വലിയ വിജയം നേടാന്‍ വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല; കാന്താരയെ കുറിച്ച് രാജമൗലി

ഹൈദരാബാദ്: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത റിഷഭ് ഷെട്ടി ചിത്രം കാന്താര കണ്ട സൂപ്പര്‍ സംവിധായകന്‍ എസ്.എസ്‌ രാജമൗലിയുടെ അഭിപ്രായമാണ് ഇപ്പോള്‍ വൈറലാവുന്നത്.

”വലിയ ബജറ്റുകള്‍ എന്തോ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്റെ കണക്കുകള്‍ നോക്കുക. അതായത് വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് വലിയ ബജറ്റ് സിനിമകള്‍ ആവശ്യമില്ല. കാന്താര പോലൊരു ചെറിയ ചിത്രത്തിന് പോലും അത് ചെയ്യാന്‍ കഴിയും. പ്രേക്ഷകര്‍ എന്ന നിലയില്‍ ഇത് ആവേശകരമായ കാര്യമാണ്, പക്ഷേ സിനിമ സംവിധായകന്‍ എന്ന നിലയില്‍, നമ്മള്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്’- രാജമൗലി പറഞ്ഞു.

കന്താര കന്നഡയിലും ഹിന്ദിയിലും യഥാക്രമം സെപ്റ്റംബര്‍ 30-നും ഒക്ടോബര്‍ 14-നുമാണ് റിലീസ് ചെയ്തത്. റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന് കീഴില്‍ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ റിഷഭ് ഷെട്ടി, സപ്തമി ഗൗഡ, കിഷോര്‍ കുമാര്‍ ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.