സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു ; പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി.വേണുവിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി.വേണു. ഫയർ ഫോഴ്സ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി. ഡിജിപി കെ.പത്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. ഷെയ്ഖ് ദർവേഷ് സാഹിബിന് 2024 ജൂലൈ 31 വരെ സർവീസുണ്ട്.

ഡോ. വി. വേണു

കോഴിക്കോട് കേന്ദ്രീയ വിദ്യാലയം, മലബാർ ക്രിസ്‌ത്യൻ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. എംബിബിഎസ് നേടിയ ശേഷം സിവിൽ സർവീസ് പരീക്ഷ പാസായി. മലയാളത്തിൽ ഒപ്പിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തൃശൂർ അസിസ്‌റ്റന്റ് കലക്‌ടറായാണ് ആദ്യ നിയമനം. ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്റെ അധികച്ചുമതല, കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) മാനേജിങ് ഡയറക്ടർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, എക്‌സൈസ് കമ്മിഷണർ, ഭക്ഷ്യ – സിവിൽ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള വി. വേണുവിന്റെ ഭാര്യ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്.

ഷെയ്ഖ് ദര്‍വേഷ് സാഹിബ്

കേരള കേഡറില്‍ എഎസ്‌പിയായി നെടുമങ്ങാട് സർവീസ് ആരംഭിച്ച ഷെയ്ഖ് ദര്‍വേഷ് സാഹിബ് വയനാട്, കാസകോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാൻഡന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സംഘടനയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.