ബിഹാറിലെ ജാതി സെന്‍സസ്; വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ജാതി സർവേയുടെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബിഹാർ സർക്കാരിനെ വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ബിഹാർ സർക്കാർ നടത്തിയ ജാതി അധിഷ്ഠിത സർവേയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് അടുത്ത വർഷം ജനുവരിവരെ സുപ്രീം കോടതി മാറ്റിവെയ്ക്കുകയും ചെയ്തു. ഏതെങ്കിലുമൊരു സർക്കാർ എടുക്കുന്ന തീരുമാനം തങ്ങൾക്ക് തടയാനാകില്ലെന്നാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

ബിഹാർ സർക്കാർ ജാതി സെൻസസ് പ്രസിദ്ധീകരിച്ചത് ഈ ആഴ്ച ആദ്യമാണ്. മുതിർന്ന അഭിഭാഷക അപരാജിത സിങ് ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. 21-ാം അനുച്ഛേദം പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ സ്വകാര്യതയ്ക്കുള്ള അവകാശം അംഗീകരിച്ച കെ എസ് പുട്ടസ്വാമിയുടെ വിധിക്ക് വിരുദ്ധമാണ് ജാതി വിവരങ്ങൾ തേടാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനമെന്ന് അപരാജിത സിംഗ് കോടതിയിൽ അറിയിച്ചു.

വിഷയം ദീർഘമായി കേൾക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജികളിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.