Entertainment (Page 12)

ന്യൂഡൽഹി: നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സിനിമയ്ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

പുരസ്‌കാരം 2024 ഒക്ടോബർ 8-ന് സംഘടിപ്പിക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ മിഖുൻ ചക്രവർത്തിയ്ക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം. മുൻ രാജ്യസഭാംഗം കൂടിയായ മിഖുൻ ചക്രവർത്തിയ്ക്ക് ഈ വർഷം പത്മഭൂഷൻ ബഹുമതിയും ലഭിച്ചിരുന്നു.

1950ൽ കൊൽക്കത്തിയിലാണ് മിഥുൻ ചക്രവർത്തിയുടെ ജനനം. 1976-ൽ മൃഗായ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

തഹാദർ കഥ (1992), സ്വാമി വിവേകാനന്ദൻ (1998) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കൂടി അദ്ദേഹം നേടിയിട്ടുണ്ട്.

എല്ലാവരും അവരുടെ കാര്യം നേടാൻ വേണ്ടി നടക്കുന്ന സമയത്ത് താൻ കണ്ടു വളർന്നത് എല്ലാം ത്യാഗം ചെയ്ത് മക്കൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും നിൽക്കുന്ന അമ്മയെയാണെന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച വ്യക്തിയാണ് തന്റെ അമ്മയെന്നും കുടുംബത്തിനുവേണ്ടി അമ്മ ത്യാഗം ചെയ്യുകയാണെന്നും മാധവ് പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാധവിന്റെ പരാമർശം.

അമ്മയുമായിട്ടാണ് നാലുമക്കളും ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത്. അച്ഛനെ എത്ര അറിയാം എന്ന് ചോദിക്കുന്നതിനേക്കാളും അമ്മയെ എത്ര അറിയാം എന്ന് ചോദിച്ചാൽ തനിക്ക് ഒരുപാട് പറയാൻ ഉണ്ടാവും. മറ്റുള്ളവർക്ക് വേണ്ടി സ്വയം ത്യാഗം ചെയ്യുക. അമ്മ എല്ലാ കാര്യം കൊണ്ടും സ്വന്തം മക്കൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളാണ്. അത് എല്ലാ രീതിയിലും. അച്ഛന്റെ സാന്നിധ്യം ഇല്ല എന്ന് ഞങ്ങൾക്ക് തോന്നാതിരിക്കാൻ എല്ലാം ചെയ്തിട്ടുണ്ട്. മക്കൾക്കു വേണ്ടിയാണെങ്കിലും അങ്ങനെയൊരു ത്യാഗം ഈയൊരു തലമുറയിൽ കാണാറില്ലെന്ന് മാധവ് വ്യക്തമാക്കി.

സുരേഷ് ഗോപി എന്ന നടന്റെയും രാഷ്ട്രീയക്കാരന്റെയും ഉത്തരവാദിത്വങ്ങൾ കാരണം കുടുംബത്തിനൊപ്പം അധികസമയം ചെലവിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടിയുള്ള സമയം പോലും നൽകിക്കൊണ്ട് ജീവിതകാലം മുഴുവൻ പ്രവർത്തിച്ച ആളാണ്. അങ്ങനെ ഒരാൾക്ക് സ്വന്തം മക്കളുടെ ഒപ്പം സമയം ചിലവിടാൻ സാധിക്കുന്നത് അപൂർവമാണ്. രണ്ടുമണിക്കൂർ ഒഴിവു കിട്ടിയാൽ വണ്ടിയോടിച്ച് വീട്ടിൽ വന്ന് തങ്ങളെ കണ്ടിട്ട് പോകുന്ന ആളാണ് അച്ഛൻ. ആ സമയം വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവെച്ച ഒരാൾ തന്റെ അമ്മയാണെന്നും മാധവ് വിശദമാക്കുന്നു.

ഒരു വിവാഹം നടക്കുമ്പോൾ രണ്ടുപേർക്കും ഉത്തരവാദിത്തമുണ്ട്. സുരേഷ് ഗോപി പ്രൊവൈഡർ ആയിരുന്നു. എല്ലാം പുറത്തു പോയി ത്യജിച്ചു. അദ്ദേഹം കൊണ്ടുവരുന്നത് നിലനിർത്താൻ അതേപോലെ ത്യാഗം ചെയ്ത ആളാണ് രാധിക സുരേഷെന്നും മാധവ് കൂട്ടിച്ചേർത്തു.

തമിഴ് താരം ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്. വേർപിരിയിലുമായി ബന്ധപ്പെട്ട് പല വർത്തകളും പിന്നീട് പുറത്തു വന്നു. തങ്ങൾ ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു വിവാഹ മോചനമെന്നായിരുന്നു ആദ്യം ജയം രവി പറഞ്ഞത്. എന്നാൽ വിവാഹമോചനത്തെ കുറിച്ച് താൻ അറഞ്ഞിരുന്നില്ലെന്നും ജയം രവിയുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നുമായിരുന്നു വിഷയത്തിൽ ആർതിയുടെ പ്രതികരണം.

ഇതിനിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് മറ്റ് ചില വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ആർതിയിൽ നിന്ന് തന്റെ കാറും സ്വത്തുക്കളും തിരികെ വാങ്ങിത്തരണം എന്നാവശ്യപ്പെട്ട് ഇപ്പോൾ ജയം രവി പൊലീസിനെ സമീപിച്ചിരിക്കുകയാണ്. അഡയാർ പൊലീസ് കമ്മീഷണർക്കാണ് നടൻ പരാതി നൽകിയിരിക്കുന്നത്. ആർതി വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ പോലീസ് ഇടപെടണമെന്നുമാണ് ജയം രവി പരാതിയിൽ ആവശ്യപ്പെടുന്നു.

നേരത്തെ ജയം രവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആർതിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇത് തിരികെ ലഭിക്കുന്നതിനായി ജയം രവി മെറ്റയെയും സമീപിച്ചിരുന്നു. അക്കൗണ്ട് തിരികെ ലഭിച്ചതിന് പിന്നാലെ ‘പുതിയ ഞാൻ’ എന്ന അടിക്കുറിപ്പോടെ ജയം രവി ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. ആർതിക്കൊപ്പമുള്ള ചിത്രങ്ങളും ജയംരവി സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്തു.

അജിത് സാറിനും രജനി സാറിനും അസുരനിൽ ധനുഷ് സാറിനുമൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് ഒരു ബോണസ് ആയി കാണുന്നുവെന്ന് നടി മഞ്ജു വാര്യർ. ഒപ്പം വർക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ പറ്റുകയെന്നുള്ളത് ഭാഗ്യമായി കാണുന്നു, ബാക്കിയെല്ലാം ബോണസ് ആണെന്നും താരം പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.

രജനി ചിത്രം വേട്ടയ്യനിലും അജിത് ചിത്രം തുനിവിലും അഭിനയിക്കാൻ ആദ്യം ഓക്കേ പറഞ്ഞത് സംവിധായകരെ കണ്ടിട്ടാണ്. അതിന് ശേഷമാണ് ആരാണ് നായകന്മാർ എന്നറിഞ്ഞത്. തുനിവിലേക്ക് തന്നെ ക്ഷണിച്ചത് എച്ച് വിനോദ് ആയിരുന്നു. ഒരു എച്ച് വിനോദ് ചിത്രത്തിൽ അഭിനയിക്കുന്നു എന്നതായിരുന്നു തന്റെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. അതിന് ശേഷമാണ് അജിത് സാറാണ് സിനിമയിലെ നായകനെന്ന് അറിഞ്ഞത്. അതെനിക്ക് ഒരു ബോണസ് ആയിരുന്നു. വേട്ടയ്യനിലക്ക് ജ്ഞാനവേൽ സാർ വിളിക്കുമ്പോൾ ജയ് ഭീമിന് ശേഷം അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് താൻ പറഞ്ഞത്. പിന്നെയാണ് അതൊരു രജനി സാർ ചിത്രമാണെന്ന് അറിഞ്ഞതെന്ന് മഞ്ജു വ്യക്തമാക്കി.

വേട്ടയ്യനിൽ രജനികാന്തിന്റെ ഭാര്യയാണ് മഞ്ജുവാര്യർ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരും വേട്ടയ്യനിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വേട്ടയ്യനിലെ ഗാനം സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗാണ്.

തിരുവനന്തപുരം: നടൻ ഇടവേള ബാബു അറസ്റ്റിൽ. ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പരാതിയിൽ ഇടവേള ബാബുവിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റിന് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും.

രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരെയുള്ളത്. അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ പരാതികളാണ് ഇടവേള ബാബുവിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്‌ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇടവേള ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഉണ്ണി വാവാവോ എന്ന പാട്ട് അറിയാത്ത മലയാളികളുണ്ടാകില്ല. എന്നാൽ ഇപ്പോൾ ഈ ഗാനം പാൻ ഇന്ത്യൻ ആയി മാറിയിരിക്കുകയാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ ആലിയ ഭട്ട് പറഞ്ഞ കാര്യങ്ങളാണ് ഈ ഗാനത്തെ പാൻ ഇന്ത്യൻ ലേബലിൽ എത്തിച്ചത്.

താനും രൺബീർ കപൂറും തങ്ങളുടെ മകളെ ഉറക്കുന്നത് ഈ പാട്ട് പാടിയാണെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്നും ആലിയ പറയുന്നു. മകൾ റാഹയെ പരിചരിക്കുന്ന മലയാളി നഴ്‌സി എന്നും അവളെ ഉണ്ണി വാവവോ എന്ന പാട്ട് പാടിയാണ് ഉറക്കുന്നത്. റാഹ ഉറങ്ങാൻ നേരമാകുമ്പോൾ മമ്മാ വാവോ, പപ്പ വാവോ എന്നു പറഞ്ഞ് വരും. അങ്ങനെ ഇപ്പോൾ രൺബീർ ഉണ്ണി വാ വാ വോ… എന്ന പാട്ട് പഠിച്ചുവെന്നാണ് ആലിയ ഭട്ട് വ്യക്തമാക്കി.

ഉണ്ണി വാവാവോ എന്ന താരാട്ട് പാട്ടിനെ കുറിച്ച് പറയുന്ന ആലിയ ഭട്ടിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇതോടെ ഈ പാട്ടിനെ കുറിച്ചാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. സാന്ത്വനം എന്ന മലയാള ചിത്രത്തിലേതാണ് ഈ ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും താനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്നിരുന്നു തന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചിയെന്ന് മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ തങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും തങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ തങ്ങൾ ഒരുമിച്ച ചിത്രങ്ങളെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി..

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല തനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി തനിക്കും. വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല. ഓർമ്മകളിൽ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിച്ച ‘കഥ ഇന്നുവരെ’ എന്ന ചിത്രം തിയേറ്ററിലെത്തി കണ്ട് നടനും എംഎൽഎയുമായ മുകേഷ്. നടി എന്ന നിലയിൽ മേതിൽ ദേവികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് മുകേഷ് പറഞ്ഞു.

പ്രതീക്ഷിക്കാത്ത വലിയൊരു ട്വിസ്റ്റുള്ള സിനിമയാണിത്. ആദ്യം മുതൽ തന്നെ ആസ്വദിച്ച് കാണാൻ കഴിയും. എല്ലാവരുടെയും കഥാപാത്രങ്ങൾ ഗംഭീരമായിട്ടുണ്ട്. നായിക തന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ താൻ ഫസ്റ്റ് ഡേ കാണാൻ വന്നതെന്ന് മുകേഷ് വ്യക്തമാക്കി.

സെപ്തംബർ 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. വിഷ്ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫീൽഗുഡ് വിഭാഗത്തിൽ ഉൾപ്പെട്ട സിനിമയാണ് കഥ ഇതുവരെ. ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, സിദ്ദിഖ്, ഹക്കീം ഷാജഹാൻ, അനുശ്രീ, കോട്ടയം രമേശ്, രജ്ഞി പണിക്കർ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മെയ് മാസത്തിൽ കവിയൂർ പൊന്നമ്മയ്ക്ക് അർബുദം സ്ഥിരീകരിച്ചിരുന്നു. രോഗം നാലാം ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് അർബുദം സ്ഥിരീകരിച്ചത്. മലയാള സിനിമയിൽ അമ്മ വേഷങ്ങളെ അനശ്വരമാക്കിയ നടിയാണ് കവിയൂർ പൊന്നമ്മ.

കവിയൂർ പൊന്നമ്മയുടെ മൃതദേഹം നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ആലുവ കരുമാലൂരിൽ മൃതദേഹം സംസ്‌കരിക്കും. നാന്നൂറിലധികം സിനിമകളിൽ കവിയൂർ പൊന്നമ്മ അഭിനയിച്ചു. കെപിഎസി നാടകങ്ങളിൽ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതൽ സിനിമയിൽ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ൽ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

നിരവധി സിനിമകളിൽ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് കവിയൂർ പൊന്നമ്മ ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്.

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർത്ഥും വിവാഹിതരായി. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു.

‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കുമെന്ന്’ അദിതി സാമൂഹ്യ മാദ്ധ്യമത്തിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

അദിതിയും സിദ്ധാർത്ഥും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. 2006ൽ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് അദിതി വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ശൃംഗരം എന്ന സിനിമയിലും അഭിനയിച്ചു. സൂഫിയും സുജാതയും എന്നതായിരുന്നു അദിതി അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.