Entertainment (Page 8)

പ്രേക്ഷകർക്കെല്ലാം പരിചിതയാണ് നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റ. സിനിമാമേഖലയിൽ സജീവമല്ലെങ്കിലും മോഡലിംഗിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ഏതാനും ബ്രാൻഡുകളുടെ മോഡലാണ് കുഞ്ഞാറ്റ. നൃത്തം, മോഡലിംഗ് തുടങ്ങിയവയ്ക്ക് പുറമെ താരത്തിന് മറ്റൊരു താത്പര്യം കൂടി ഇപ്പോഴുണ്ട്. അതെന്താണെന്നല്ലേ, മറ്റൊന്നുമല്ല, ഒരു കോച്ചിന്റെ കീഴിൽ കിക്ക് ബോക്‌സിങ് പഠിക്കുകയാണ് കുഞ്ഞാറ്റ.

ഈ മേഖലയിൽ താൻ തുടക്കക്കാരിയാണെന്ന സൂചന നൽകുന്ന ക്യാപ്ഷനോടെ കിക്ക് ബോക്ക്‌സിംഗ് പഠിക്കുന്നതിന്റെ ചിത്രങ്ങൾ കുഞ്ഞാറ്റ തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചെറു വീഡിയോ രൂപത്തിൽ കുഞ്ഞാറ്റ കിക്ക്ബോക്‌സിങ് ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത് പ്രേക്ഷകർക്ക് കാണാം. ഇരുകൈകളിലും ബോക്‌സിങ് ഗ്ലൗസ് ധരിച്ച് കോച്ചിന്റെ കൂടെ അടിതടകൾ പഠിക്കുന്ന കുഞ്ഞാറ്റ വീഡിയോ ദൃശ്യങ്ങളിലുണ്ട്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞാറ്റയുടെ പുതിയ തുടക്കത്തിന് കമന്റുകളിലൂടെ ആരാധകർ ആശംസകൾ നേർന്നു. അമ്മ ഉർവശിയെ പോലെ പ്രേക്ഷകർകർ കുഞ്ഞാറ്റയെയും ഇഷ്ടപ്പെടുന്നുവെന്നാണ് കമന്റുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ 82-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം ചേർന്ന് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ബച്ചന്റെ ഭാര്യ ജയ, മക്കളായ അഭിഷേക്, ശ്വേത, കൊച്ചുമക്കളായ അഗസ്ത്യ, നവ്യ തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാം. കൊച്ചുമകൾ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയിൽ കാണിച്ചിരുന്നു. എന്നാൽ അമിതാഭ് ബച്ചന്റെ മരുമകളും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിയെ വീഡിയോയിൽ കാണിച്ചിട്ടില്ല. ഇതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾക്ക് ശക്തിപകരുന്ന ദൃശ്യങ്ങളാണിതെന്നാണ് സൈബർ ലോകം ചൂണ്ടിക്കാട്ടുന്നത്. ഐശ്വര്യയും അഭിഷേകും നാളുകളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐശ്വര്യ ഇപ്പോൾ മകൾക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ഇതെല്ലാം ആരാധകരുടെ സംശയങ്ങൾ ബലപ്പിക്കുകയാണ്.

ബോളിവുഡ് മെഗാസ്റ്റാർ ആമിർ ഖാനും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും വീണ്ടും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 30 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. 1995 ൽ ആതംഗ് ഹീ ആതംഗ് എന്ന ചിത്രത്തിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ‘കൂലി’യിൽ ആമിർ ഒരു സ്പെഷ്യൽ കാമിയോ റോളിൽ എത്തുമെന്നാണ് പീപ്പിംഗ് മൂൺ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ ആമിർ ഖാന്റ റോളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. രജനികാന്തിന്റെ 171-ാമത് ചിത്രമാണ് കൂലി. നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത്. ഫിലോമിൻരാജ് എഡിറ്റിങ്ങ് നിർവഹിക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമാ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇവർ മാതൃകാ ദമ്പതികൾ തന്നെയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അടുത്തിടെയാണ് ചെന്നൈയിലെ സൂര്യയുടെ കുടുംബവീട്ടിൽ നിന്നും സൂര്യയും ജ്യോതികയും മക്കളും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയിലെ ഇവരുടെ വീടിന് 70 കോടി രൂപ വില വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഭാര്യക്ക് പല കാര്യങ്ങളിലും മുൻഗണന നൽകുന്ന ഭർത്താവാണെന്ന് സൂര്യ പലപ്പോഴും തന്റെ പ്രവർത്തികളിലൂടെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ജ്യോതിക സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു പോസ്റ്റ് ഇക്കാര്യം ഒന്നുകൂടി അടിവരയിടുകയാണ്. വിവാഹം എന്നാൽ യഥാർത്ഥ കൂട്ടുകെട്ടാണ് എന്നാരംഭിക്കുന്ന ക്യാപ്ഷനോട് കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. വീടിനു മുന്നിലെ നെയിംപ്ലേറ്റ് ആണ് ജ്യോതിക ഷെയർ ചെയ്തിരിക്കുന്നത്.

താരദമ്പതികളുടെ വീടിനു മുന്നിലുള്ള നെയിംപ്ലേറ്റിൽ ജ്യോതിക, സൂര്യ എന്നാണ് കൊത്തിയിരിക്കുന്നത്. ഭാര്യക്ക് പ്രഥമസ്ഥാനം ലഭിക്കുന്ന കുടുംബമാണ് ഇവരുടേത് എന്നതിന് ഇതിലും മികച്ച തെളിവ് ആവശ്യമില്ലെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് തമിഴ് നടനായ ആർ മാധവൻ. ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. താനൊരു മലയാളിയാണെന്നാണ് പലരും വിചാരിക്കുന്നത് എന്നാണ് മാധവൻ വ്യക്തമാക്കുന്നത്. തന്റെ ആദ്യചിത്രമായ അലൈപായുതേ എന്ന സിനിമയുടെ ഷൂട്ടിംഗ് കേരളത്തിലായിരുന്നു. അന്നുമുതൽ താനൊരു മലയാളിയാണെന്നാണ് നാളുകൾ വിചാരിക്കുന്നത്. മാധവൻ എന്ന പേരായിരിക്കാം ഇങ്ങനെ ഒരു ധാരണയ്ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ചിലർ കാവ്യ മാധവൻ തന്റെ ഭാര്യ ആണോ എന്ന് വരെ ചോദിച്ചിട്ടുണ്ട്. പേരിലെ സാമ്യമാകാം ഇതിനും കാരണമെന്നും താരം ചൂണ്ടിക്കാട്ടി. തനിക്ക് അത്ര നന്നായി മലയാളം അറിയില്ല. പക്ഷേ താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റോക്കട്രി: നമ്പി എഫക്ട് ഒരു മലയാളിയുടെ കഥ അടിസ്ഥാനമാക്കിയുള്ളതാണ്. താൻ മലയാളിയാണെന്ന് വിചാരിച്ച് പലരും തന്നോട് മലയാളത്തിൽ സംസാരിക്കാറുണ്ട്. എന്നാൽ തനിക്ക് നല്ലപോലെ മലയാളം അറിയില്ല എന്നതാണ് സത്യം. പക്ഷേ അത്രമേൽ മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ തനിക്ക് സന്തോഷമാണെന്നും മാധവൻ കൂട്ടിച്ചേർത്തു.

അഭിനയ മികവിനാൽ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. തന്റെ ആരോഗ്യത്തെ കുറിച്ച് ദുൽഖർ ഒരു അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുകയാണ്. സിനിമയിൽ നിന്നും താരം ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് തന്റെ ആരോഗ്യത്തെപ്പറ്റി ദുൽഖർ തുറന്നു സംസാരിച്ചത്.

സിനിമയിൽ ചെറിയൊരു ഇടവേള വേണ്ടിവന്നുവെന്ന് ദുൽഖർ പറയുന്നു. അത് ആരുടെയും തെറ്റല്ല. ചില സിനിമകൾ മാറിപ്പോയി. മാത്രമല്ല തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അത് തന്റെ തെറ്റാവാം, താനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ലെന്ന് താരം വെളിപ്പെടുത്തി.

തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കർ’ ആണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വർഷം ഓണം റിലീസായെത്തിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുൽഖറിൻറേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കർ പ്രദർശനത്തിനെത്തുക. വെങ്കി അട്ടലൂരി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സിതാര എന്റർറ്റെയ്ൻമെന്റ്‌സാണ്. ഒക്ടോബർ 31നാണ് ചിത്രത്തിന്റെ റിലീസ്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഗായിക മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. മയോനിയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഗോപി സുന്ദറിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഞങ്ങളുടെ സന്തോഷകരമായ ഇടം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

ഹരിദാസ് സംവിധാനം ചെയ്ത താനാരാ എന്ന ചിത്രത്തിലെ സോന ലഡ്കി എന്ന ഗാനമാണ് ഇവർ പാടിയത്. ‘തന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ഇരുവരുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതിഹാസമായ ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത മേഖലയിൽ എന്റെ അരങ്ങേറ്റം സാധ്യമായതിൽ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെ മയോനിയും ഈ ചിത്രം ഷെയർ ചെയ്തിരുന്നു. എനിക്ക് വളരെ സ്പെഷ്യൽ ആയ ഒരാളോടൊപ്പം പാടാനുള്ള അവസരത്തിന് നന്ദി അറിയിക്കുന്നുവെന്നും മയോനി കൂട്ടിച്ചേർത്തു.

നടി, അവതാരക തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധനേടിയ വ്യക്തിയാണ് പേളി മാണി. യൂട്യൂബർ എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പേളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യൂട്യൂബ് ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ട് തന്നെ ആളുകൾ ഏറ്റെടുക്കാറുള്ളത്.

തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. ജീവിതത്തിലേക്ക് പുതിയൊരു കൂട്ടും കൂടി കടന്നു വന്നതിന്റെ സന്തോഷമാണ് പേളി ആരാധകരോട് പങ്കുവെച്ചത്.

തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ താരം ആരാധകരെ കാണിക്കുന്നുണ്ട്. ആഢംബര വാഹനമായ മിനി കൂപ്പർ തങ്ങളുടെ കൈയിലെത്തിയതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ ഇവർ ഇപ്പോൾ പങ്കുവെയ്ക്കുന്നത്.

തന്റെ ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം തന്നെ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ജയറാമിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മകൻ കാളിദാസിന്റെ വിവാഹത്ത കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം. ഡിസംബർ 11 നാണ് കാളിദാസിന്റെ വിവാഹമെന്ന് ജയറാം പറഞ്ഞു.

ഡിസംബർ എട്ടിന് ഗുരുവായൂർ കണ്ണന് മുൻപിൽ താലികെട്ടും. പതിനൊന്നിനു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുന്നത്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യിൽ അല്ലെ. അവിടുന്ന് തീരുമാനിക്കും അതുപോലെ നടക്കുമെന്ന് ജയറാം പറയുന്നു. ചോറ്റാനിക്കര അമ്മയ്ക്ക് മുൻപിൽ മേളം കൊട്ടിക്കയറാൻ എത്തിയപ്പോഴാണ് ജയറാം മകന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. പതിനൊന്നാമത്തെ തവണയാണ് ദേവിയ്ക്ക് മുൻപിൽ ഇങ്ങനെ കൊട്ടിക്കയറാൻ ഭാഗ്യം ഉണ്ടാകുന്നതെന്നും ജയറാം വ്യക്തമാക്കി.

2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പായ തരിണി കലിംഗരായരായാണ് കാളിദാസിന്റെ പ്രതിശ്രുത വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

ജീവിതത്തെ വളരെ തുറന്ന ചിന്താഗതിയോടെ കാണുന്ന താരമാണ് കനി കുസൃതി. തനിക്ക് ഓപ്പൺ റിലേഷനിലാണ് താത്പര്യമെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ, തന്റെ പങ്കാളി ആനന്ദ് അങ്ങനെയല്ലായിരുന്നുവെന്നും കനി പറയുന്നു. ആനന്ദ് തനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്. ആനന്ദ് മോണോഗമസ് ആയ ആളാണ്. ആദ്യത്തെ രണ്ട് മൂന്ന് വർഷം താനും മോണോഗമിക്ക് ശ്രമിച്ചു. പക്ഷെ മുമ്പോട്ട് പോകുമ്പോൾ താൻ എവിടെയെങ്കിലും ഒരിടത്ത് ഹാപ്പി ആയിരിക്കില്ല എന്ന് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ മനസിലാക്കി. ഞങ്ങൾ ഒരുമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആനന്ദിനോട് മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറഞ്ഞത് താനാണെന്നും കനി കുസൃതി വ്യക്തമാക്കി.

ആനന്ദും ഞാനും തമ്മിലുള്ള അടുപ്പമോ അറ്റാച്ച്‌മെന്റോ മാറിയിട്ടില്ല. ഞങ്ങൾക്കിടയിൽ ഇപ്പോൾ റൊമാൻസ് ഒന്നുമില്ല. താനിപ്പോൾ ആനന്ദിന്റെ പ്രൈമറി പാർടണർ അല്ല. ശ്രേയ എന്നാണ് ആനന്ദിന്റെ പുതിയ പങ്കാളിയുടെ പേരെന്നും തനിക്കീ ബന്ധത്തിന് പൂർണ സമ്മതമാണെന്നും കനി കുസൃതി പറഞ്ഞു. ആനന്ദിന്റെ കൂടെ ഇപ്പൊ റിലേഷൻഷിപ്പിൽ ഉള്ള കുട്ടിയും ആനന്ദിനെ പോലെയാണ്. ആനന്ദ് ശ്രേയയുമായി ഇപ്പോൾ അവർ ആഗ്രഹിക്കുന്ന പോലെ അവരുടെ ഒരു മൊണോഗമസ് റിലേഷൻഷിപ്പിൽ തന്നെയാണെന്നും താരം അറിയിച്ചു.

ഞാനും ആനന്ദും തമ്മിൽ ഇപ്പോൾ ഒരു ബ്രേക്ക് അപ്പ് ഒക്കെ കഴിഞ്ഞ ശേഷം ഉള്ള നല്ല സുഹൃത്തുക്കളെപ്പോലെ അല്ലെങ്കിൽ സഹോദരങ്ങളെപ്പോലെ ഒരു ഫാമിലി പോലെ ഒക്കെയാണെന്നും കനി കൂട്ടിച്ചേർത്തു.