സഹപ്രവര്‍ത്തകയുമായുള്ള അതിരുവിട്ട ബന്ധങ്ങളാണ് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നുള്ള രാജിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിയുമ്പോള്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത്. എന്നാല്‍ അതിനപ്പുറത്തുള്ള കാരണങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചതെന്ന സൂചനകളാണ് ഈ വിവാദത്തോടെ പുറത്തുവരുന്നത്.മൈക്രോസോഫ്റ്റ് ബോര്‍ഡിന്റെ അന്വേഷണം പൂര്‍ത്തിയാകും മുൻപ് തന്നെ ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ നിന്നു രാജിവച്ചിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മൈക്രോസോഫ്റ്റ് ഉന്നതാധികാര സമിതിയില്‍ ബില്‍ഗേറ്റ്‌സ് തുടരുന്നതിനെ മൈക്രോസോഫ്റ്റ് ബോര്‍ഡ് എതിര്‍ത്തിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇതാണ് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റില്‍ നിന്നുള്ള രാജിക്ക് കാരണമായതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.വിവാദ വിഷയത്തില്‍ 2019ല്‍ തന്നെ മൈക്രോസോഫ്റ്റ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തനിക്ക് ബില്‍ഗേറ്റ്‌സുമായി വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന മൈക്രോസോഫ്റ്റ് എൻജിനീയറുടെ കത്താണ് വിവാദത്തിനും തുടര്‍ന്ന് ഔദ്യോഗിക അന്വേഷണത്തിനും കാരണമായത്. മൈക്രോസോഫ്റ്റിനു പുറത്തുനിന്നുള്ള അന്വേഷണ ഏജന്‍സിയാണ് വിഷയം അന്വേഷിച്ചത്.
അന്വേഷണകാലയളവില്‍ ആരോപണം ഉന്നയിച്ച ജീവനക്കാരിക്ക് വേണ്ട പിന്തുണ മൈക്രോസോഫ്റ്റ് നല്‍കിയിരുന്നുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയിലുണ്ട്.മെയ് മൂന്നിനാണ് ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി മെലിന്‍ഡ അപേക്ഷ നല്‍കിയത്. ‘തിരിച്ചെടുക്കാനാവാത്തവിധം തകര്‍ന്നുപോയി’ എന്നാണ് വിവാഹ മോചന അപേക്ഷയില്‍ മെലിന്‍ഡ പറഞ്ഞിരുന്നത്. അതേസമയം എന്താണ് ബന്ധം വേര്‍പ്പെടുത്താനുള്ള കാരണമെന്ന് കൃത്യമായി അപേക്ഷയില്‍ പറഞ്ഞിരുന്നുമില്ല. കൗമാരക്കാരികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത് കുപ്രസിദ്ധനായ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള ബില്‍ ഗേറ്റ്‌സിന്റെ ബന്ധമടക്കം വിവാഹമോചനത്തിന് കാരണമായെന്ന നിലയില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരുകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നനായിരുന്ന ബില്‍ ഗേറ്റ്‌സ് ഇപ്പോള്‍ ലോകസമ്പന്നരുടെ പട്ടികയില്‍ നാലാമതുണ്ട്. ഏതാണ്ട് 100 ബില്യണ്‍ ഡോളറാണ് (ഏതാണ്ട് 7.32 ലക്ഷം കോടി രൂപ) ബില്‍ ഗേറ്റ്‌സിന്റെ സമ്പാദ്യമായി കണക്കാക്കുന്നത്. ‘തന്റെ ജീവനക്കാരുമായി ചോദ്യം ചെയ്യപ്പെടേണ്ട വിധത്തിലുള്ള ബന്ധമാണ്’ ബില്‍ ഗേറ്റ്‌സ് പുലര്‍ത്തിയിരുന്നതെന്ന് നേരത്തെ ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൈക്രോസോഫ്റ്റിലേയും ബില്‍ ആൻഡ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷനിലേയും വനിതാ സഹപ്രവര്‍ത്തകരുമായി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ ബില്‍ ഗേറ്റ്‌സ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ബില്‍ ഗേറ്റ്‌സുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

