ബാങ്ക് വായ്പയെടുത്ത് കിടപ്പാടം ജപ്തിയായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് വി.എൻ.വാസവൻ

തിരുവനന്തപുരം: ബാങ്ക് വായ്പയെടുത്ത് കിടപ്പാടം ജപ്തിയായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. സഹകരണ ബാങ്കുകളുടെ പ്രവൃത്തി ദിവസം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും കേരള ബാങ്കിൽ ന്യൂജെൻ ബാങ്കുകളുടേതിന് തുല്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും പ്രാഥമിക സഹകരണ ബാങ്കുകളിലും ഓൺലൈൻ ഇടപാട് സൗകര്യം നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകലിളിലെ ലോൺ മാനുവൽ പരിഷ്കരിക്കുമെന്നും സ്വർണപണയവായ്പയുടെ പലിശ കുറയ്ക്കുന്ന കാര്യം പരി​ഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കിൽ ലയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രജിസ്ട്രേഷൻ വകുപ്പിൽ നടക്കുന്ന ഡിജിറ്റലൈസേഷൻ നടപടികളിൽ ആധാരമെഴുത്തുകാർ ആശങ്കപ്പെടേണ്ട അവരുടെ തൊഴിൽ സംരക്ഷിച്ച് മാത്രമേ ഡിജിറ്റലൈസൻ നടപ്പിലാക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കിടപ്പാടം ജപ്തിയാവുന്ന സാഹചര്യം ഒഴിവാക്കാൻ സഹകരണ നിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും വി.എൻ.വാസവൻ പറഞ്ഞു. രജിസ്ട്രേഷൻ ഓഫീസുകളിൽ ഒരു ജീവനക്കാരനെങ്കിലും ഉണ്ടാവും എന്ന് ഉറപ്പാക്കുമെന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ വൈകാതിരിക്കാൻ നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.