തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ കേസിൽ ഇഡിയ്ക്ക് മൊഴി നൽകിയതിന് പിന്നാലെ വിവാദങ്ങളിൽ നിറയുകയാണ് നടി നവ്യാ നായർ. മുംബൈയിൽ തന്റെ റെസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് സച്ചിൻ സാവന്തുമായുള്ള പരിചയമെന്നാണ് നവ്യാ നായർ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ, ഈ വാർത്തകൾക്ക് പിന്നാലെ വലിയ സൈബർ ആക്രമണമാണ് താരം നേരിടേണ്ടി വന്നത്. നിരവധി പേർ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ നവ്യയ്ക്ക് പിന്തുണ നൽകി ഒരു ആരാധകൻ പങ്കുവച്ച സ്റ്റോറി നവ്യഷെയർ ചെയ്തിരിക്കുകയാണ്. നടിയുടെ മറ്റ് നിരവധി ആരാധകരും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ഒരു സ്ത്രീ ഇരയായി എത്തുമ്പോൾ അവരുടെ മാതാപിതാക്കളും പങ്കാളിയും കുട്ടികളും എല്ലാം വേദനിക്കുന്നത് സങ്കടകരമാണ്. ഇരയെ സൈബർ ഇടങ്ങളിൽ അപമാനിക്കുന്നത് തീർത്തും പരിതാപകരമായ കാര്യമാണ്. നെല്ലും പതിരും തിരിക്കാതെയാണ് ഓരോ വ്യാജപ്രചരണങ്ങളും നടക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇത്തരം പ്രചാരണങ്ങൾക്കിടിൽ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മനസമാധാനം തന്നെ നഷ്ടമാകും. ഒരു വാർത്തയിൽ കൂടി ഇരയെ കീറിമുറിക്കുമ്പോൾ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓർക്കണമെന്നും ആരാധകൻ കുറിപ്പിൽ പറയുന്നു.

