ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ല; നിയമങ്ങൾ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്ന് ന്യൂസ് ക്ലിക്ക്

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന പൊലീസിന്റെ ആരോപണങ്ങൾ നിഷേധിച്ച് ന്യൂസ് ക്ലിക്ക്. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നാണ് ന്യൂസ് ക്ലിക്ക് വ്യക്തമാക്കുന്നത്. രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് അറിയിച്ചു.

ചൈനീസ് താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയിട്ടില്ല. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിലുണ്ടെന്ന് ന്യൂസ് ക്ലിക്ക് വിശദീകരിച്ചു. പ്രസ്താവനയിലൂടെയാണ് ഓൺലൈൻ പോർട്ടൽ ന്യൂസ് ക്ലിക്ക് ഇക്കാര്യം അറിയിച്ചത്. ചൈനീസ് താൽപര്യമുള്ള ലേഖനമോ, വീഡിയോയോ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ല. ആർബിഐയുടെ നിയമങ്ങൾ അനുസരിച്ചാണ് ഫണ്ടുകൾ കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് കൂട്ടിച്ചേർത്തു.

അതേസമയം, ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടൽ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മാധ്യമ പ്രവർത്തകർ കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്ന് കത്തിൽ മാധ്യമ പ്രവർത്തകർ വ്യക്തമാക്കുന്നു.

വിഷയത്തിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വെയ്ക്കുന്നു. ഒരു മുന്നറിയിപ്പും കൂടാതെ പുലർച്ചെ വീടുകളിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പിടിച്ചെടുത്തു. കടുത്ത മനുഷ്യാവകാശ ലംഘനവും, തൊഴിൽ അവകാശങ്ങളുടെ ലംഘനവും നടന്നുവെന്ന് കത്തിൽ പറയുന്നു.

പ്രതികാര നടപടിക്ക് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. കുറ്റം എന്തെന്ന് കൃത്യമായി ബോധിപ്പിക്കാതെയുള്ള ചോദ്യം ചെയ്യൽ അവസാനിപ്പിക്കണം. ഔദ്യോഗിക, സ്വകാര്യ വിവരങ്ങൾ ഉള്ള മൊബൈൽ ഫോണും, ലാപ്പ് ടോപ്പും പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണം. ഇതിനായി നിയമം കൊണ്ടുവരണം. തെറ്റായ ദിശയിൽ അന്വേഷണം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, അടിയന്തര ഇടപെടൽ വേണമെന്നും മാധ്യമ പ്രവർത്തകർ ചീഫ് ജസ്റ്റിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.