കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രതിചേർത്തു. കേസിൽ പോലീസ് വെള്ളിയാഴ്ച കോടതിക്കു റിപ്പോർട്ട് നൽകും. പന്തീരാങ്കാവു സ്വദേശിനി കെ.കെ.ഹർഷിനയുടെ വയറ്റിലാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത്. 2017 നവംബർ 30നാണ് ഹർഷീനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടത്തിയ സംഘത്തിലെ അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റസിഡന്റ്, 2 നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഹർഷിനയുടെ പരാതി പ്രകാരം നിലവിലെ എഫ്ഐആറിൽ ഉൾപ്പെട്ട മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സൂപ്രണ്ട്, 2017, 2022 കാലത്ത് യൂണിറ്റ് മേധാവികളായിരുന്ന 2 ഡോക്ടർമാർ എന്നിവരുടെ പേരുകൾ ഒഴിവാക്കാനും കുന്നമംഗലം കോടതിയിൽ റിപ്പോർട്ടു നൽകും. രണ്ടും ഒരുമിച്ചാണ് കോടതിയ്ക്ക് നൽകുക.
മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അഞ്ചുമാസം കൊണ്ടാണു പൊലീസ് അന്വേഷണം നടത്തി കോടതിക്കു റിപ്പോർട്ട് നൽകുന്നത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും തുടർ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നു.

