പാക്കിസ്ഥാനിൽ ടി ടി പി തീവ്രവാദികളുടെ ചാവേർ ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു

കറാച്ചി : വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിൽ തീവ്രവാദികളുടെ ചാവേർ ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടു. അൽഗ്വയ്‌തയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ സംഘടനയാണ് പാകിസ്താനിലെ അങ്ങോളമിങ്ങോളമുള്ള ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെയുള്ള ടിടിപി യുടെ ചാവേർ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു.

ബന്നു ജില്ലയിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ ബൈക്കിൽ എത്തിയ അക്രമി സൈന്യത്തിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു എന്ന് സൈനിക മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻ പറഞ്ഞു. ബൈക്ക് ഇടിച്ചു കയറിയ വാഹനവ്യൂഹത്തിലെ 9 സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് പരിയ്ക്കേൽക്കുകയും ചെയ്തതായും സൈനിക മാധ്യമം റിപ്പോർട്ട് ചെയ്തു. നിരോധിത സംഘടനയായ ടിടിപി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവം നടന്നയുടൻ സൈന്യം പ്രദേശം വളഞ്ഞു. സ്ഫോടനം നടത്തിയവരെ പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്‌സിൽ താത്കാലിക പ്രധാനമന്ത്രി അൻവറുൾ ഹാഖ് കാക്കർ ആക്രമണത്തെ അപലപിച്ചു. ഇത്തരം പ്രവർത്തികൾ അപലപനീയമാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തോടൊപ്പമാണ് താനെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അടുത്തിടെ നിരവധി നിരോധിത ഭീകര സംഘടനകളുടെ കൂട്ടത്തോടെയുള്ള ആക്രമണം പാകിസ്ഥാനെ വല്ലാതെ ബാധിച്ചിരുന്നു. നിരോധിത തീവ്രവാദ സംഘടനകളുടെ ഒരു കൂട്ടമായാണ് 2007 ൽ ടിടിപി സ്ഥാപിച്ചത്.

അടുത്തിടെ സംഘർഷഭരിത മേഖലയായ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ ടിടിപി തീവ്രവാദികൾ പോലീസ് ചെക്ക് പോയിന്റ് ആക്രമിക്കുകയും 2 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫെബ്രുവരിയിൽ ടിടിപി പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ കറാച്ചിയിലെ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ ഇടിച്ചു കയറി ആക്രമണം നടത്തി. അതിൽ 2 പോലീസ് കോൺസ്റ്റബിൾ അടക്കം 4 പേർ കൊല്ലപ്പെട്ടു. 2014 ൽ പെഷവാറിലെ ആർമി സ്കൂളിൽ 130 വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലും ടിടിപിയാണ്.