സോളാർ ബലാത്സംഗക്കേസ്; പുതിയ വെളിപ്പെടുത്തലുമായി പി സി ജോർജ്

കോട്ടയം: സോളാർ ബലാത്സംഗക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പി സി ജോർജ്. കേസിൽ ഉമ്മൻചാണ്ടിക്കെതിരെ നൽകാനുള്ള മൊഴി പരാതിക്കാരി എഴുതിനൽകിയെന്നാണ് പി സി ജോർജ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉമ്മൻചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും പി സി ജോർജ് അറിയിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ആദ്യം താൻ സംശയിച്ചു. എന്നാൽ, അവർ പറഞ്ഞ സാഹചര്യം വെച്ച് തെറ്റിദ്ധരിച്ചുപോയി. കാലഹരണപ്പെട്ടുപോയ വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പക്ഷേ സംഭവം തെറ്റാണെന്ന് പറഞ്ഞു. ഉമ്മൻചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകി. പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സിബിഐക്ക് വിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ബി.ഐ. അന്വേഷണം ആയപ്പോൾ ഈ സ്ത്രീ ഇവിടെ വന്നു, പർദ്ദയൊക്കെ ധരിച്ച് ആരും കാണാതെയാണ് വന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു, ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്, സാറൊന്ന് സഹായിക്കണമെന്ന് തന്നോട് പറഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോൾ, ഇതുപോലെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നുവെന്നും പി സി ജോർജ് പറഞ്ഞു.

താനൊന്നും മിണ്ടിയില്ല, കാരണം അവരോട് പിണങ്ങാൻ കഴിയില്ല. അവർ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്, അതാണ് തനിക്ക് അവരോട് സഹതാപം. താനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സി.ബി.ഐ. ഉദ്യോഗസ്ഥർ വന്നു, പരാതി വസ്തുതാവിരുദ്ധമാണെന്ന് താൻ പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച് വൈരാഗ്യം തീർത്തതാണ് എന്ന് പറഞ്ഞ്, അവർ എഴുതിത്തന്ന കടലാസ് എടുത്ത് സി.ബി.ഐ. ഉദ്യോഗസ്ഥർക്ക് കൊടുത്തു. അതുവായിച്ചപ്പോൾ താൻ പറഞ്ഞത് സത്യമാണെന്ന് അവർക്ക് മനസിലായെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.