മണിപ്പൂർ കലാപത്തിന് പിന്നിൽ രാജ്യത്തിന് പുറത്തുള്ള ശക്തികളാകാം എന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ്. ‘മ്യാന്മറുമായി മണിപ്പുര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനയും സമീപത്തുണ്ട്. അതിര്‍ത്തിയിലെ 398 കിലോമീറ്ററോളം കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പ്രദേശമാണ്.
അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവനും അവര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യമാണ്’- വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അദ്ദേഹം രാജിവെക്കുമെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടുകയും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

