സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്; ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത്ഷാ. സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ‘സനാതന ധർമ്മം’ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി പറയുന്നു. സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് പറയുന്നത് നരേന്ദ്രമോദി ജയിച്ചാൽ ഹിന്ദു രാജ്യം വരുമെന്നാണ്. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ല. രാഹുൽ ഗാന്ധി പറഞ്ഞത് ലഷ്‌കർ-ഇ-ത്വയ്ബയേക്കാൾ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്നാണ്. ഇവർ നിരന്തരം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും ഹിന്ദു സംഘടനകളെയും അവഹേളിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.