സുവർണ്ണാവസരം; വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾ സ്‌പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. 15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.

അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാത്രംമാണ്. രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാത്രമായിരിക്കും. വൈദ്യുതി കുടിശ്ശികകൾക്ക് ഉള്ള പലിശകൾ 6 തവണകളായി അടയ്ക്കാൻ അവസരമുണ്ട്. മുഴുവൻ വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ ഒറ്റത്തവണയായി തീർപ്പാക്കിയാൽ ആകെ പലിശ തുകയിൽ 2% അധിക ഇളവും ലഭിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈ സുവർണ്ണാവസരം പരിമിതകാലത്തേക്കു മാത്രമായിരിക്കും ലഭിക്കുക. വിശദ വിവരങ്ങൾക്ക് കെഎസ്ഇബിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.