Health (Page 41)

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്‌പോട്ടുകൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്‌പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ഫീൽഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടർ കൺട്രോൾ യൂണിറ്റും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് വീണാ ജോർജ് നിർദ്ദേശം നൽകി.

എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്.

സ്വയംചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനികൾക്ക് സാധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്. ഓൺലൈൻ വഴി ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവെലൻസ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ 2005 ഒക്ടോബര്‍ 25 നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ആയിരത്തിലേറെ കുട്ടികളാണ് 6728 പേരുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. ഇവര്‍ക്ക് സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഒട്ടേറെ കുഞ്ഞുങ്ങള്‍ 2011 ന് ശേഷവും ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉത്തരവിന് പിന്നില്‍ ആരോഗ്യ വകുപ്പിന്‍റെ ഗൂഡാലോചനയുണ്ടെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ പ്രകാരം 10 ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളേയാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നത്. എല്ലാ ആശുപത്രികളേയും സമയബന്ധിതമായി സ്മാർട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി മാറി. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ദിവ്യയേയും മറ്റ് ടീം അംഗങ്ങളേയും ജില്ലാ എഎംആർ കമ്മിറ്റിയേയും മന്ത്രി അഭിനന്ദിച്ചു.

മനുഷ്യരിലെയും മൃഗങ്ങളിലെയും രോഗങ്ങൾ മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാൻ കഴിയാത്ത ഒരു സാഹചര്യത്തെക്കുറിച്ച് ആലോചിക്കാൻ കഴിയില്ല. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ലോകം അങ്ങനെയൊരു അവസ്ഥയിൽ എത്തപ്പെടാം. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീർക്കുന്ന അവസ്ഥ ആഗോള ആരോഗ്യ ഭീഷണിയാണ്. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗം തടയുന്നതിന് സംസ്ഥാന സർക്കാർ ശാസ്ത്രീയമായ കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’ എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി രാജ്യത്ത് ആദ്യമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിനും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. ‘ആന്റിബയോട്ടിക് സാക്ഷര കേരളം’, ‘സ്മാർട്ട് ഹോസ്പിറ്റൽ’ എന്നിവ നമ്മുടെ കേരളത്തിന്റെ മാത്രം ആശയങ്ങളാണ്. ഇത് പ്രാവർത്തികമാക്കുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരള എഎംആർ സർവെലൻസ് നെറ്റുവർക്കിൽ ഒട്ടേറെ ആശുപത്രികൾ ചേർന്നു കഴിഞ്ഞു. ഇതിൽ നിന്നും മാറി നിൽക്കുന്ന ചില ആശുപത്രികളുമുണ്ട്. അവയെ സർവെലൻസ് നെറ്റുവർക്കിന്റെ ഭാഗമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 2023 ഓഗസ്റ്റ് മാസത്തിലാണ് ബ്ലോക്ക്തല എഎംആർ കമ്മിറ്റികളുടെ മാർഗനിർദേശങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഒരാഴ്ച നീണ്ട ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണതിതന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആർആർടി., ഐഡിഎസ്പി യോഗങ്ങൾ ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി. പനി മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.

എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. തൊലിപ്പുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാൻ സാധ്യതയുള്ളതിനാൽ മഴവെള്ളത്തിലൂടെ നടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളത്തിൽ കൂടി നടക്കേണ്ടി വരുന്നവർ കാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. കണ്ണിൽ ചുവപ്പ് കാൽവണ്ണയിൽ വേദന എന്നിവ കണ്ടാൽ ഉടനടി ചികിത്സ തേടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നേരിയ പനിയോടൊപ്പം വയറുവേദന, ഛർദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡെങ്കിപ്പനി സാധ്യതയുണ്ടെന്നും ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. പനിയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീണാ ജോർജ് നിർദ്ദേശം നൽകി.

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമായി കാണുന്നുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കായിക മേഖലയ്‌ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ജൂണിൽ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദർശിച്ച വേളയിലാണ് കായിക, ആരോഗ്യ മേഖലകളിൽ സഹകരിക്കാൻ ധാരണയായത്. തിരുവനന്തപുരത്ത് ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളവും ക്യൂബയും പല കാര്യങ്ങളിലും സാമ്യമുള്ള നാടുകളാണ്. രണ്ടിടത്തും തീരദേശം നിറഞ്ഞ ഭൂപ്രകൃതിയാണ്. പൊതുജനാരോഗ്യ രംഗത്തും രണ്ടു സ്ഥലങ്ങളും മുന്നേറിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങൾക്ക് മാതൃകയാണ്. കോവിഡ് കാലത്ത് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ സഹായദൗത്യവുമായി മറ്റു രാജ്യങ്ങളിൽ പോയി. കേരളവും കോവിഡിനെ ഫലപ്രദമായി ചെറുത്ത് മാതൃകയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കായിക മത്സരങ്ങൾ അതിർത്തികൾ കടന്ന് ജനതയെ ആനന്ദിപ്പിക്കുന്നു. കായിക ഇനങ്ങൾക്ക് ദേശാതിർത്തികളില്ല. വിവിധ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം വേദിയായിക്കഴിഞ്ഞു. ഫിഫ അണ്ടർ 17 ലോകകപ്പ്, സന്തോഷ് ട്രോഫി, ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്, മൗണ്ടൻ സൈക്കിളിംഗ് മത്സരങ്ങൾ എന്നിവയെല്ലാം കേരളത്തിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോർട്‌സ് മീറ്റുകൾ നടത്താനുള്ള കേരളത്തിന്റെ കഴിവാണ് ഇത് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കായിക മന്ത്രി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഇന്ത്യയിലെ ക്യൂബൻ അംബാസഡർ അലക്‌സാഡ്രോ സിമാൻകസ് തുടങ്ങിയവർ സംബന്ധിച്ചു.

തിരുവനന്തപുരം: ഗുരുതരമായ എ.ആർ.ഡി.എസിനൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ മേഖലയിൽ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യിൽ ലഭ്യമാക്കിയത്. ചികിത്സയും പരിചരണവും നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഒക്ടോബർ 13നാണ് കുട്ടിയെ പനിയും ശ്വാസതടസവും കാരണം എസ്. എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറവായതിനാൽ ശ്വസിയ്ക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ വെന്റിലേറ്റർ സപ്പോർട്ട് നൽകി തുടർചികിത്സ ആരംഭിച്ചു. എന്നാൽ വെന്റിലേറ്ററിന്റെ സഹായം നൽകിയിട്ടും കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്‌സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ. അടുത്ത ഏതാനം മണിക്കൂറിനുള്ളിൽ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലാകാൻ തുടങ്ങി.

ഈ ഘട്ടത്തിൽ കൂട്ടിയുടെ ജീവൻ രക്ഷിക്കാൻ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എക്‌മോ മാത്രമായിരുന്നു മുന്നിലുള്ള മാർഗം. എക്‌മോ ചികിത്സയിൽ ശരീരത്തിൽ നിന്ന് രക്തം പുറത്തെടുക്കുകയും ശരീരത്തിന് പുറത്ത് ഓക്‌സിജൻ നൽകുകയും ശരീരത്തിലേയ്ക്ക് ഓക്‌സിജൻ അടങ്ങിയ രക്തം മടക്കി നൽകുകയും ചെയ്യുന്നു.

13ന് രാത്രി 09.30ന് അഡ്മിറ്റായ കുട്ടിയ്ക്ക് 14ന് രാത്രി 11.30 മണിയോടു കൂടി എക്‌മോ ചികിത്സ ആരംഭിച്ചു. ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്‌മോ ചികിത്സ നിർത്തുകയും ചെയ്തു. തുടർന്ന് വെന്റിലേറ്റർ ചികിത്സ 28 വരെ തുടരുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്‌സിജൻ സഹായമില്ലാതെ ശ്വസിക്കാനും കഴിഞ്ഞു. പൂർണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടൻ ഡിസ്ചാർജ് ചെയ്യും.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദുവിന്റെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജി.എസ്. ബിന്ദു, യൂണിറ്റ് ചീഫ് ഡോ. സനുജ സരസം, പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. ഷീജ സുഗുണൻ, ഡോ. രേഖാ കൃഷ്ണൻ, ഐ.സി.യു.വിലെ സീനിയർ, ജൂനിയർ റെസിഡന്റുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, എസ്.എ.ടി. സി.വി.ടി.എസ്. ടീം, ഡോ. വിനു, ഡോ. നിവിൻ ജോർജ്, ചീഫ് നഴ്‌സിംഗ് ഓഫീസർ അമ്പിളി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പി.ഐ.സി.യുവിലേയും സി.വി.ടി.എസ്. ഐ.സി.യു.വിലേയും നഴ്‌സിംഗ് ഓഫീസർമാർ, പെർഫ്യൂഷനിസ്റ്റുകൾ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാവരുടേയും ആത്മാർത്ഥ പരിശ്രമമാണ് അത്യന്തം വെല്ലുവിളി നിറഞ്ഞ എക്‌മോ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകൾ, കുഞ്ഞിന്റെ വളർച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികൾ ആനുകൂല്യങ്ങൾ എന്നിവ ആശപ്രവർത്തകർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ശിശുമരണനിരക്ക് 2021ൽ 6 ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ൽ താഴുക എന്നതാണ്. ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചിൽ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്.

നവജാതശിശു പരിചരണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നിലവിൽ കേരളത്തിൽ 24 എസ്.എൻ.സി.യു. പ്രവർത്തിക്കുന്നു. ഇത് കൂടാതെ 64 എൻ.ബി.എസ്.യു., 101 എൻ.ബി.സി.സി. എന്നിവ സർക്കാർ മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്.

അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങൾക്ക് ഈ പദ്ധതി വഴി ചികിത്സ നൽകി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്‌സലൻസായി ഉയർത്തിയിട്ടുണ്ട്. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാമും ആരംഭിക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 6600 ഓളം കുഞ്ഞുങ്ങളേയാണ് ഇതിലൂടെ രക്ഷിക്കാനായത്.

ഒരു വർഷം കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം ഒരു ലക്ഷത്തി പതിനായിരം കുട്ടികളാണ് ജനിക്കുന്നത്. ഗർഭിണിയാകുന്നത് മുതൽ കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശു സ്‌ക്രീനിംഗ് ആയ ശലഭം നടപ്പിലാക്കി വരുന്നു.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൗൺസിലർ ഡി.ആർ. അനിൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീന, ഡെപ്യൂട്ടി ഡയക്ടർ ഡോ. സന്ദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ജില്ലാ പ്രോഗ്രാം മാനേജർ ആശാ വിജയൻ, സ്റ്റേറ്റ് ന്യൂ ബോൺ റിസോഴ്‌സ് സെന്റർ നോഡൽ ഓഫീസർ രാധിക, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ യു.ആർ. രാഹുൽ, ആർ.സി.എച്ച്. ഓഫീസർ ഡോ. കൃഷ്ണവേണി, ഐ.എ.പി., എൻ.എൻ.എഫ്. പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: കൂടുതൽ ആശുപത്രികളിൽ ഈ വർഷം ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ രോഗികൾക്കായുള്ള പൾമണറി റീഹാബിലിറ്റേഷൻ സെന്റർ, ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേറ്റ് സി.ഒ.പി.ഡി. സെന്റർ തൃശൂർ നെഞ്ചുരോഗ ആശുപത്രിയിൽ ഈ വർഷം ആരംഭിക്കുന്നതിനായുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ജില്ലാ, ജനറൽ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സി.ഒ.പി.ഡി. രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി. ലോക സി.ഒ.പി.ഡി. ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ് സി.ഒ.പി.ഡി. (Chronic Obstructive Pulmonary Disease). വിട്ടുമാറാത്തതും കാലക്രമേണ വർദ്ധിക്കുന്നതുമായ ശ്വാസംമുട്ടൽ, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പലതരം പുകകൾ, വാതകങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നു. ലോകത്ത് മരണങ്ങൾക്കുള്ള ആദ്യ മൂന്നു കാരണങ്ങളിൽ ഒന്നാണ് സി.ഒ.പി.ഡി. പ്രതിവർഷം മൂന്ന് ദശലക്ഷം മരണങ്ങൾ സി.ഒ.പി.ഡി. മൂലം സംഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ്ലോബൽ ബർഡെൻ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ് പ്രകാരം ഇന്ത്യയിൽ മാരകരോഗങ്ങളിൽ സി.ഒ.പി.ഡി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഈ രോഗത്തിന്റെ വ്യാപ്തി മനസിലാക്കിക്കൊണ്ട് അവബോധം വളർത്തുവാനാണ് 2002 മുതൽ നവംബർ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക സി.ഒ.പി.ഡി. ദിനമായി ആചരിക്കുന്നത്.

‘ശ്വാസമാണ് ജീവൻ – നേരത്തെ പ്രവർത്തിക്കൂ’ (Breathing is Life – Act Earlier) എന്നുള്ളതാണ് ഈ വർഷത്തെ ലോക സി.ഒ.പി.ഡി. ദിന സന്ദേശം. ശ്വാസകോശ ആരോഗ്യം കുട്ടിക്കാലം മുതൽ തന്നെ സംരക്ഷിക്കേണ്ടതിന്റെയും നേരത്തെയുള്ള രോഗ നിർണയത്തിന്റെയും ചികിത്സയുടെയും പ്രാധാന്യവും ഊട്ടി ഉറപ്പിക്കുന്നതാണ് ഈ സന്ദേശം.

സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം സി.ഒ.പി.ഡി. രോഗികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിൽ സി.ഒ.പി.ഡി.യെ എൻ.സി.ഡി.യുടെ ഭാഗമായി ഉൾപ്പെടുത്തുകയും പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി ‘ശ്വാസ്’ എന്ന പേരിൽ ഒരു നൂതന സംരംഭം ആരംഭിക്കുകയും ചെയ്തു. ഈ പദ്ധതിയിലൂടെ കേരളത്തിൽ നിലവിലുള്ള രോഗികൾക്ക് കുടുംബാരോഗ്യ കേന്ദ്രം മുതൽ ജില്ലാ, ജനറൽ ആശുപത്രി വരെയുള്ള ആശുപത്രികളിൽ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ കൃത്യമായ ചികിത്സ ഉറപ്പുവരുത്തുന്നു.

സ്‌പൈറോമെട്രി പരിശോധനയിലൂടെ കൃത്യമായ രോഗനിർണയം, ശ്വാസ് ചികിത്സാ മാർഗരേഖ പ്രകാരമുള്ള കൃത്യമായ ചികിത്സ, സൗജന്യമായി ഇൻഹേലർ മരുന്നുകൾ, പുകവലി നിർത്തുന്നതിനായുള്ള ചികിത്സ, പൾമണറി റീഹാബിലിറ്റേഷൻ, കൗൺസിലിങ്, കൃത്യമായ റഫറലും ഫോളോ അപ്പും എന്നീ സേവനങ്ങൾ ശ്വാസ് ക്ലിനിക്കുകളിലൂടെ നൽകുന്നത്.

സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതി വഴി സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും.കുഞ്ഞിന്റെ വളര്‍ച്ച, പ്രതിരോധ കുത്തിവയ്പ്പുകള്‍ ക്ഷേമപദ്ധതികള്‍, അമ്മയുടെ ആരോഗ്യം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ല്‍ താഴുക എന്നതാണ്. ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു.2021ല്‍ കേരളത്തിന്റെ ശിശുമരണനിരക്ക് 6 ആയിരുന്നു.ഇപ്പോഴത് അഞ്ചിനടുത്താണ്. അഞ്ചില്‍ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്.സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നവജാതശിശു പരിചരണത്തിന് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ 24 എസ്.എന്‍.സി.യു. പ്രവര്‍ത്തിക്കുന്നു.

ഇത് കൂടാതെ 64 എന്‍.ബി.എസ്.യു, 101 എന്‍.ബി.സി.സി. എന്നിവ സര്‍ക്കാര്‍ മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ട്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ കേരളം രാജ്യത്തിന് മാതൃകയാണ്.അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തിയിട്ടുണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും ചികിത്സ ഉറപ്പ് വരുത്തും.വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാമും ആരംഭിക്കുന്നു. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാത ശിശു സ്‌ക്രീനിംഗ് ആയ ശലഭം നടപ്പിലാക്കി വരുന്നു. നവജാത ശിശുക്കളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനും സമയബന്ധിതമായ ഇടപെടലുകള്‍ സാധ്യമാക്കുന്നതിനും ഈ പ്രോഗ്രാം വളരെയധികം സഹായകമാണ്.നവജാതശിശു ഐസിയുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ തുടര്‍പരിചരണം മെച്ചപ്പെടുത്താനുള്ള പ്രത്യേക കോള്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും, എസ്.എ.ടി. ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സുഖം പ്രാപിച്ച 75 നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പം നടന്നു.

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. 72,09,482 രൂപയാണ് അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം ചെലവായത്.

2022 ജനുവരിയിലും ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്കായി കേരളത്തിൽ ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ജനുവരിയിൽ 29,82,039 രൂപയും ഏപ്രിൽ, മെയ് മാസങ്ങളിൽ 42,27,443 രൂപയുമാണ് ചിലവായത്.

2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപയും അനുവദിച്ച് ഉത്തരവായി.

2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ 62,874 രൂപ ചെലവായതും സർക്കാർ അനുവദിച്ചു. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ചിരിക്കുന്നത്.