തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15-ന് എത്തും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 15 ന് വൈകിട്ട് മൂന്നു മണിക്ക് കപ്പൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ നാലിനായിരുന്നു ആദ്യം ഉദ്ഘാടന തീയതി നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയിൽ കുറവു വന്നതനുസരിച്ചു ഗുജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയിൽ മാറ്റം വന്നത്. 13നോ 14നാ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി വിശദീകരിച്ചു.
സ്വപ്ന പദ്ധതിയുടെ പൂർത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകർഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകൾ എത്തിക്കുന്നതിലുള്ള തടസങ്ങൾ നീക്കുമെന്നും തമിഴ്നാടുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

