ന്യൂഡൽഹി: സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ പുതിയ നടപടി.
വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. പുതിയ ഉത്തരവ് വന്നതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണമായി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഖ്യ പ്രചരണായുധമായി ബിജെപി മുന്നോട്ടുവയ്ക്കുന്നത് വനിതാക്ഷേമ പദ്ധതികളാണ്. മുഖ്യമന്ത്രി കന്യാധാൻ യോജന പദ്ധതി, സ്ത്രീകൾക്ക് 1000 മുതൽ 1250 രൂപ വരെ നൽകുന്ന ലാഡ്‌ലി ബെഹ്ന യോജന എന്ന പദ്ധതികൾ നേരത്തെ മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

