ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണം; തുർക്കി പ്രസിഡന്റ്

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ (യുഎൻഎസ്സി) ഭാരതത്തെ സ്ഥിരാംഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. സ്ഥിരാംഗത്വത്തിനായുളള ഭാരതത്തിന്റെ പരിശ്രമങ്ങൾക്ക് തുർക്കി പൂർണ്ണ പിന്തുണ നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തെപ്പോലുള്ള ഒരു രാജ്യം യുഎൻ സുരക്ഷാ സമിതിയിൽ ഉളളതിൽ തങ്ങൾ അഭിമാനിക്കും. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമല്ല അതിന്റെ ഭാഗം. ഐക്യരാഷ്ട്ര സഭയിലെ മുഴുവൻ അംഗരാജ്യങ്ങളും സുരക്ഷാസമിതിയുടെ ഭാഗമാണെന്നാണ് തങ്ങൾ കരുതുന്നത്. 195 അംഗരാജ്യങ്ങൾക്കും ഭാഗമാകാൻ കഴിയുന്ന ഒരു റോട്ടേഷൻ സംവിധാനം സുരക്ഷാ സമിതിയിൽ രൂപീകരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വിശദീകരിച്ചു.

തുർക്കിയും ഭാരതവും തമ്മിലുളള വ്യാപാര ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുളള തുർക്കിയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഭാരതം. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം സമ്പദ് വ്യവസ്ഥയിൽ ഉൾപ്പെടെയുളള വിവിധമേഖലകളിൽ പ്രയോജനപ്പെടുത്താൻ കഴിയും. വിജയകരമായ ജി20 അദ്ധ്യക്ഷ പദവി വഹിച്ച ഭാരതത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.