ന്യൂഡൽഹി: ഉദയ നിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സർവ ധർമ സമഭാവനയാണ് കോൺഗ്രസിനുള്ളതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉദയനിധി സ്റ്റാലിന്റെ പരാമർശം അപലപനീയവും ലജ്ജാകരവുമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി .എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത്. എന്തുകൊണ്ടാണ് മല്ലികാർജുൻ ഖാർഗെയും നിതീഷ് കുമാറും മമത ബാനർജിയും മിണ്ടാത്തതെന്നും വോട്ടിന് വേണ്ടി ഹിന്ദുക്കളുടെ വികാരം വച്ചു കളിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. സ്നേഹത്തിന്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വയ്ക്കുന്ന അഖണ്ഡതയുടെ സന്ദേശമാണോ ഡി.എം.കെ നേതാവ് പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഗണപതി മിത്താണെന്ന് പറയുന്ന എ എൻ ഷംസീറിൻറെ അതേ വാചകമാണ് മറ്റൊരു തരത്തിൽ ഉദയനിധി സ്റ്റാലിൻ പറയുന്നതും. അതേ അഭിപ്രായം തന്നെയാണോ രാഹുൽ ഗാന്ധിയ്ക്കും പിണറായി വിജയനുമുള്ളതെന്നും മുരളീധരൻ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ നടക്കുന്ന, ഭാരതപൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്ന് ഇവർ മനസിലാക്കിയാൽ കൊള്ളാം. ഉദയനിധി സ്റ്റാലിന്റെ കുടുംബ പാർട്ടിക്കാർ 2ജിയും കൽക്കരിയുമടക്കം നടത്താവുന്ന അഴിമതിയെല്ലാം നടത്തി ഈ രാജ്യത്തെ കൊള്ളയടിച്ച കാലം അല്ലിത്. ഇത് സദ്ഭരണത്തിന്റെ അമൃതകാലം ആണെന്ന് വി മുരളീധരൻ അറിയിച്ചു.

