ബിവറേജസ് ഔട്‍ലെറ്റുകൾ തുറക്കണം എന്ന് തന്നെയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് എംവി ഗോവിന്ദൻ

സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നയത്തെ കുറിച്ച് വ്യക്തത വരുത്തി എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. സർക്കാരിന് മദ്യവർജന നിലപാടാണ് ഉള്ളതെന്നും മദ്യനിരോധനമല്ല സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.മദ്യം കഴിക്കുന്നവർക്ക് കഴിക്കാം. കഴിക്കാത്തവർക്ക് കഴിക്കാതെയുമിരിക്കാം. അതേസമയം, മദ്യം യഥേഷ്ടം വീടുകളിലേക്ക് എത്തിച്ചുകൊടുക്കുക എന്ന നിലപാടില്ല. അദ്ദേഹം പറയുന്നു. ബെവ്‌കോ ആപ്പ് സംവിധാനം ഉപയോഗപ്പെടുത്തുമോ എന്ന ചോദ്യത്തിനു അത് ഫലപ്രദമാകുന്നില്ല എന്നുള്ളതാണ് കഴിഞ്ഞ തവണത്തെ അനുഭവമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അത് ഫലപ്രദമാകുന്ന ഒരു ഘട്ടം വന്നാൽ ആപ്പ് ഉപയോഗിക്കാവുന്നതാണ് എന്നും മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു.ഒരു മാസം തന്നെ ആയിരത്തിലധികം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. തുറക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. സർക്കാരിന്റെയും വകുപ്പിന്റെയും ആവശ്യം അതുതന്നെയാണ്. നമ്മളെ ആശ്രയിച്ചല്ല ഇക്കാര്യം നിൽക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തെ ആശ്രയിച്ചാണ്.

ഈ സാഹചര്യത്തിൽ മദ്യം വേറെ ഏതെങ്കിലും രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടാൽ വലിയ ആക്ഷേപം ജനങ്ങളിൽ നിന്നും നേരിടേണ്ടി വരും. എന്നാൽ മറുഭാഗത്ത് സാനിറ്റൈസർ കഴിച്ച് മരിച്ചുപോകുന്ന സാഹചര്യവും ഉണ്ട്. അദ്ദേഹം പറയുന്നു. സർക്കാരിന്റെ നിലപാട് അടിസ്ഥാനപ്പെടുത്തിയല്ല ബിവറേജസ് ഔട്‍ലെറ്റുകൾ തുറക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ലോക്ക്സഡൗൺ കാരണം കാരണമാണിത്. തുറക്കണം എന്ന് തന്നെയാണ് സർക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.