ശരത് പവാർ ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമിച്ചു; ആരോപണങ്ങളുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ ആരോപണങ്ങളുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ശരത് പവാർ ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനു പവാർ നിർദേശിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബിജെപിയായിരുന്നു 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന, മുഖ്യമന്ത്രി പദത്തെ ചൊല്ലി മുന്നണി വിട്ടതോടെ പ്രതിസന്ധിയായി. ഈ അവസരത്തിൽ സർക്കാരുണ്ടാക്കാമെന്ന വാഗ്ദാനവുമായി എൻസിപി സമീപിച്ചെന്നാണു ഫഡ്‌നാവിസ് വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്നും ഈ പശ്ചാത്തലത്തിൽ ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കുന്നതിനെപ്പറ്റി എൻസിപി അണികളെയും നേതാക്കളെയും ബോധ്യപ്പെടുത്താമെന്നും പവാർ നിർദേശിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.