കൊച്ചി: സൈബർ തട്ടിപ്പുകൾക്കെതിരെ കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. 76 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ലാപ്പ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ വൻ ശേഖരം റെയ്ഡിൽ പിടിച്ചെടുത്തു.
100 കോടി രൂപയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പും സിബിഐ കണ്ടെത്തി. ‘ഓപ്പറേഷൻ ചക്ര 2’ എന്ന പേരിലായിരുന്നു റെയ്ഡ് നടന്നത്. സ്വകാര്യ, ദേശീയ, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചായിരുന്നു റെയ്ഡ്. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ബിഹാർ, ഡൽഹി, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പരിശോധന നടന്നു.
പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ 32 മൊബൈൽ ഫോണുകൾ, 48 ലാപ്പ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ, 33 സിം കാർഡുകൾ, പെൻഡ്രൈവുകൾ എന്നിവ ഉൾപ്പെടുന്നു.നിരവധി ബാങ്ക് അക്കൗണ്ടുകൾ സിബിഐ മരവിപ്പിക്കുകയും ചെയ്തു. അതേസമയം, ഓപ്പറേഷൻ ചക്രയിലൂടെ ശേഖരിച്ച വിവരങ്ങൾ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറുമെന്നാണ് സിബിഐ വ്യക്തമാക്കിയിട്ടുള്ളത്.
സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 15 ഇ മെയിൽ അക്കൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. ആഗോള ഐടി കമ്പനി, ബഹുരാഷ്ട്ര ഓൺലൈൻ വ്യാപാര സ്ഥാപനം എന്നീ വ്യാജേന അഞ്ച് സംസ്ഥാനങ്ങളിൽ ഒമ്പത് കോൾ സെന്ററുകൾ നടത്തിയിട്ടുണ്ടെന്നും റെയ്ഡിൽ തെളിഞ്ഞു.

