നികുതി ദായകര്‍ക്ക് സേവനങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിനായി ആദായ നികുതി വകുപ്പ് പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ അവതരിപ്പിക്കുന്നു. ജൂണ്‍ 7 മുതല്‍ പുതിയ പോര്‍ട്ടലായ www.incometax.gov.in പ്രവര്‍ത്തനമാരംഭിക്കും. പുതിയ പോര്‍ട്ടലിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ 6 വരെ നിലവിലെ പോര്‍ട്ടല്‍ ആയ www.incometaxindiaefiling.gov.in ലഭ്യമാകില്ല.
അതിനാല്‍ ഈ തീയതികളില്‍ അപേക്ഷ സമര്‍പ്പിക്കല്‍, രേഖകള്‍ അപ് ലോഡ് ചെയ്യല്‍, ഡൗണ്‍ ലോഡ് ചെയ്യല്‍ പോലെ ഓണ്‍ലൈനായി ചെയ്യാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ജോലികള്‍ ജൂണ്‍ 1 ന് മുമ്പായി പൂര്‍ത്തിയാക്കണം എന്ന് നികുതിദായകരോട് സിബിഡിറ്റി നിര്‍ദ്ദേശിച്ചു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് മുതല്‍ റീഫണ്ട് ലഭ്യമാക്കുന്നത് വരെയുള്ള നടപടികള്‍ വളരെ വേഗത്തിലും എളുപ്പത്തിലും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.
പുതിയ സംവിധാനം പരിചയപ്പെടുന്നതിന് നികുതിദായകര്‍ക്ക് സമയം ലഭിക്കേണ്ടതിനാല്‍ ജൂണ്‍ 10 ന് ശേഷം മാത്രമായിരിക്കും അനുയോജ്യമായ തീയതികള്‍ നിശ്ചയിക്കുക എന്നും സിബിഡിറ്റി അറിയിച്ചു.നികുതി ദായകര്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം ഒഴിവാക്കുന്നതിനായി ഈ ആറ് ദിവസങ്ങളില്‍ പരാതികള്‍ കേള്‍ക്കുന്നത് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി തീയതി നിശ്ചയിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്.
∙നികുതി ദായകരുടെ തുടര്‍നടപടികള്‍ എളുപ്പമാക്കുന്നതിനായി ഇതിലെ എല്ലാ പരസ്‌പരപ്രവര്‍ത്തനങ്ങളും അപ്‌ലോഡുകളും പൂര്‍ത്തിയാകാതെ അവശേഷിക്കുന്ന നടപടികളും ഒരൊറ്റ ഡാഷ്‌ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
∙ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഐടി റിട്ടേണ്‍ തയ്യാറാക്കുന്നിതിനുള്ള സോഫ്‌റ്റ് വെയര്‍ ഇതില്‍ സൗജന്യമായി ലഭിക്കും.
∙നികുതി അടയ്‌ക്കുന്നത് അനായാസമാക്കുന്നതിനായി നികുതി ദായകരുടെ ഏത് ബാങ്കിലെയും ഏത് അക്കൗണ്ടില്‍ നിന്നും നെറ്റ് ബാങ്കിങ്, യുപിഐ, ക്രഡിറ്റ് കാര്‍ഡ്, ആര്‍ടിജിഎസ്,എന്‍ഇഎഫ്‌ടി എന്നിവ ഉപയോഗിച്ചുള്ള മള്‍ട്ടിപ്പിള്‍ പേമെന്റ് സംവിധാനത്തോടു കൂടിയ പുതിയ ഓണ്‍ലൈന്‍ ടാക്‌സ് പേമെന്റ് സംവിധാനം പുതിയ പോര്‍ട്ടലില്‍ ക്രമേണ പ്രവര്‍ത്തന ക്ഷമമാക്കും.