പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് യുജിസി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് യുജിസി. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുജിസി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. യുജിസി ചട്ടത്തിൽ നിഷ്‌കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും യുജിസി ഹർജിയിൽ പറയുന്നു.

ആവശ്യമായ അദ്ധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന്റെ റാങ്ക് പട്ടികയിൽ പ്രിയയുടെ അദ്ധ്യാപന പരിചയം യുജിസി ചട്ടങ്ങൾക്ക് വിധേയമല്ലെന്നായിരുന്നു സിംഗിൽ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. വിധിക്കെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്നും അനുകൂല വിധി ഉണ്ടായത്. ഇതിനെതിരെയാണ് ഇപ്പോൾ യുജിസി സുപ്രീം കോടതിയെ സമീപിച്ചത്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്ന് യുജിസി നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു.