ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വമ്പൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്ന് ലോകബാങ്ക് റിപ്പോർട്ട്. 50 വർഷം കൊണ്ട് നേടേണ്ട പുരോഗതി, മോദി ഭരണത്തിന് കീഴിൽ 6 വർഷംകൊണ്ട് നേടിയെന്നും ലോകബാങ്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോകബാങ്ക് തയ്യാറാക്കിയ ജി20 ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡോക്യുമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് 6 വർഷംകൊണ്ട് രാജ്യം കൈവരിച്ച ഈ പുരോഗതിയുടെ ഒരു പ്രധാന ഘടകം. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ രൂപപ്പെടുത്തുന്നതിന് മോദി സർക്കാർ സ്വീകരിച്ച മികച്ച നടപടികളും സർക്കാർ നയങ്ങളും ഡോക്യുമെന്റിൽ ഉയർത്തിക്കാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ധന് യോജനയുടെ മുന്നേറ്റത്തെ കുറിച്ചും റിപിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജൻ ധൻ പ്ലസ് പ്രോഗ്രാമിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കുറഞ്ഞ വരുമാനമുള്ള സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷാ നൽകുന്ന പദ്ധതിയാണിത്. 1.3 ബില്യണിലധികം ആളുകളെ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്‌ഫോമായ ആധാറിനെ കുറിച്ചും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയുടെ യുപിഐ പേയ്മെന്റ് സംവിധാനത്തെക്കുറിച്ചും റിപ്പോർട്ടിൽ വിശദമാക്കുന്നു. യുപിഐ വഴിയാണ് ആഗോള തത്സമയ പേയ്മെന്റുകളുടെ 45 ശതമാനം നടക്കുന്നത്. 2023 മെയ് മാസത്തിൽ മാത്രം 14.89 ട്രില്യൺ രൂപ മൂല്യമുള്ള 9.41 ബില്യണിലധികം ഇടപാടുകൾ യുപിഐ വഴി നടന്നിട്ടുണ്ട്.

