിഎഫ് സർക്കാർ കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയപ്പോൾ പ്രതിപക്ഷം വലിയ സമരങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനത്തിൽ സഹകരിച്ചതു യുഡിഎഫ് ആയിരുന്നുവെന്നും ഇടതുപക്ഷം അന്നും ഇപ്പോഴും നിക്ഷേപ സൗഹൃദ നിലപാടുകളുമായി മുന്നോട്ടുപോകുന്നില്ലെന്നും ലീഗ് നേതാവ് വിമർശിച്ചു. “കേരളത്തിൽ വ്യവസായ വളർച്ചയ്ക്കുണ്ടായ എല്ലാ മാറ്റങ്ങൾക്കും കാരണം യുഡിഎഫാണ്. ഇടതുപക്ഷം സ്ഥിരമായി തടസ്സങ്ങൾ സൃഷ്ടിച്ചു” – എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഷ്ട്രീയ വിമർശനം ഉചിതമായ വേദിയിൽ പറഞ്ഞാൽ മതിയെന്നും, ലീഗ് ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഞ്ചു വർഷം കൊണ്ട് യുഡിഎഫ് കൈവരിച്ച വികസനം ഒമ്പത് വർഷമായിട്ടും എൽഡിഎഫിനായി സാധ്യമായിട്ടില്ല” – എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കിലും തിക്കിലും പെട്ട് 18 പേർ മരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. കുംഭമേളക്ക് പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. വേറൊരിടത്തേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ വൈകിയതോടെയാണ് ആളുകൾ നിയന്ത്രണം വിട്ട് തിരക്ക് കൂടിയതുമാണ് ദുരന്തത്തിലേക്ക് നയിച്ചത് .

സംഭവത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. 14, 15 നമ്പർ പ്ലാറ്റ്‌ഫോമുകളിലാണ് അപകടം ഉണ്ടായത്.

ഉന്നതതല അന്വേഷണം നടത്താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ടു പ്രത്യേക ട്രെയിനുകൾ റെയിൽവേ തയ്യാറാക്കിയിരുന്നു. ഈ ട്രെയിനുകൾ എത്തിച്ചേരുമ്പോഴായിരുന്നു തിരക്ക് അതിരൂക്ഷമായത്. നിരവധി പേർ അബോധാവസ്ഥയിലാവുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പ്രത്യേക നടപടികൾ സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും കൃഷിചെയ്യുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ആദ്യഘട്ടമായി കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിനായി ഉപയോഗപ്പെടുത്തി. ഇനിയും വ്യത്യസ്ത പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ വരാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രശംസിച്ച ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും, ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര വ്യക്തമാക്കി.

മോദിയുടെ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്റിലും പുറത്തും ശക്തമായ പ്രതിഷേധം തുടരുമ്പോഴാണ് തരൂരിന്റെ അനുകൂല പരാമർശം. പ്രധാനമന്ത്രി മോദിയുടെയും ഡൊണാൾഡ് ട്രംപിന്റെയും പ്രസ്താവനകൾ വ്യാപാര മേഖലയിലെ ഭാവിയിലേക്കുള്ള പ്രതീക്ഷകൾ ഉയർത്തുന്നുവെന്നും, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നുമാണ് തരൂർ പറഞ്ഞത്.

കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ നേരത്തെ പാർട്ടിക്ക് തലവേദന ഉണ്ടാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശേഷം തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളെ ശ്രദ്ധയോടെ വിലയിരുത്തുകയാണ് പാർട്ടി. പ്രവർത്തക സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും പാർട്ടിക്കുള്ളിൽ സമ്മർദ്ദം മൂലമാണെന്ന വിലയിരുത്തലുണ്ട്.