Career (Page 46)

കൊച്ചി: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സ്വസ്തവ്രത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്റ്റർ തസ്തികയിൽ ഒഴിവ്. ഈ തസ്തികയിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി ഓണറേറിയം വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിഎൻവൈഎസ് /യോഗ ഡിപ്ലോമ, ബിഎഎംഎസ് വിത്ത് പിജി ഡിപ്ലോമ ഇൻ സ്വസ്തവ്രത്ത, ബിഎഎംഎസ് എംഡി സ്വസ്തവ്രത്ത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15-ന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂലൈ 15നു രാവിലെ ഒമ്പതു മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബി.ടെക്, എം.ടെക്/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി സ്വകാര്യ സ്ഥാപനത്തിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ളവർ ജൂലൈ 14ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പായി bit.ly/44s3qQG എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ 0471 2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്‌സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്‌സിങ് ബിരുദവും കെ.എൻ.എം.സി രജിസ്‌ട്രേഷനും ആണ് യോഗ്യത. സ്‌റ്റൈപന്റ് പ്രതിമാസം 20,500 രൂപ.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10നു കോളജിൽ നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: നവ സാങ്കേതികവിദ്യകൾ, സ്വതന്ത്ര വിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൊഫഷണൽ കലാലയങ്ങളിലെ വിദ്യാർഥികൾക്കായി ഐഡിയത്തോൺ സംഘടിപ്പിക്കുന്നു. ആരോഗ്യവും ക്ഷേമവും, ശുദ്ധജലവും ശുചിത്വവും, വ്യവസായ മേഖലയും അടിസ്ഥാന സൗകര്യവികസനവും, അസമത്വം കുറയ്ക്കൽ, സുസ്ഥിര നഗരങ്ങളും സുസ്ഥിരസമൂഹങ്ങളും, കാലാവസ്ഥാവ്യതിയാനം നേരിടൽ, ലിംഗനീതി എന്നീ ഏഴു വിഷയമേഖലകളിലാണ് ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. ഈ മേഖലകളിൽ 2035 ആകുമ്പോഴേക്കും കേരളത്തിന് എങ്ങനെ മുന്നേറാം എന്നത് സംബന്ധിച്ച പ്രസക്തമായ ആശയങ്ങൾ സമർപ്പിക്കുന്ന ടീമുകളെ ഓരോ കലാലയത്തിൽ നിന്നും തിരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന 1000 പേർക്ക് സംസ്ഥാനതലത്തിൽ ഓഗസ്റ്റ് 12ന് ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ആദ്യ ദിവസം നടക്കുന്ന യങ് പ്രൊഫഷണൽ മീറ്റിൽ പങ്കെടുക്കാൻ അവസരം നൽകും.

മൂന്ന് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. കോളേജ് തലത്തിൽ പരമാവധി മൂന്നുമിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷൻ/വീഡിയോ/കുറിപ്പ് രൂപത്തിൽ ആശയം അവതരിപ്പിക്കാം. തുടർന്ന്, സംസ്ഥാന പ്രൊഫഷണൽ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ 90 സെക്കൻഡിൽ കവിയാത്ത ദൈർഘ്യമുള്ള വീഡിയോ രൂപത്തിൽ തങ്ങളുടെ ആശയം തയ്യാറാക്കണം. കെ-ഡിസ്‌കാണ് മത്സരത്തിന്റെ നോഡൽ ഏജൻസി. ഏഴു വിഷയങ്ങളിൽ ഒരോന്നിലും ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾക്ക് പുരസ്‌കാരം ലഭിക്കും. ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ച കോളേജിന് പ്രത്യേക പുരസ്‌കാരവും ലഭിക്കും.

നോഡൽ ഓഫീസറുടെ വിവരങ്ങൾ ഉൾപ്പെടെ കോളേജുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 13. കോളേജ് തലത്തിൽ ആശയങ്ങൾ തെരഞ്ഞെടുക്കേണ്ട അവസാന തീയതി ജൂലൈ 20. കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ആശയങ്ങൾ ജൂലൈ 29 ന് മുൻപ് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായുള്ള വെബ്‌സൈറ്റ് വിലാസം www.freedomfest2023.in.

തിരുവനന്തപുരം: ജലനിധിയിൽ നിയമനം. കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും, സീനിയർ എൻജിനീയർ, IEC സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.

മലപ്പുറം, കണ്ണൂർ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.

തിരുവനന്തപുരം: ആറ്റിങ്ങൽ എൻജിനീയറിംഗ് കോളേജിൽ ഡമോൺസ്ട്രേറ്റർ – കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ 3 വർഷ എഞ്ചിനീയറിങ്/ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ച യോഗ്യതയുണ്ടായിരിക്കണം.

കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ടെക്‌നോളജിയിൽ ഒന്നാം ക്ലാസോടെ ബി.എസ്.സി ബിരുദമുള്ളവർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിലുള്ള പരിചയം, കംപ്യൂട്ടർ കോൺഫിഗറേഷനിലും മെയിന്റനൻസിലും, സെർവർ കോൺഫിഗറേഷനിലും മെയിന്റനൻസിലുമുള്ള പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ ജൂലൈ 13നു രാവിലെ 10 ന് സർട്ടിഫികറ്റുകളുടെ അസൽ സഹിതം കോളേജിൽ നേരിട്ടു ഹാജരാകണം. ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും നിയമനം.

തിരുവനന്തപുരം: സിമെറ്റ് ഡയറക്ടറേറ്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം. സെക്രട്ടേറിയേറ്റിലെ ജോയിന്റ് സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികളിൽ നിന്നോ, സർക്കാർ സർവ്വീസിലെ സമാന തസ്തികളിൽ നിന്നോ വിരമിച്ച 59 വയസ് കഴിയാത്തവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം പ്രതിമാസം 35,300 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

www.simet.in ലെ SB Collect മുഖേന ഫീസ് അടയ്ക്കാം. www.simet.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പെൻഷൻ പേയ്മെന്റ് ഓർഡറിന്റെയോ സമാന രേഖകളുടെയോ പകർപ്പ് സഹിതം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അയയ്ക്കണം. ജൂലൈ 25 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചിട്ടുള്ളവരും 59 വയസ് കഴിയാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്‌സിന്റെ പദ്ധതിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. പട്ടികവർഗ സമുദായത്തിലുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് ഒഴിവുണ്ട്. പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയും പാരമ്പര്യ വൈദ്യ ചികിത്സയിൽ പ്രാഥമിക അറിവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 29,000 രൂപ ഹോണറേറിയവും നിബന്ധന പ്രകാരം 2,000 രൂപ യാത്രാ ബത്തയും ലഭിക്കും. കാലാവധി എട്ടുമാസം. അപേക്ഷകർക്ക് 01.01.2023ന് 41 വയസിൽ കൂടരുത്.

kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈനായി ജൂലൈ 15നകം അപേക്ഷ നൽകണം. വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്ന തീയതി ഫോണിലോ ഇ-മെയിലിലോ അറിയിക്കും.

കൊച്ചി: എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിലെ ഏവിയോ കം ഇലക്ട്രീഷ്യൻ ഗ്രേഡ് – 2 തസ്തികയിലുള്ള ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. 18 നും 41 നും ഇടയിൽ പ്രായമുള്ള എസ്. എസ്.എൽ. സി. / വി. എച്ച്. എസ്. ഇ. /ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി., ഐ.ടി.ഐ / ഓപ്പറേറ്റിംഗ് ഫിലിം പ്രൊജക്ടേഴ്‌സ് ആന്റ് ഓഡിയോ വിഷ്വൽ ആഡ്‌സിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ് എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ ജൂലൈ 12 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ 116 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ ഓഫീസർ, നഴ്‌സ് ഗ്രേഡ്-II, ഫാർമസിസ്റ്റ് ഗ്രേഡ്-II, ആയുർവേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5 മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), 8 മെഡിക്കൽ ഓഫീസർ (പഞ്ചകർമ്മ), 41 മെഡിക്കൽ ഓഫീസർ (ആയുർവേദ), 2 മെഡിക്കൽ ഓഫീസർ (നാച്യുർക്യുർ) 10 നഴ്‌സ് ഗ്രേഡ്-II, 10 ഫാർമസിസ്റ്റ് ഗ്രേഡ്-II, 40 ആയുർവേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിൽ അടുത്തകാലത്ത് ഇതാദ്യമായാണ് ഇത്രയേറെ തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ആയുഷ് മേഖലയുടെ വികസനത്തിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സർക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകൾ സംസ്ഥാനത്തെ കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ആരംഭിച്ചു. 590 വനിത യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തി മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആയുർവേദ രംഗത്തെ ഗവേഷണത്തിനായി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.