വിഴിഞ്ഞം; ചെെനീസ് കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിന് അനുമതി, മുഴുവൻ ജീവനക്കാർക്കും കരയിലിറങ്ങാം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകൾ ഇറക്കുന്നതിന് അനുമതി ലഭിച്ചു. ഷാൻഗായ് പിയുടെ കപ്പലായ ഷെൻ ഹുവ 15ലെ മുഴുവൻ ജീവനക്കാർക്കും കരയിലിറങ്ങാമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പൽ തീരമണഞ്ഞെങ്കിലും ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് കപ്പലിൽ നിന്ന് തുറമുഖത്തെ ബർത്തിലേയ്ക്ക് ഇറങ്ങാനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് കരയിലേക്ക് ഇറങ്ങാനുള്ള അനുമതി ലഭിച്ചത്. ചില സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അറിയിച്ചു.

ആദ്യം എഫ്ആർആർഒ അനുമതി ലഭിച്ചത് കപ്പലിലെ രണ്ടു പേർക്കായിരുന്നു. പിന്നീട് കപ്പലിലെ മുഴുവൻ ജീവനക്കാർക്കും അനുമതി നൽകിയതായി അധികൃതർ വ്യക്തമാക്കി. മുംബൈയിൽ നിന്നുള്ള കമ്പനിയുടെ വിദഗ്ദ്ധർ ഉടനെയെത്തും. കാലാവസ്ഥ കൂടി അനുകൂലമായാൽ വിഴിഞ്ഞത്ത് കപ്പലിൽ നിന്ന് ക്രെയിൻ ബർത്തിൽ ഇറക്കുമെന്നും മന്ത്രി വിശദീകരിച്ചു.

കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷൻ ക്ലിയറൻസിനായി അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും സമ്മർദ്ദം ശക്തമാക്കിയിരുന്നു. നിലവിൽ വിഴിഞ്ഞത്ത് കടൽ പ്രക്ഷുബ്ദമാണ്. കാലാവസ്ഥ അനുകൂലമായാലെ ക്രെയിൻ ഇറക്കുന്ന നടപടി ആരംഭിക്കാൻ കഴിയൂ.