ന്യൂഡൽഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനും ഡിഎംകെ നേതാവ് എ രാജക്കും എതിരെ സുപ്രീം കോടതിയിൽ ഹർജി. വിനീത് ജൻഡലെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സനാതന ധർമ്മ പരാമർശവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ ഹർജി സമർപ്പിച്ചത്. ഇരുവരും വിദ്വേഷ പ്രസംഗം നടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം, സനാതന ധർമ്മ വിവാദമുയർത്തിയ മകൻ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് ഉദയനിധിയുടെ അച്ഛനും തമിഴ് നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദയനിധിക്ക് മറുപടി നൽകണമെന്ന മോദിയുടെ നിർദേശം നിരാശാജനകമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരാമർശം ബോധപൂർവമോ കാര്യങ്ങൾ അറിയാതെയോയാണ്. മോദിയുടേത് രാഷ്ട്രീയ ഗിമ്മിക്കാണ്. വംശഹത്യ എന്ന വാക്ക് ഉദയനിധി ഒരിടത്തും പറഞ്ഞിട്ടില്ല. വിഷയത്തിൽ ഉദയനിധി വിശദീകരിച്ചിട്ടും നുണപ്രചാരണം നിർത്തുന്നില്ല. സനാതനധർമത്തിലെ ജാതി വിവേചനം ഇവർക്ക് പ്രശ്നമല്ല. ചന്ദ്രയാന്റെ കാലത്തും ഇവർക്ക് ജാതി വിവേചനം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

