Entertainment (Page 191)

കൊച്ചി: ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമക്ക് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മധുരം’ ഡിസംബര്‍ 24 ന് സോണി ലൈവില്‍ റിലീസ് ചെയ്യും.

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു ജൂണ്‍. ചിത്രത്തില്‍ രജിഷയുടെ അച്ഛനായി എത്തിയത് ജോജുവായിരുന്നു. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജൂണ്‍.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജുവും സിജോ വടക്കനും ചേര്‍ന്നാണ് ഇപ്പോള്‍ ‘മധുരം’ നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

എല്ലാ സിനിമയും ആരാധകരെ മുന്നില്‍ക്കണ്ട് എടുക്കാനാവില്ലെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ മരക്കാറിന് ദേശീയ അവാര്‍ഡ് ലഭിക്കുമായിരുന്നില്ല. ഒടിടി പ്ലേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് മരക്കാറിന്റെ വ്യത്യസ്ത പ്രതികരണങ്ങളെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.

”ആളുകളുടെ പ്രതീക്ഷകളെ നമുക്ക് ഒരിക്കലും അളക്കാനാവില്ല. ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമാണ് മരക്കാര്‍. അതൊരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നുവെങ്കില്‍ അവാര്‍ഡുകള്‍ ലഭിക്കുമായിരുന്നില്ല. ഇവിടെ ചിത്രത്തിന്റെ മേക്കിംഗ്, തിരക്കഥ, അത് പകരുന്ന വൈകാരികത ഒക്കെയാണ് ശ്രദ്ധിക്കേണ്ടത്. നമ്മള്‍ ഒരു കഥ പറയുകയാണ്. ചിത്രം ആസ്വദിച്ചെന്ന് ഒരുപാടുപേര്‍ പറഞ്ഞു. ആരാധകരും അത് മനസിലാക്കണം. എല്ലാ ചിത്രങ്ങളും നമുക്ക് ആരാധകര്‍ക്കായി ഒരുക്കാനാവില്ല.

സമ്മര്‍സോള്‍ട്ടോ വില്ലന്മാരെ അടിച്ചുപറത്തലോ ഒന്നും മരക്കാരെക്കൊണ്ട് ചെയ്യിക്കാനാവില്ല. അങ്ങിനെയെങ്കില്‍ ആ കഥാപാത്രസ്വഭാവം മാറും. അത്തരം സംഘട്ടനരംഗങ്ങള്‍ മറ്റു സിനിമകളില്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രതീക്ഷ എന്നത് സിനിമയുടെ സ്വഭാവത്തെ ആസ്പദമാക്കിയാവണം. ആരാധകരെ സംബന്ധിച്ച് എല്ലാ സിനിമയും ഒരു പ്രത്യേക രീതിയില്‍ വേണമെന്നാണ്. അതിനെ മറികടക്കേണ്ട ബാധ്യത നമ്മുടേതാണ്. ഒരു ചെറിയ ഗ്രൂപ്പിനെ മുന്നില്‍ക്കണ്ടു മാത്രം സിനിമയെടുക്കുന്നത് നിലവില്‍ ബുദ്ധിമുട്ടാണ്”, മോഹന്‍ലാല്‍ പറയുന്നു.

ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആര്‍ആര്‍ആര്‍ പിരീഡ് ഡ്രാമ ജനുവരി 7 ന് പുറത്തിറങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള മിക്ക പ്രധാന വിപണികളിലും റെക്കോര്‍ഡ് റിലീസിന് സാക്ഷ്യം വഹിക്കുമെന്ന് നിര്‍മ്മാതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു.

യുഎസിലെ 999 മള്‍ട്ടിപ്ലക്സുകളില്‍ ചിത്രം എത്തിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. യുഎസിലെ റിലീസ് വലിപ്പം ഒരു ഇന്ത്യന്‍ സിനിമക്ക് എക്കാലത്തെയും വിസ്തൃതമായിരിക്കും. ചിത്രം 890 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് അവസാനിപ്പിച്ചതായും പറയപ്പെടുന്നു. ഇത് ഒരു പുതിയ റെക്കോര്‍ഡാണ് സൃഷ്ടിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനെ മറികടക്കാന്‍ മറ്റൊരു സിനിമയും ഉണ്ടാവാന്‍ സാധ്യതയില്ല.

ഡിസംബര്‍ 9 ന് ഒരു ഗ്രാന്‍ഡ് ട്രെയിലര്‍ ലോഞ്ച് ഇവന്റിനായി ഒരുങ്ങുകയാണ്. ആര്‍ആര്‍ആര്‍ ടീം ഇന്ത്യയിലെ ഒരു പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയുമായി സഹകരിച്ച് ഒന്നിലധികം പ്രചാരണങ്ങളും നടത്തിയിട്ടുണ്ട്.

മകന്‍ ഗോകുല്‍ സുരേഷിന്റെ അഭിനയ കാര്യങ്ങളില്‍ താന്‍ ഇടപെടാതിരുന്നതില്‍ ദുഖമുണ്ടെന്ന് നടന്‍ സുരേഷ് ഗോപി. മക്കള്‍ അവരുടെ വഴിക്ക് മുന്നോട്ട് പോകട്ടെ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും, എന്നാല്‍, മകന്റെ പ്രകടനം തിയേറ്ററില്‍ കണ്ടപ്പോള്‍ ഡബ്ബിംഗ് തിയേറ്ററില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു അച്ഛന്‍ എന്ന നിലയില്‍ വലിയൊരു മഹാപാപിയാണെന്ന് ആ സമയത്ത് തോന്നിയെന്നും താരം വെളിപ്പെടുത്തുന്നു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

‘എന്റെ മകന്‍ വന്നതും, ഇന്ന് നടന്നു നീങ്ങുന്നതും, നാളെ ഒരു ഓട്ടക്കാരനാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതുമൊന്നും ഞാന്‍ കാണുന്നില്ല. ഒരു മില്ലി മീറ്ററിന്റെ ഫ്രാക്ഷന്‍ പോലും അവനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവനൊരു നിര്‍ദേശം പോലും കൊടുക്കുന്നില്ല. ഇരയാണ് അവന്റെ ഒരു സിനിമ എന്ന നിലയില്‍ ആദ്യമായി തിയേറ്ററില്‍ പോയി കാണുന്നത്. അതും എന്റെ ഭാര്യ നിര്‍ബന്ധിച്ചതുകൊണ്ട്. അവന്റെ മനസിനെ വല്ലാതെ അത് ബാധിക്കുന്നുണ്ടാകണം എന്നു പറഞ്ഞതു കൊണ്ട് തിയേറ്ററില്‍ പോയി കണ്ടു.

പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരിടത്താണ് ഒരു അച്ഛന്‍ എന്ന നിലയില്‍ വലിയൊരു മഹാപാപിയാണെന്ന് തോന്നല്‍ എനിക്കുണ്ടായത്. കുഞ്ഞിന്റെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. ചാന്‍സ് വാങ്ങികൊടുക്കുന്നതിനോ പ്രൊമോട്ട് ചെയ്യുന്നതിനോ അല്ല, ഇന്നുവരെ ഞാനത് ആര്‍ക്കും ചെയ്തിട്ടുമില്ല. അവന്റെ ക്രിയേറ്റീവ് എബിലിറ്റി വളര്‍ത്തുന്നതിന് വേണ്ടി എനിക്ക് പ്രാപ്യമായ ഒരു എക്സ്പീരിയന്‍സുണ്ട്. അതിന്റെ ഒരംശം ഞാന്‍ നല്‍കണ്ടേ? ഞാനല്ലേ അവന് എല്ലാം നല്‍കിയത്. സിനിമയിലെ ഒരു സീനില്‍ അവന്‍ ഡബ്ബ് ചെയ്ത സമയത്ത്, ഡബ്ബിംഗ് തിയേറ്ററില്‍ ഞാനുണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോയി. ഒന്നുകൂടി എന്റെ കുഞ്ഞിനെ എനിക്ക് നന്നാക്കാമായിരുന്നു.’

മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍’ കണ്ടതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ സ്വന്തം ‘ബാലാമണി’ നവ്യാ നായര്‍. ചിത്രത്തെ കുറിച്ച് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് തിയേറ്ററില്‍ പോയതെന്നും എന്നാല്‍, സിനിമ വളരെയധികം ആസ്വദിച്ചുവെന്നും താരം പറയുന്നു.

‘ഇന്നലെ മരക്കാര്‍ കണ്ടു, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടാണ് സിനിമ കാണാന്‍ പോയതെങ്കിലും, സത്യസന്ധമായി തന്നെ പറയട്ടെ ഞാന്‍ സിനിമ ആസ്വദിച്ചു. ഞാന്‍ ഒരു നിരൂപകയൊന്നും അല്ല, മരക്കാര്‍ കണ്ടതിന് ശേഷം എന്റെ സന്തോഷം അറിയിക്കുന്നുവെന്ന് മാത്രം. മലയാളം സിനിമാ ഇന്‍ഡസ്ട്രി ഇത്രത്തോളം എത്തിയതില്‍ ഞാന്‍ അതിശയിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സിനിമ തന്നതിന് നന്ദി’, എന്നാണ് നവ്യ കുറിച്ചത്.

ഡിസംബര്‍ 2ന് രാത്രി 12 മണിക്ക് പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.

തന്റെ പുതിയ ചിത്രമായ ഗോള്‍ഡിന്റെ വിശേഷം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പ്രേമത്തിനും നേരത്തിനും ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തെക്കുറിച്ചുള്ള വിശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഗോള്‍ഡ്’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്…യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’. അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നയന്‍താര, പൃഥിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫഹദ് ഫാസില്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാട്ട്’ ആണ് അല്‍ഫോണ്‍സ് പുത്രന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രം ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വലിയ ആവേശത്തോടെയാണ് എത്തിയത്. രാത്രി 12 മണിമുതല്‍ ചിത്രം തിയേ്റ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. എന്നാല്‍, ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മരക്കാര്‍ ഓണ്‍ലൈനില്‍ എത്തുകയായിരുന്നു. വിവിധ ടോറന്റ് സൈറ്റിലും ടെലിഗ്രാമിലും ചിത്രം എത്തി. മലയാളം, തമിഴ് ഭാഷകളില്‍ ആണ് ചിത്രം ചോര്‍ന്നത്.

സംഭവത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് എന്ന യുവാവ് അറസ്റ്റിലായി. കോട്ടയം എസ് പി ഡി. ശില്‍പ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടി കൂടിയത്. സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രുപ്പിലാണ് ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇറങ്ങിയത്. സിനിമ പല ഗ്രൂപ്പുകളിലേക്കും നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നും പറഞ്ഞ് യുവാവ് ഷെയര്‍ ചെയ്യുകയായിരുന്നു.

ഇന്നലെ എരുമേലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകള്‍ മരക്കാര്‍ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതേസമയം, യുവാവ് വിശദീകരണവുമായി രംഗത്തെത്തി. ‘ഫാന്‍ ഫൈറ്റിന് വേണ്ടി തമാശക്ക് ചെയ്തതാണ്. എന്നാല്‍. അത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് താന്‍ കരുതിയിരുന്നില്ല. മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നു’ എന്ന് നസീഫ് അറിയിച്ചു.

തിരുവനന്തപുരം: വ്യത്യസ്ത പ്രതികരണവുമായി മുന്നേറുകയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് അഭിപ്രായപ്പെടുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റ്:

‘ഞാന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാന്‍ മരക്കാര്‍ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയന്‍ സാറിനൊരു ബിഗ് സല്യൂട്ട് . ഒരുസിനിമയെയും എഴുതി തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം . ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ്. ചെറിയ ബഡ്ജറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ,’ ജൂഡ് ആന്റണി കുറിച്ചു.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ വ്യത്യസ്ത അഭിപ്രയങ്ങളുമായി മുന്നേറുകയാണ്. സിനിമ കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ എം എ നിഷാദ് ഇപ്പോള്‍.മരക്കാര്‍ ചരിത്ര സിനിമയല്ല. തന്റെ ചിന്തകളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും സിനിമയെ വിമര്‍ശിക്കുന്നവര്‍ അതുകൂടി കണക്കിലെടുക്കണമെന്നും നിഷാദ് പറയുന്നു. ഒരുപാടുപേരുടെ പ്രയത്‌നഫലമായ കലാസൃഷ്ടിയെ ഇകഴ്ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം, മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ മുന്‍പ് പ്രഖ്യാപിച്ച ‘കുഞ്ഞാലിമരക്കാര്‍’ ക്ക് ഇനിയും സാധ്യതകളുണ്ടെന്നും
എം എ നിഷാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

‘മരക്കാര്‍ കണ്ടു, മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഛായാഗ്രഹകന്‍ തിരുവും സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റേതു കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്‌നഫലമായ, അന്നമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറ്റവും അത്യാവശ്യമാണ്, ഈ കാലഘട്ടത്തില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. I repeat നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്’.

രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ആക്ഷന്‍ ചിത്രം ‘സൂര്യവന്‍ശി’ക്ക് ഒടിടിയിലെത്തി. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഹിന്ദി കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം കാണാം. ഇന്നലെ രാത്രിയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്.

ഭീകരവിരുദ്ധ സേനാ തലവന്‍ ‘വീര്‍ സൂര്യവന്‍ശി’യാണ് ചിത്രത്തിലെ നായക കഥാപാത്രം. ‘സിംബ’ യിലെ ‘സംഗ്രാം സിംബ ബലിറാവു’ ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിവരാണ് മറ്റു താരങ്ങള്‍. 2020 മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

നവംബര്‍ 5ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. രണ്ട് ദിവസം കൊണ്ട് 50 കോടി നേടിയ ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടിയും സ്വന്തമാക്കിയിരുന്നു. 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 150 കോടി നേടിയ ചിത്രം 17 ദിവസത്തില്‍ 175 കോടിയും ബോക്‌സോഫീസില്‍ നേടി.