Entertainment (Page 20)

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ടർബോ ഉടൻ ഒടിടിയിലെത്തും. സോണി ലൈവിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ജൂലൈ ആദ്യ ആഴ്ചയിൽ തന്നെ ടർബോ റിലീസ് ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

കന്നഡ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയായ ടർബോയിൽ ജീപ്പ് ഡ്രൈവറായ ജോസിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ചെന്നൈ: നടൻ കമൽഹാസൻ നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രമായ ഹേ റാം എന്ന സിനിമയിൽ അഭിനയിച്ചതിന് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സൗജന്യമായി തന്റെ സിനിമയിൽ അഭിനയിച്ചതിൽ ഷാരുഖിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. ഒന്നിച്ച് ജോലി ചെയ്യുമ്പോൾ തങ്ങൾ സഹപ്രവർത്തകരായിരുന്നുവെന്നും ഷാരൂഖ് ഖാനെ സൂപ്പർ സ്റ്റാറായി കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അംജത് അലിഖാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിൽ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സിആർപി തസ്തകകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് അധികരിക്കാത്ത കുടുംബശ്രീ/ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം.

വെള്ളമുണ്ട, മുട്ടിൽ, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലേക്കാണ് നിയമനം. ഐഎഫ്സ്സി ആങ്കർ തസ്തികയിൽ ഡിഗ്രി/ഡിപ്ലോമ അഗ്രികൾച്ചർ/എലൈഡ് സയൻസസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സീനിയർ സിആർപിക്ക് കൃഷി സഖി/പശുസഖി/അഗ്രി സിആർപിയായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകർ അതത് ബ്ലോക്കിൽ താമസിക്കുന്നവരായിരിക്കണം.

താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി ജൂലൈ 20നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നൽകണം. ഫോൺ- 04936-299370, 9562418441.

കൊച്ചി: സിനിമകളുടെ കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കൾക്കെതിരെ താക്കീത് നൽകി കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന നിർമാതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭരണസമിതി അറിയിച്ചു. കൊച്ചിയിൽ ചേർന്ന കേരള ഫിലിം അസോസിയേഷൻ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചലച്ചിത്രങ്ങളുടെ ഒ ടി ടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന ഉറപ്പിൻമേൽ പില ആളുകൾ നിർമ്മാതാക്കളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധിയിൽപെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ഒടിടി അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ജിയോ സിനിമ ഇതിന് മറുപടി നൽകി. തുടർന്ന് ഈ വിഷയത്തിൽ നിലവിൽ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്തിയ മിനിമാക്‌സ് എന്ന സ്ഥാപനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും നിയമപരമായ നടപടികൾ കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു. കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ ഇടനിലക്കാരായി നിൽക്കുന്ന പി.ആർ ഏജൻസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അസോസിയേഷൻ നൽകുന്ന മുന്നറിയിപ്പ്.

സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് നിഷ്‌കർഷിക്കുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനും യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു. സിദ്ധിഖിന്റെ മൂത്ത മകൻ റഷീൻ സിദ്ദിഖാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

പടമുകൾ പള്ളിയിൽ നാല് മണിക്ക് റഷീന്റെ ഖബറടക്കം നടക്കും. സാപ്പി എന്ന വിളിപ്പേരിലാണ് റഷീൻ അറിയപ്പെടുന്നത്. നടൻ ഷഹീൻ സിദ്ദിഖ് ഉൾപ്പെടെ സിദ്ദിഖിന് മറ്റ് മക്കൾ കൂടിയുണ്ട്. ഷഹീന്റെ വിവാഹ ദിനത്തിൽ റഷീന്റെ വീഡിയോയും ഫോട്ടോസുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷിക്കാരനായ റഷീനെ ഷഹീനും ഭാര്യ അമൃതയും ചേർത്തു പിടിക്കുന്ന വീഡിയോകളാണ് വൈറലായത്.

റഷീന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സമാനമായ രീതിയിൽ വൈറലായിരുന്നു.

ഡിസ്ടോപ്പിയൻ എലിയൻ ചിത്രം ഗഗനചാരിയിലെ അഭിനയം കണ്ട് സുരേഷ് ഗോപി വിളിച്ച് അഭിനന്ദനം അറിയിച്ചതായി നടനും മന്ത്രിയുമായ ഗണേഷ് കുമാർ. ‘ നീ നന്നായി ചെയ്തു’ സുരേഷ് ഗോപി ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായി ഗണേഷ് കുമാർ പറഞ്ഞു. സിനിമയുടെ പ്രമോഷൻ വേളയിലാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമ കണ്ട സുരേഷ് ഗോപി തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഒരു സഹപ്രവർത്തകനിൽ നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗഗനചാരി. അരുൺ ചന്തുവാണ് ചിത്രത്തിന്റെ സംവിധായകൻ. സുർജിത്ത് എസ് പൈ ആണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ശങ്കർ ശർമയാണ് സംഗീതം നൽകിയിരിക്കുന്നത്.

കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ ജൂൺ 27 ന് ഒടിടിയിൽ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കോമഡി എന്റർടെയ്‌നറായി ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു.

നീരജ് രവി ആണ് ചിത്രത്തന്റെ സംവിധായകൻ. ജോൺ കുട്ടിയാണ് എഡിറ്റർ. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, മേക്കപ്പ് സുധി സുരേന്ദ്രൻ, ആർട്ട് ഡയറക്ടർ സുനിൽ കുമാർ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം. ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ അരുൺ എസ് മണി ആണ്.

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി നടൻ ടിനി ടോം. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകിയെങ്കിലും സഹപ്രവർത്തകരിടപെട്ട് പിൻവലിപ്പിക്കുകയായിരുന്നുവെന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ തെറ്റായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഇത്തരമൊരു വാർത്ത എങ്ങനെയാണ് വന്നതെന്നറിയില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ലാലേട്ടൻ മത്സരിക്കുന്നില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ അവർ പത്രിക നൽകിയേനെ. ലാലേട്ടൻ ഉള്ളപ്പോൾ അവർ ഒരിക്കലും നിൽക്കില്ല. അവർ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ലാലേട്ടൻ നിൽക്കുന്നുണ്ടെന്നറിഞ്ഞാൽ ആരും എതിരുനിൽക്കില്ല. കേരളത്തിൽ ആരും നിൽക്കില്ല. അങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്നറിയില്ല. അത് തെറ്റായ വാർത്തയാണെന്ന് ടിനി ടോം പറയുന്നു.

അമ്മയിൽ ഏറ്റവും പട്ടിപ്പണിയെടുക്കുന്ന മനുഷ്യനാണ് ഇടവേള ബാബു. 25 വർഷത്തോളമായി അദ്ദേഹം അമ്മയിൽ പ്രവർത്തിക്കുന്നു. പുള്ളി തന്നെയായിരുന്നു എല്ലാം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹമൊന്ന് വിശ്രമിക്കട്ടെയെന്നാണ് ലാലേട്ടൻ വരെ പറഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളവർ ജനറൽ സെക്രട്ടറിയായാൽ വലിയ ബുദ്ധിമുട്ടായിരിക്കും. സംഘടനകളുമായി തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവും. സിനിമയിൽ അഭിനയിക്കുന്നത് നടക്കില്ല. മമ്മൂക്കയോട് ചോദിച്ചിരുന്നു മത്സരിക്കുന്നില്ലേയെന്ന്. മമ്മൂക്ക ഒന്നും തേടിപ്പോകാറില്ല. മമ്മൂക്കയെതേടിയാണ് എല്ലാം വരുന്നത്. മമ്മൂക്ക പറയാറുണ്ട്, സിനിമയ്ക്ക് എന്നെ ആവശ്യമില്ല തനിക്കാണ് സിനിമ ആവശ്യമെന്ന്. എന്നാൽ മമ്മൂക്കയെ തേടിതന്നെയാണ് സിനിമ എത്തുന്നതെന്ന് ടിനി ടോം കൂട്ടിച്ചേർത്തു.

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയ രംഗത്തേക്ക് കടക്കുന്നു. നാടകരംഗത്തേക്കാണ് രേണു എത്തുന്നത്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ എന്ന നാടകത്തിലാണ് രേണു അഭിനയിക്കുന്നത്. കോളജ് വിദ്യാർഥിനിയായാണ് രേണു നായകത്തിൽ വേഷമിടുന്നത്. അടുത്തയാഴ്ച നാടക റിഹേഴ്‌സൽ ആരംഭിക്കും.

നേരത്തെ രേണു ഒരു ആൽബത്തിൽ വേഷമിട്ടിട്ടുണ്ട്. അഭിനയവും നൃത്തവുമെല്ലാം രേണുവിന് ഏറെ ഇഷ്ടമാണ്. 2023 ജൂൺ അഞ്ചിനാണ് മലയാളക്കരയെ ഞെട്ടിച്ചു കൊണ്ട് കൊല്ലം സുധിയുടെ മരണവാർത്ത പുറത്തു വന്നത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. ഒരു ചാനൽ പ്രോഗ്രാം കഴിഞ്ഞ് തിരികെ മടങ്ങവെയാണ് അപകടം ഉണ്ടായത്.

സുധിയുടെ വിയോഗത്തിന്റെ നടുക്കത്തിൽ നിന്നും പതിയെ കരകയറുകയാണ് രേണുവും കുടുംബവും. തന്റെ മക്കളെ നന്നായി വളർത്താനും അവർക്കു വേണ്ടി ജീവിക്കാനുമുള്ള ശ്രമത്തിലാണ് രേണുവിപ്പോൾ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനും താരരാജാവും ഒക്കെയാണ് മോഹൻലാൽ. സിനിമാ ഷൂട്ടിംഗിന്റെ ഇടവേളയിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വയോധികയായ ഒരു അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു സംഭവം.

ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വാഹനത്തിലേക്ക് നടക്കുമ്പോൾ ആ അമ്മയെയും മോഹൻലാലും കൂടെ കൂട്ടുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മയുടെ ചോദ്യത്തിന് തങ്ങളെ പറഞ്ഞുവിടാൻ ധൃതിയായോയെന്ന് മോഹൻലാൽ ചോദിക്കുന്നു. മോഹൻലാലിനെ ആ അമ്മ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. വീട്ടിലേക്ക് വന്നാൽ താറാവ് കറി ഉണ്ടാക്കി തരാമെന്നാണ് വീഡിയോയിൽ അമ്മ പറയുന്നത്. അമ്മയെ ചേർത്തു പിടിച്ചാണ് മോഹൻലാൽ തന്റെ സ്‌നേഹം അറിയിക്കുന്നത്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് ആ അമ്മയെ മോഹൻലാൽ യാത്രയാക്കിയത്.

ഈ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.