ന്യൂഡൽഹി: മറ്റുരാജ്യങ്ങളെ ആക്രമിക്കരുതെന്നും ആണവായുധങ്ങൾ പ്രയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജി20 യോഗത്തിൽ നേതാക്കൾ. നേതാക്കന്മാരുടെ പ്രഖ്യാപനം എന്ന് പേരിട്ടിരിക്കുന്ന സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യുക്രൈനുമായുള്ള സംഘർഷത്തിൽ റഷ്യയെ പേരെടുത്ത് പറയാതെയായിരുന്നു ഈ പരാമർശം.
ഐക്യരാഷ്ട്രസംഘടനയുടെ ഉദ്ദേശങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി എല്ലാരാജ്യങ്ങളും പ്രവർത്തിക്കണമെന്നായിരുന്നു യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശം. യുഎൻ. ചാർട്ടറിന് അനുസരിച്ച്, മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായി ഭൂപ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമവും ഭീഷണികളും ബലപ്രയോഗവും അവസാനിപ്പിക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു. ആണവായുധങ്ങളുടെ ഉപയോഗം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ വിശദമാക്കിയിട്ടുണ്ട്.
ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ല. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിക്കുകയും യുക്രൈനിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതം ചെയ്യുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

