ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു; ആദ്യ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിലെ കക്രപാർ ആണവനിലയമാണ് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യ ഇതിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ഏറ്റവു വലിയ 700 മെഗാവാട്ട് കക്രപ്പാർ ആണവനിലയം യൂണിറ്റ്3 ഗുജറാത്തിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. നമ്മുടെ എൻജിനീയർമാർക്കും ശാസ്ത്രജ്ഞർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 30 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കക്രപാർ നിലയത്തിലെ റിയാക്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ അതിന്റെ 90 ശതമാനത്തിലാണ് പ്രവർത്തിച്ചിരുന്നത്.