ഹൈദരാബാദ്: ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. 371 കോടിയുടെ സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതി അഴിമതിക്കേസിലാണ് നടപടി. കേസിൽ ചന്ദ്രബാബുവിനെ ഒന്നാം പ്രതിയാക്കിയെന്ന് സ്ഥിരീകരിച്ച് സിഐഡി വിഭാഗം രംഗത്തെത്തി.
കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 11 മണിക്കൂറോളം നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തിരുന്നു. നായിഡുവിന് 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.
നായിഡുവിന്റെ പിഎ പെൻദ്യല ശ്രീനിവാസും ഷെൽ കമ്പനി പ്രതിനിധികൾ എന്ന് സംശയിക്കപ്പെടുന്നവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടി ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫയൽ കുറിപ്പിനെക്കുറിച്ചും ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും, ഇല്ല, അറിയില്ല, ഓർമയില്ല എന്നായിരുന്നു നായിഡു നൽകിയ മറുപടി.

